അദാനി ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി മാറുന്നു!

വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്ററായി അദാനി ഗ്രൂപ്പ് മാറുന്നു. തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേയ്ക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ അദാനി ഗ്രൂപ്പിന് വ്യോമയാന രംഗത്തെ ഒന്നാമനാകാനുള്ള സാധ്യതയുമായി അടുത്ത വാര്‍ത്ത എത്തിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭൂരിപക്ഷം ഓഹരികളും അദാനി ഗ്രൂപ്പ് വാങ്ങാനൊരുങ്ങുകയാണ്. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ 74ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കാനൊരുങ്ങുന്നത്.

ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഗ്രൂപ്പിന്റെ (ഗുണുപതി വെങ്കട കൃഷ്ണ റെഡ്ഡി) കൈവശം ആയിരുന്നു മുംബൈ വിമാനത്താവളത്തിന്റെ 50.5 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പുറത്തുവിട്ട് റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ജിവികെ ഗ്രൂപ്പില്‍ നിന്ന് 50.5ശതമാനം ഓഹരികളും മറ്റ് വിവിധ ഗ്രൂപ്പുകളില്‍നിന്നായി 23.5ശതമാനം ഓഹരിയുമാണ് അദാനി ഗ്രൂപ്പ് നേടിയിട്ടുള്ളത്. ഇതിനായി ഇതിനോടകം 15,000 കോടി രൂപ ചെലവഴിച്ചതായും റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തം.

മാര്‍ച്ച് 31ലെ മിയാലില്‍ (മുംബൈ ഇന്റര്‍നാഷണല്‍ എര്‍പോര്‍ട്ട് ലിമിറ്റഡ്) ജിവികെ ഗ്രൂപ്പിന് 50.5ശതമാനം ഓഹരികളാണുണ്ടായിരുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 26ശതമാനവും സൗത്ത് ആഫ്രിക്ക എയര്‍പോര്‍ട്ട് കമ്പനിയ്ക്ക് 10ശതമാനവും ബിഡ് വെസ്റ്റ് ഗ്രൂപ്പിന് 13.5ശതമാനം ഓഹരികളുമാണുള്ളത്.

മുംബൈ വിമാനത്താവളം സ്വന്തമാക്കാനുള്ള അദാനിയുടെ പദ്ധതി പുതിയതല്ല. 2019 മാര്‍ച്ച് മാസത്തില്‍ ബിഡ് വെസ്റ്റിന്റെ 13.5 ശതമാനം ഓഹരികള്‍ 1,248 കോടി രൂപയ്ക്ക് സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് മുന്നോട്ട് വന്നതാണ്. എന്നാല്‍ അന്ന് ജിവികെ ഗ്രൂപ്പ് ഇതിനെ എതിര്‍ത്തു. പിന്നീട് കേസ് കോടതിയില്‍ എത്തുകയും കോടതി ജിവികെ ഗ്രൂപ്പിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ അദാനി ഗ്രൂപ്പിന് പിന്‍വാങ്ങേണ്ടി വന്നു.

ജിവികെ ഗ്രൂപ്പിന്റെ ബിഡ് വെസ്റ്റുമായുള്ള ഇടപാട് 2019 നവംബറിന് മുമ്പായി തീര്‍ക്കണം എന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ അന്നത്തെ വിധി. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ജിവികെ യ്ക്ക് സമയപരിധിക്കുള്ളില്‍ കടം തിരികെ നല്‍കാന്‍ സാധിച്ചില്ല. ഇതോടെ ബിഡ് വെസ്റ്റ് കോടതിയെ സമീപിച്ചു. അതോടൊപ്പം എയര്‍പോര്‍ട്ട് കമ്പനിയും ഓഹരി വില്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഈ ഓഹരികള്‍ എല്ലാം അദാനി ഗ്രൂപ്പ് വാങ്ങുകയും ചെയ്തു.

ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂര്‍, ഗ്വാഹട്ടി, ലഖ്നൗ, മംഗലാപുരം എന്നിവ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടും ഏറ്റെടുക്കുന്ന മുംബൈ എയര്‍പോര്‍ട്ടും കൂടെയാകുമ്പോള്‍ അദാനി ഗ്രൂപ്പ് മേഖലയിലെ ഏറ്റവും വമ്പനായി മാറും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it