എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യവുമായി അദാനി ഗ്രൂപ്പ്

ആറ് വിമാനത്താവളങ്ങളുമായി കരാറിലേര്‍പ്പെട്ട് വ്യോമ ഗതാഗത ബിസിനസില്‍ കാലുറപ്പിച്ച ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള പ്രരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. വിദഗ്ധരുമായി കൂടിയാലോചിച്ച് താല്‍പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള പ്രഥമിക ചര്‍ച്ചകള്‍ അദാനി ഗ്രൂപ്പ് ആരംഭിച്ചെന്ന് കമ്പനി വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ സര്‍വീസുകള്‍ നടത്തുന്ന ടാറ്റ ഗ്രൂപ്പാണ് ഈ രംഗത്ത് അദാനി ഗ്രൂപ്പിന്റെ മുഖ്യ എതിരാളി. 2018ല്‍ എയര്‍ ഇന്ത്യയുടെ 76 ഓഹരികളും വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബിഡ്ഡില്‍ പങ്കെടുക്കാന്‍ ആരും രംഗത്തെത്തിയില്ല. ഇതിനു പിന്നാലെയാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 232.87 ബില്യണ്‍ രൂപ കടം ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തയാറാകുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുമെന്ന് ജനുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് വിദഗ്ധരുമായി കൂടിയാലോചിച്ച് താല്‍പ്പര്യപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച പ്രാഥമിക വിലയിരുത്തലാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ നടത്തുന്നത്. ബിഡ്ഡിംഗ് പ്രക്രിയയെക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് വിശദീകരണം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ഇക്കാര്യത്തില്‍ വിപണിയിലെ ഊഹാപോഹങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദാനി ഗ്രൂപ്പ് വക്താവ് പറഞ്ഞു.

2019 ല്‍ അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്നതിനുള്ള കരാര്‍ ഏറ്റെടുത്തിരുന്നു. ഇതിനായി അദാനി എയര്‍പോര്‍ട്ട് എന്ന ഉപകമ്പനി രൂപീകരിക്കുകയും ചെയ്തു. അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, പരിപാലനം, വികസനം എന്നിവയ്ക്കുള്ള കരാറിലാണ് അദാനി ഗ്രൂപ്പ് ഒപ്പിട്ടിട്ടുള്ളത്. ഇതില്‍ തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പു തുടരുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it