എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ യൂണിയനുകള്‍

എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ യൂണിയനുകള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. എയര്‍ ഇന്ത്യ ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നത് പൊതുജനങ്ങള്‍ക്കേല്‍ക്കുന്ന ആഘാതമാവുമെന്നു കത്തില്‍ പറയുന്നു.

ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍, ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് തുടങ്ങിയ സംഘടനകളുള്‍പ്പെടെ ആറോളം യൂണിയനുകളാണ് കത്തയച്ചിരിക്കുന്നത്. ഓഹരികള്‍ സ്വകാര്യ കമ്പനിക്ക് വിറ്റഴിക്കുന്നതിന് പകരം എല്‍ ആന്‍ഡ് ടി, ഐടിസി മാതൃകയില്‍ എയര്‍ ഇന്ത്യയെ ബോര്‍ഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി, വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി, ഏവിയേഷന്‍ സെക്രട്ടറി പിഎസ് കരോള, എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലോഹനി എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്.

ഇന്ത്യക്കാര്‍ അവരുടെ അഭിമാനമായി കരുതിയിരുന്ന എയര്‍ ഇന്ത്യ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തനലാഭത്തിലായിട്ടും 4000 കോടിയോളം രൂപ വാര്‍ഷിക ചെലവുള്ളതിനാലാണ് ലോണുകള്‍ തിരിച്ചടയ്ക്കുന്നത് പ്രധാന വെല്ലുവിളിയായി മാറിയത്. അതിനാല്‍ കടങ്ങള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. കമ്പനിയെ നയിക്കുന്നതിന് പ്രൊഫണഷല്‍ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം എന്നീ രണ്ട് സുപ്രധാന പൊതുമേഖലാ കമ്പനികള്‍ വില്‍ക്കുന്നത്. 58,000 കോടിക്കടുത്തു ബാധ്യതകളുള്ള എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം 2020 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങും പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it