ജീവനക്കാരെ ഉണര്‍ത്താന്‍ ശമ്പളവര്‍ധന: ടിസിഎസിനെ പിന്തുടര്‍ന്ന് അനേകം കമ്പനികള്‍

ഉത്സവകാല സീസണ്‍ തുടങ്ങും മുമ്പേ രാജ്യത്തെ പ്രമുഖ കമ്പനികളുടെ ജീവനക്കാര്‍ക്ക് ആഘോഷകാലം. കോവിഡ് പ്രതിസന്ധി മൂലം വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പ്രമുഖ കമ്പനികള്‍. ഇന്ത്യന്‍ ഐടി വമ്പനായ ടിസിഎസ് ഒക്ടോബര്‍ ഒന്നുമുതല്‍ ശമ്പള വര്‍ധന നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കോവിഡ് കാലത്ത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കിടയില്‍ ശമ്പള വര്‍ധന പ്രഖ്യാപിക്കുന്ന ആദ്യ കമ്പനിയാണ് ടിസിഎസ്.

2019-20 സാമ്പത്തിക വര്‍ഷത്തിലെയും നാലാം ത്രൈമാസത്തിലെയും ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ്, കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വേതന വര്‍ധന മരവിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത്. ആ തീരുമാനമാണ് ഇപ്പോള്‍ ടിസിഎസ് മാറ്റിയത്.

നവംബറിന് മുമ്പ് സാധാരണ നിലയിലാക്കാന്‍ ശ്രമം

കോവിഡ് കാലത്തിന് മുമ്പ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും നവംബര്‍ മാസത്തോടെ ഘട്ടഘട്ടമായി പൂര്‍ണമായി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പല കമ്പനികളും.

ഓട്ടോ കംപോണന്റ് നിര്‍മാതാക്കളായ ലുമാക്‌സ് ഇന്‍ഡസ്ട്രീസ്, സന്ധാര്‍ ടെക്‌നോളജീസ്, എഡ്‌ടെക് കമ്പനികളായ അപ് ഗ്രേഡ്, ടോപ്പര്‍, കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ് വമ്പനായ ടിഐഎല്‍, ഇന്റീരിയര്‍ ഡിസൈന്‍ - ഹോം ഡെക്കര്‍ കമ്പനിയായ ലിവ്‌സ്‌പേസ്, എന്‍ജിനീയറിംഗ് വമ്പനായ ഫോര്‍ബ്‌സ് മാഴ്‌സല്‍, ഡെകി ഇലക്ട്രോണിക്‌സ് എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും.

കോവിഡിനെ തുടര്‍ന്ന് പല കമ്പനികളും വേതനം അഞ്ച് മുതല്‍ അമ്പത് ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. ഒപ്പം ജീവനക്കാരെ പ്രചോദിപ്പിക്കാന്‍ വേതന വര്‍ധന അനിവാര്യമാണെന്ന കാഴ്ചപ്പാടും കമ്പനികള്‍ക്കുള്ളതായി എച്ച് ആര്‍ രംഗത്തെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

എച്ച് ആര്‍ മേഖലയില്‍ രാജ്യത്തെ 425 കമ്പനികളില്‍ Aon India നടത്തിയ പഠനത്തില്‍ 12 ശതമാനം കമ്പനികള്‍ വേതനം പൂര്‍ണമായും പുനഃസ്ഥാപിച്ചുകഴിഞ്ഞു. 20 ശതമാനം കമ്പനികള്‍ ഉടന്‍ ഇക്കാര്യം പ്രഖ്യാപിക്കും. ഡിലോയ്റ്റ് ഇന്ത്യയുടെ പഠന പ്രകാരം ടെക്‌നോളജി മേഖലയിലെ കമ്പനികളിലാണ് വേതനം പുനഃസ്ഥാപിക്കല്‍ പ്രധാനമായും നടക്കുന്നത്. എഡ്‌ടെക് കമ്പനികളും ശമ്പള വര്‍ധന നടപ്പാക്കി വരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it