എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണ നീക്കം പുരോഗമിക്കുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രി

വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ ജൂണ്‍ മാസത്തോടെ അടച്ചുപൂട്ടേണ്ടിവരുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

Air India

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ ജൂണ്‍ മാസത്തോടെ ദേശീയ വിമാനക്കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നശേഷമാണ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം ഇക്കാര്യമറിയിച്ചത്.’ സ്വകാര്യവല്‍ക്കരണമാണ് മുന്നോട്ടുള്ള ഏക മാര്‍ഗം’- മന്ത്രി ചൂണ്ടിക്കാട്ടി.

സ്വകാര്യവല്‍ക്കരണ നീക്കം പരാജയപ്പെടുന്നപക്ഷം, എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ അടച്ച് പൂട്ടേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. താത്കാലിക നടപടികള്‍ക്കൊണ്ട് കൂടുതല്‍ കാലം നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്നാണ് ഒരു മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. 2018-19 ല്‍ 8,556.35 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടമായി കണക്കാക്കപ്പെടുന്നത്. ഇത് കൂടാതെയാണ് 60,000 കോടി രൂപയുടെ കടബാധ്യത.

‘ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാങ്ങാന്‍ ആളില്ലെങ്കില്‍ ജെറ്റ് എയര്‍വെയ്സിന് സംഭവിച്ചത് പോലെ എയര്‍ ഇന്ത്യക്കും അടച്ചു പൂട്ടലിലേക്ക് കടക്കേണ്ടി വരും’- ഉദ്യോഗസ്ഥന്‍ പറഞ്ഞു.സ്വകാര്യവത്കരണ പദ്ധതികള്‍ക്കിടയില്‍ ഫണ്ട് ഇറക്കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്ന് സ്വയം മുക്തമാകാന്‍ വിട്ടിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘനാളത്തേക്ക് അങ്ങനെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2012-ല്‍ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷത്തെ കാലയളവില്‍ 30,000 കോടി രൂപയുടെ ധനസഹായം എയര്‍ ഇന്ത്യക്ക് ലഭ്യമാക്കിയിരുന്നു.2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ എയര്‍ ഇന്ത്യയില്‍ 30,520.21 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചതായാണ് മോദി സര്‍ക്കാര്‍ പറയുന്നത്. പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2,400 കോടി രൂപയുടെ സോവറിന്‍ ഗ്യാരന്റി എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 500 കോടി രൂപയ്ക്ക് മാത്രമാണ് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here