ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ നടക്കുമ്പോൾ അറിയണം അദാറിൻ്റെ ചങ്കൂറ്റം !

ഭൂമിയിലുള്ള മനുഷ്യരില്‍ പകുതിയോളം പേരിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ അദാര്‍ പൂനാവാലയ്ക്ക്. ഇന്ത്യയുടെ വാക്‌സിന്‍ രാജാവായ സൈറസ് പൂനാവാലയുടെ ഏക മകന്‍ അദാറിനെ ലോകം വിളിക്കുന്നത് വാക്‌സിന്‍ രാജകുമാരന്‍ എന്നാണ്. അദാര്‍, എല്ലാ അര്‍ത്ഥത്തിലും ആ പേരിന് അര്‍ഹന്‍ തന്നെ. വാക്‌സിന്‍ നിര്‍മാണ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും പാവപ്പെട്ടവന്റെ മുഖമാണ് അദാര്‍ മുന്നില്‍ കാണുക. അതേസമയം ആഡംബരത്തിന്റെ അങ്ങേയറ്റത്തുള്ള ജീവിതമാണ് അദാര്‍ നയിക്കുന്നതും.


പ്രൈവറ്റ് ജെറ്റ്, പുനൈയില്‍ നിന്ന് മുംബൈയിലേക്ക് പറക്കാന്‍ ഹെലികോപ്റ്റര്‍, പിക്കാസോ, ദാലി തുടങ്ങി വിശ്വപ്രസിദ്ധ ചിത്രകാരന്മാരുടെ പെയ്ന്റിംഗ്‌സ്, വിന്റേജ് കാറുകളടക്കം 35 ക്ലാസിക് കാറുകള്‍ ... അങ്ങനെ ആഡംബരം നിറയുന്ന ജീവിതം നയിക്കുമ്പോഴും അദാര്‍ പറയുന്നു. ''ഓരോ ദിവസവും എന്നെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന, എന്റെ അലസത തുടച്ചുമാറ്റുന്ന ഏക കാര്യമേയുള്ളൂ; ലോകത്തിലെ ഏറ്റവും ദരിദ്ര്യരിലേക്ക് വരെ വാക്‌സിന്‍ എത്തിക്കുക. അതുമാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.''

അദാറിന്റെ ഈ വാക്കുകളില്‍ അല്‍പ്പം പോലും പൊള്ളത്തരമില്ല. കാരണം, അദ്ദേഹത്തിന്റെ പിതാവ് സൈറസ് പൂനാവാല കെട്ടിപ്പടുത്തിരിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രം തന്നെ ലോകത്തെ പാവപ്പെട്ടവരിലേക്ക് സാധ്യമായത്ര കുറഞ്ഞ വിലയില്‍ വാക്‌സിന്‍ എത്തിച്ചതിന്റെയാണ്. ഇന്ന് കോവിഷീല്‍ഡ് എന്ന വാക്‌സിനുമായി കോവിഡ് 19നെ പിടിച്ചുകെട്ടാന്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറെടുക്കുമ്പോള്‍ ലോകം അതില്‍ വിശ്വസിക്കുന്നത് അദാറിന്റെ അസാധാരണ നീക്കങ്ങളുടെ കരുത്ത് കൊണ്ടുകൂടിയാണ്.

അനുമതി ലഭിക്കും മുമ്പേ ഒരുക്കങ്ങള്‍ പൂര്‍ണം!


ലോകത്തിലെ നമ്പര്‍ വണ്‍ വാക്‌സിന്‍ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. പോളിയോ, ടെറ്റനസ്, ഡിഫ്തീരിയ, ഹെപ്പറ്റൈറ്റിസ് - ബി തുടങ്ങിയവയ്ക്കുള്ള 150 കോടി ഡോസ് വാക്‌സിനുകളാണ് പ്രതിവര്‍ഷം സെറം നിര്‍മിക്കുന്നത്. ഇന്ന് ഭൂമിയിലെ മൂന്നില്‍ രണ്ട് കുഞ്ഞുങ്ങള്‍ സെറത്തിന്റെ ഏതെങ്കിലും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടാകും! അതാണ് ഈ ഇന്ത്യന്‍ വാക്‌സിന്‍ കമ്പനിയുടെ മഹത്വവും.

