എയർ ഇന്ത്യയുടെ 50ലധികം പ്രോപ്പർട്ടികൾ വില്പനക്ക്

കടത്തിൽ മുങ്ങിയ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയുടെ 50ലധികം പ്രോപ്പർട്ടികൾ വില്പനയ്ക്ക് വച്ചിരിക്കുന്നതായി റിപ്പോർട്ട്.

പ്രധാന നഗരങ്ങളിൽ കമ്പനിയുടെ പേരിലുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുമെന്ന് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരം നടപടികളിൽ കൂടി നടപ്പ് സാമ്പത്തിക വർഷം 500 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന ലക്ഷ്യം നേടാനായിട്ടാണ് ഈ നീക്കം.

വിലക്കൂടുതലും റിയൽ എസ്റ്റേറ്റ് മേഖലയിലെ പൊതുവെയുള്ള മാന്ദ്യവും മൂലം ഫെബ്രുവരിയിൽ വില്പന നടക്കാതെ പോയ പ്രോപ്പർട്ടികളും ഇതിലുൾപ്പെടും.

തിരുവനന്തപുരം, ഗോവ, നാസിക്, മുംബൈയിലെ ബാന്ദ്ര, മലാഡ്, മാഹിം, ബെംഗളൂരുവിലെ ഇന്ദിരാനഗർ, അഹമ്മദാബാദ്, കൊൽക്കത്ത, പുണെ എന്നിവിടങ്ങളിലെ പ്രോപ്പർട്ടികൾ വില്പനക്ക് വച്ചിരിക്കുന്നവയിൽ ചിലതാണ്.

വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പത്രപ്പരസ്യത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ഓൺലൈൻ വഴി ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12 ആണ്.

ഫെബ്രുവരിയിൽ ഏകദേശം 35 കോടി രൂപയോളം ഇത്തരത്തിൽ ആസ്തി വിറ്റ് കമ്പനി സ്വരൂപിച്ചിരുന്നു. എയർ ഇന്ത്യയ്ക്ക് മൊത്തം ഏതാണ്ട് 55,000 കോടി രൂപയോളം കടമുണ്ട്. ഇതിൽ 22,000 കോടി രൂപ എയർലൈന്റെ മാത്രം കടമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it