ടാറ്റ കുടുംബത്തിലേക്ക് തിരികെ പറന്നെത്തി എയര്‍ ഇന്ത്യ !

അങ്ങനെ കാത്തിരിപ്പിനൊടുവില്‍ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ സ്വന്തമായി. ടാറ്റ കുടുംബത്തില്‍ പിറന്ന എയര്‍ ഇന്ത്യ 1953 ലായിരുന്നു സര്‍ക്കാര്‍ ഏറ്റെടുത്തത്. പിന്നീട് കടം കൊണ്ട് നിലുറപ്പിക്കാനാകാതെ ദിശയില്ലാതെ പറന്ന എയര്‍ലൈന്‍സിന് തുണയായത് ടാറ്റ തന്നെ. ശരിക്കും പറഞ്ഞാല്‍ തങ്ങളുടെ സ്വന്തം എര്‍ലൈന്‍സിനെ വലിയ വില കൊടുത്ത് ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ തലാസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുകയായിരുന്നു.

'ഔപചാരിക നടപടികള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ അവസാനിച്ചു. എയര്‍ ഇന്ത്യയുടെ പുതിയ ഉടമയായ തലാസ് പ്രൈവറ്റ് ലിമിറ്റഡിന് ഓഹരികള്‍ കൈമാറി,' ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് & പബ്ലിക് അസറ്റ് മാനേജ്മെന്റ് (DIPAM)സെക്രട്ടറി തുഹിന്‍ കാന്ത് പാണ്ഡെ പറഞ്ഞു.
എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും ഇതിനെ ഒരു ലോകോത്തര വിമാനക്കമ്പനിയാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പ്രതികരിച്ചു. എയര്‍ ഇന്ത്യയുടെ എല്ലാ ജീവനക്കാരെയും ഞങ്ങളുടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഒപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കലില്‍ ഒപ്പുവച്ചത്. 18,000 കോടി രൂപയ്ക്കായിരുന്നു ഇടപാട്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മുഴുവന്‍ ഓഹരികളും എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും കൈമാറി.
12,906 കോടി രൂപയായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വില. സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിംഗ് നേതൃത്വം നല്‍കിയ കണ്‍സോര്‍ഷ്യം മുന്നോട്ടുവച്ച 15,100 കോടി രൂപ മറികടന്നാണു ടാറ്റ എയര്‍ ഇന്ത്യ കമ്പനി ഓഹരികള്‍ സ്വന്തമാക്കിയത്. ഔദ്യോഗിക കൈമാറ്റത്തിനു മുന്നോടിയായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.
1932 ല്‍ ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ച ടാറ്റ എയര്‍ലൈന്‍സ് പിന്നീട് 1946 ലാണ് എയര്‍ ഇന്ത്യ എന്നു പേരു മാറ്റുന്നത്. 1953 ല്‍ ഇതിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും 1977 വരെ ജെ.ആര്‍.ഡി ടാറ്റ ചെയര്‍മാനായി തുടരുകയായിരുന്നു. 4,400 ഓളം ആഭ്യന്തര സര്‍വീസുകളും 1,800 രാജ്യാന്തര സര്‍വീസുകളുമാണ് നിലവില്‍ എയര്‍ ഇന്ത്യ നടത്തുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it