കോവിഡ് മഹാമാരി ലോകത്തെ നിശ്ചലമാക്കിയപ്പോള്‍, കോവിഡ് വാക്‌സിന്‍ ഗവേഷകര്‍ വികസിപ്പിക്കുന്നതുവരെ കാത്തിരിക്കാതെ, വാക്‌സിന്‍ നിര്‍മാണത്തിനുള്ള ശേഷി വര്‍ധിപ്പിക്കാനുള്ള തിരക്കിലായിരുന്നു അദാര്‍. ''ഇതല്ലെങ്കില്‍ മറ്റൊരു വഴിയേ മുന്നിലുണ്ടായിരുന്നുള്ളൂ. ഏതെങ്കിലും വാക്‌സിന്‍ അംഗീകരിക്കപ്പെടുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം ഉല്‍പ്പാദന ശേഷി കൂട്ടുക. അതിന് എണ്ണിയാലൊടുങ്ങാത്ത മനുഷ്യരുടെ ജീവനുകള്‍ ഒരു പക്ഷേ ബലികൊടുക്കേണ്ടി വരും,'' അടുത്തിടെ ഒരു അഭിമുഖത്തില്‍ അദാര്‍ വ്യക്തമാക്കുന്നു.

വല്ലാത്തൊരു ചൂതാട്ടമാണ് അദാര്‍ നടത്തിയത്. സെറത്തിന്റെ ഉല്‍പ്പാദന ശേഷി കൂട്ടാന്‍ 270 മില്യണ്‍ പൗണ്ട് കമ്പനിയില്‍ നിന്നെടുത്ത് തന്നെ നിക്ഷേപിച്ചു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്നുള്ള 300 മില്യണ്‍ പൗണ്ടും ഇതുകൂടാതെ വിനിയോഗിച്ചു. സെറത്തിന്റെ വാര്‍ഷിക വാക്‌സിന്‍ ഉല്‍പ്പാദന ശേഷി ഇതോടെ 150 കോടിയില്‍ നിന്ന് 250 കോടിയായി. വാക്‌സിന്‍ അതിവേഗം ഗ്ലാസ് വയൂള്‍സില്‍ നിറയ്ക്കാനുള്ള അത്യാധുനിക മെഷിനറികളും ബയോ റിയാക്ടറുകളും എല്ലാം അദാര്‍ ഇറക്കുമതി ചെയ്തു.
പുതുതായി 700 ഓളം ജീവനക്കാരെ നിയമിച്ചു. ലോകം മുഴുവന്‍ ലോക്ക് ഡൗണിലായ കാലത്ത് അദാര്‍ ഓക്‌സ്‌ഫോര്‍ഡ് - ആസ്ട്രസെനക റിസര്‍ച്ച് ടീമിന് ഒരു വാക്കും കൊടുത്തു. 100 കോടി വാക്‌സിന്‍ സെറം നിര്‍മിക്കും! ഒരു വാക്‌സിന്‍ വികസിപ്പിച്ച് അതിന് ലൈസന്‍സ് കിട്ടാനുള്ള സാധ്യത വെറും 30 ശതമാനമാണെന്നിരിക്കെയാണ് അദാര്‍ ഇത്രയും വലിയ റിസ്‌കെടുത്തത്.

