വിമാനയാത്രാ നിരക്കുകൾ ഉയർന്നേക്കും

വരും ദിവസങ്ങളിൽ വിമാന യാത്രാ നിരക്കുകൾ ഉയരാൻ സാധ്യത. മാർച്ചിൽ ഏവിയേഷൻ ടർബൈൻ ഫ്യുവലിന് (ATF) 10 ശതമാനം വില ഉയർന്നതോടെയാണിത്. രാജ്യത്തെ എയർലൈൻ കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയായി ഈ വിലക്കയറ്റം.

ജനുവരി ഒന്നിന് എടിഎഫ് വില 14.7 ശതമാനം കുറച്ചിരുന്നു. 2018 ഡിസംബർ ഒന്നിന് വില 10.9 ശതമാനം വെട്ടിക്കുറച്ചതിന് പിന്നാലെ അന്തരാഷ്ട്ര എണ്ണ വിലയിലുണ്ടായ കുറവാണ് ജനുവരിയിലെ റെക്കോർഡ് വിലയിടിവിന് പിന്നിൽ.

ഇതോടെ എടിഎഫിന്റെ വില പെട്രോൾ, ഡീസൽ വിലയേക്കാളും താഴെ എത്തിയിരുന്നു. ആഭ്യന്തര വിമാനങ്ങൾക്ക് ഒരു കിലോ ലിറ്ററിന് ഡൽഹിയിൽ 58,060.97 രൂപയാണ് ഇപ്പോഴത്തെ വില.

"മാർച്ച് തുടങ്ങുന്നതോടെ 10 ശതമാനം വിലക്കയറ്റമാണ് എടിഎഫിന്. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട വ്യോമയാന മേഖലയ്ക്ക് ഇതൊരു നല്ലവാർത്തയല്ല," എയർ ഏഷ്യ സിഒഒ സഞ്ജയ് കുമാർ ട്വീറ്റിൽ പറഞ്ഞു.

ജെറ്റ് എയർവേയ്സ്, എയർ ഇന്ത്യ എന്നിവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് ഇന്ത്യൻ ലിസ്റ്റഡ് എയർലൈൻ കമ്പനികൾ--ജെറ്റ് എയർവേയ്സ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്-- 2018 ഏപ്രിൽ-സെപ്റ്റംബർ പാദത്തിൽ ദിവസേന 20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നാണ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ ഒരു റിപ്പോർട്ടിൽ പറഞ്ഞത്.

പ്രവർത്തന ചെലവുകൾ അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയർത്തിയില്ലെങ്കിൽ ജെറ്റിന്റെയും കിംഗ്ഫിഷറിന്റെയും അവസ്ഥ നേരിടേണ്ടി വരുമെന്ന ആശങ്കയാണ് പല എയർലൈൻ കമ്പനികളും പങ്കുവെക്കുന്നത്.

അതേസമയം, ഉയരുന്ന യാത്രാ ചെലവുകൾ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. 2018 നവംബറിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ 11 ശതമാനം വളർച്ച കഴിഞ്ഞ 51 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it