ജിയോ പ്ലാറ്റ്ഫോമുകളില്‍ 9093.60 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി മുബാദല ഇന്‍വെസ്റ്റ്മെന്റ്

റിലയന്‍സ് ജിയോയില്‍ 9093.60 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നുവെന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുബാദല ഇന്‍വെസ്റ്റ്മെന്റ്. പുതിയ പ്രഖ്യാപനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ജിയോയുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമാകും. മുബാദലയുടെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമിലെ 1.85 ശതമാനം ഓഹരികളിലേക്ക് മാറ്റും.

ഇതോടെ കഴിഞ്ഞ രണ്ടു മാസത്തില്‍ ജിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് 87,655.35 കോടിരൂപയുടെ നിക്ഷേപമാണ് എത്തിയത്. ഫെയ്‌സ്ബുക്ക്, സില്‍വര്‍ ലെയ്ക്ക്, വിസ്ത, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബാദല എന്നിവരാണ് ഇതുവരെ ജിയോയില്‍ നിക്ഷേപം നടത്തിയ ഭീമന്മാര്‍.

''ലോകത്തെ പ്രമുഖ ഡിജിറ്റല്‍ രാഷ്ട്രമായി മാറുന്നതിനുള്ള ഡിജിറ്റല്‍ വളര്‍ച്ചയെ മുന്നോട്ട് നയിക്കാനുള്ള ഞങ്ങളുടെ യാത്രയില്‍ പങ്കാളികളാകാന്‍ ഏറ്റവും മികച്ചതും പരിവര്‍ത്തനപരവുമായ ആഗോള വളര്‍ച്ചാ നിക്ഷേപകരിലൊരാളായ മുബാദല തീരുമാനിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. അബുദാബിയുമായുള്ള എന്റെ ദീര്‍ഘകാല ബന്ധത്തിലൂടെ, യുഎഇയുടെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിലും ആഗോളതലത്തില്‍ ബന്ധിപ്പിക്കുന്നതിലും മുബാദലയുടെ പ്രവര്‍ത്തനത്തിന്റെ സ്വാധീനം വ്യക്തിപരമായി കണ്ടതാണ്. മുബാദലയുടെ അനുഭവത്തില്‍ നിന്നും ലോകമെമ്പാടുമുള്ള വളര്‍ച്ചാ യാത്രകളെ പിന്തുണയ്ക്കുന്നതില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകളില്‍ നിന്നും പ്രയോജനം നേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, '- റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

ഇതിനോടകം തന്നെ ഇന്ത്യയിലെ ആശയവിനിമയങ്ങളും കണക്റ്റിവിറ്റിയും എങ്ങനെ ജിയോ മാറ്റിമറിച്ചുവെന്ന് തങ്ങള്‍ക്ക് ബോധ്യമായി. ഒരു നിക്ഷേപകനും പങ്കാളിയും, ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചാ യാത്രയെ പിന്തുണയ്ക്കുന്നതിലുള്ള പങ്ക് മനസ്സിലാക്കിയാണ് പുതിയ നിക്ഷേപമെന്ന് മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഖല്‍ദൂണ്‍ അല്‍ മുബാറക് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it