വന്‍നിക്ഷേപം നടത്തി ഉല്‍പ്പാദ ശേഷി വര്‍ധിപ്പിച്ച് ഒരു റിസര്‍ച്ച് ടീമില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച് ഇരിക്കാനും അദാര്‍ തയ്യാറായില്ല. നൊവാവാക്‌സ്, സ്‌പൈബയോടെക്, കോഡാജെനിക്‌സ് എന്നീ മൂന്ന് കമ്പനികളുടെ വാക്‌സിന്‍ നിര്‍മാണ ദൗത്യവും സെറം ഏറ്റെടുത്തു.

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുമ്പോള്‍ തന്നെ അഞ്ച് കോടി ഡോസ് വാക്‌സിന്‍ അദാര്‍ നിര്‍മിക്കുക തന്നെ ചെയ്തു. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ പരീക്ഷണ ഘട്ടത്തില്‍ പല തിരിച്ചടികളുണ്ടായെങ്കിലും ഒടുവില്‍ അനുമതി ലഭിച്ചു. അതോടെ അദാറിന്റെ ചൂതാട്ടത്തിനും ശുഭാന്ത്യമായി.

മാര്‍ച്ച് മാസത്തോടെ നൊവാവാക്‌സിന്റെ വാക്‌സിന്‍ നിര്‍മാണം സെറം ആരംഭിക്കും. മറ്റ് രണ്ട് കമ്പനികളുടെ വാക്‌സിന്‍ നിര്‍മാണ് ഈ വര്‍ഷാവസാനത്തോടെ തുടങ്ങിയേക്കും.

ഇന്ത്യയില്‍ 200 രൂപയ്ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് അദാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് ഡോളറിന് ലോകവിപണിയിലേക്ക് വാക്‌സിന്‍ എത്തിക്കുമെന്നും അദാര്‍ പറയുന്നു. ഉല്‍പ്പാദന ചെലവ് തന്നെ അത്രയും വരുമ്പോഴാണ് അദാര്‍ ലാഭം നോക്കാതെ ഈ നീക്കം നടത്തുന്നത്. ലോകജനതയുടെ പകുതിയോളം പേരിലേക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് വാക്‌സിന്‍ എത്തിക്കാന്‍ വേണ്ടിയാണ് ഈ നീക്കവും.
''എന്റെ പ്രാഥമിക ലക്ഷ്യം പണമല്ല, ജീവന്‍ രക്ഷിക്കലാണ്.'' കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് പൂര്‍ണ സജ്ജമാക്കാന്‍ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ഒരു ഡോസിന് 20-30 ഡോളര്‍ വില ചുമത്താവുന്ന മറ്റ് വാക്‌സിനുകളുടെ നിര്‍മാണം സെറം വേണ്ടെന്നും വെച്ചു. ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ സെറത്തിന് സാധിക്കുന്നത്, ആ കമ്പനിയുടെ മനുഷ്യരാശിയുടെ നന്മയെ കരുതിയുള്ള വേറിട്ട വീക്ഷണത്തിന്റെ ഉള്‍ക്കരുത്ത് കൊണ്ടാണ്.

അനന്യം ഈ ജൈത്രയാത്ര

അദാര്‍ പൂനാവാലയുടെ കുടുംബചരിത്രത്തെ കുറിച്ച് ഒരു കഥയുണ്ട്. 19ാം നൂറ്റാണ്ടില്‍ പൂനെയിലെ ബ്രിട്ടീഷ് ഓഫീസര്‍മാരുടെ ക്ലബിലെ ബില്യാര്‍ഡ് മാര്‍ക്കറായിരുന്നുവേ്രത പൂനാവാല കുടുംബത്തിലെ ഒരു മുന്‍തലമുറക്കാരന്‍. ബ്രീട്ടിഷ് ഭരണാധികാരികളുമായുള്ള അടുപ്പത്തെ തുടര്‍ന്ന് അദ്ദേഹത്തിന് കെട്ടിട നിര്‍മാണ കരാറുകള്‍ ലഭിച്ചുതുടങ്ങി. അദ്ദേഹം പിന്നീട് വലിയ ഭൂപ്രഭുവായി. ഈ കഥ വാസ്തവമാണോയെന്നറിയില്ലെങ്കിലും പൂനാവാല കുടുംബം വന്‍ ഭൂസ്വത്തിന് ഉടമകളാണ്. അദാറിന്റെ പിതാവ് സൈറസ് പൂനാവാലയ്ക്ക് പൈതൃകമായി കിട്ടിയത് 40 ഏക്കര്‍ ഭൂമിയാണ്. അദാറിന്റെ മുത്തച്ഛന്, സൈറസിന് പിതാവിന് മക്കള്‍ 14 ആയിരുന്നുവെന്നോര്‍ക്കണം!

തനിക്ക് പൈതൃകമായി കിട്ടിയ ഫാമില്‍ പന്തയക്കുതിരകളെ വളര്‍ത്തിയും ഉന്നതശ്രേണിയിലുള്ള കുതിരകളെ ബ്രീഡ് ചെയ്തും സൈറസ് ബിസിനസ് മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ്, ഭാവിയില്‍ ആ രംഗത്ത് വലിയ സാധ്യതയില്ലെന്ന തിരിച്ചറിവുണ്ടായത്. അധിക വരുമാനത്തിനായി വാക്‌സിന്‍ നിര്‍മാണ കമ്പനികളിലേക്ക് കുതിരകളെ വില്‍പ്പന നടത്തി തുടങ്ങിയത് അങ്ങനെയാണ്. കുതിരകളുടെ രക്ത സെറത്തില്‍ നിന്നാണ് ടെറ്റനസിനും പാമ്പുവിഷത്തിനും എതിരായ വാക്‌സിനുകള്‍ നിര്‍മിച്ചിക്കുന്നത്. പിന്നീടാണ്, കുതിരകളെ വാക്‌സിന്‍ നിര്‍മാണത്തിനായി എന്തിന് വില്‍ക്കുന്നു; സ്വയം വാക്‌സിന്‍ നിര്‍മിച്ചാല്‍ പോരെയെന്ന ചിന്തയിലാണ് സൈറസ് പൂനാവാല വരുന്നത്.

1966ല്‍, ഇന്ത്യയിലേക്ക് ഭൂരിഭാഗം വാക്‌സിനുകള്‍ വന്‍വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന കാലത്ത് സൈറസ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചു. ഇന്ന് രാജ്യത്തെ അതി സമ്പന്നരുടെ പട്ടികയിലാണ് സൈറസ് പൂനാവാലയുടെ സ്ഥാനം. ഏകമകന്‍ അദാര്‍ പൂനാവാലയെ വിദേശത്ത് മികച്ച സ്‌കൂളിലും യൂണിവേഴ്‌സിറ്റിയിലും അയച്ചാണ് സൈറസ് പഠിപ്പിച്ചത്. എന്നാല്‍ പഠനത്തില്‍ താനത്ര കേമനായിരുന്നില്ലെന്ന് അദാര്‍ തന്നെ തുറന്നുപറയുന്നുണ്ട്.

2011ല്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചീഫ് എക്‌സിക്യുട്ടീവ് പദവിയിലെത്തും മുമ്പെ കമ്പനിയുടെ താഴെ തട്ടില്‍ മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും അദാര്‍ പങ്കാളിയായിരുന്നു. 2001ല്‍ സെറത്തിന്റെ പ്രവര്‍ത്തനത്തിലേക്ക് കടന്നെത്തിയ അദാര്‍ ഇന്ന് കമ്പനിയെ അന്നത്തേക്കാള്‍ അഞ്ചുമടങ്ങ് വലുപ്പമുള്ളതാക്കി തീര്‍ത്തിരിക്കുന്നു. 170 രാജ്യങ്ങളില്‍ സെറത്തിന്റെ വാക്‌സിന്‍ വില്‍പ്പന നടത്തുന്നുണ്ട്. വാര്‍ഷിക വരുമാനം 800 മില്യണ്‍ ഡോളറിലേറെ. ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കാനുള്ള ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് സെറം.

ജീവിതം രാജകീയം

വാക്‌സിന്‍ രാജകുമാരന്റെ ജീവിതവും രാജകീയമാണ്. ''ഞാന്‍ ജീവിതം ആസ്വദിക്കുന്നു. ഒരു ചോദ്യത്തെയും ഭയക്കുന്നില്ല. ഞങ്ങള്‍ സമ്പത്ത് ആര്‍ജ്ജിച്ചത് നേരായ വഴിക്കാണ്. ധാര്‍മികതയില്‍ ഊന്നിയാണ്. ആ സമ്പത്തുകൊണ്ട് നല്ല ജീവിതം ആസ്വദിച്ചാല്‍ എന്താണ് തെറ്റ്.'' ഇതാണ് അദാറിന്റെ ഫിലോസഫി. ലോക ടെന്നീസ് മത്സവേദികളിലും വേള്‍ഡ് എക്കണോമിക് ഫോറത്തിലും ഒക്കെ അദാറിനെ കാണാം. വെയ്ല്‍സ് രാജകുമാരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദാര്‍, പിന്നീട് തന്റെ ജീവിത പങ്കാളിയായി മാറിയ നതാഷയെ കാണുന്നത് വിജയ് മല്യ നടത്തിയ ഒരു പുതുവര്‍ഷ ആഘോഷരാവില്‍ വെച്ചാണ്.
ഇന്ത്യയിലെയും വിദേശത്തെയും ഫാഷന്‍ മാഗസിനുകളിലെ നിത്യസാന്നിധ്യമാണ് നതാഷ. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്കുമെല്ലാം നതാഷയുടെ അടുത്ത സുഹൃത്തുക്കള്‍. ഫാഷന്‍ ലോകത്ത് ഒതുങ്ങി നില്‍ക്കുന്നില്ല നതാഷയുടെ വ്യക്തിത്വം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദമെടുത്തിട്ടുള്ള നതാഷ, സെറത്തിന്റെ ചാരിറ്റബ്ള്‍ വിഭാഗമായ വില്ലൂ പൂനാവാല ഫൗണ്ടേഷന്റെ സാരഥിയാണ്.
പൂനെയെ ഒരു മാതൃകാനഗരമാക്കാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷന്‍. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയും ശുദ്ധജലം വിതരണം ചെയ്തും നഗരത്തെ മാലിന്യമുക്തമാക്കിയുമെല്ലാം ഫൗണ്ടേഷന്‍ സമഗ്രമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു.

മനുഷ്യരാശിക്ക് ഭീതിയായി ഭാവിയില്‍ കൂടുതല്‍ വൈറസുകള്‍ വന്നേക്കാമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദന ശേഷി ഇനിയും 100 കോടി കൂടി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് അദാര്‍. ലോകത്ത് ഇനിയും കോവിഡ് പോലുള്ള മഹാമാരികള്‍ വരാനിടയുണ്ടെന്ന് തന്നെയാണ് അദാറിന്റെ നിരീക്ഷണം. ഭൂമിയിലെ മനുഷ്യന്‍ ജീവനുകളെ രക്ഷിക്കാന്‍ സാധ്യമായത്ര കുറഞ്ഞ ചെലവില്‍ വാക്‌സിന്‍ എത്തിക്കുക എന്ന സെറത്തിന്റെയും അതിന്റെ സാരഥികളുടെയും വേറിട്ട വീക്ഷണമാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഇവരെ വ്യത്യസ്തരാക്കുന്നത്.

വീഡിയോ കാണാം : കോവിഷീല്‍ഡ് സ്വീകരിക്കും മുമ്പ് അറിയാം ഈ മനുഷ്യനെ കുറിച്ച്‌


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it