ഉത്സവ സീസണ് മുമ്പേ തന്നെ വിമാന യാത്രാ നിരക്കുയരും

ഒക്ടോബറില്‍ ആരംഭിക്കുന്ന ഉത്സവ സീസണ് തൊട്ടു മുമ്പായി വിമാന യാത്രാ നിരക്കുകള്‍ ഉയരുമെന്ന് എയര്‍ലൈന്‍, ട്രാവല്‍ കമ്പനി എക്‌സിക്യൂട്ടീവുകള്‍. നിരക്കുകള്‍ ഇപ്പോള്‍ താണ നിലയിലാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്സവ സീസണില്‍ കൂടുമെന്ന് അവര്‍ പറയുന്നു.സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തോടെ എണ്ണ വില കുതിച്ചുയര്‍ന്നതും വിമാന യാത്രാ നിരക്കുകള്‍ ഉയരുന്നതിനു കാരണമായേക്കും.

ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനം നിലച്ചതോടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഉയര്‍ന്നു നിന്ന നിരക്കുകള്‍ യാത്രാ ഡിമാന്‍ഡ് ക്രമാതീതമായി കുറഞ്ഞപ്പോള്‍ കീഴോട്ടുവന്നിരുന്നു. പക്ഷേ, ദീപാവലിയും ദസറയും ഉള്‍പ്പെടുന്ന ഉത്സവ സീസണിലേക്ക് ബുക്കിംഗ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6% കൂടുതലാണ് ഇതുവരെയെന്ന് ട്രാവല്‍ പോര്‍ട്ടല്‍ ക്ലിയര്‍ട്രിപ്പിലെ എയര്‍ ട്രാവല്‍ ബിസിനസ് മേധാവി ബാലു രാമചന്ദ്രന്‍ പറഞ്ഞു. യാത്രാ ബുക്കിംഗിലും ദീപാവലി സീസണിലെ നിരക്കിലും 5-6 % വര്‍ധനവാണ് ഇപ്പോള്‍ കാണിക്കുന്നതെന്ന് മേക്‌മൈട്രിപ്പ് വക്താവ് അറിയിച്ചു.

ഏപ്രില്‍ 17 നാണ് ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയത്. തുടര്‍ന്ന് മെയ് മാസത്തില്‍ നിരക്ക് 25 ശതമാനത്തിലധികം ഉയര്‍ന്നു. ഇത് ഓഗസ്റ്റ് വരെ തുടര്‍ന്നു. ജെറ്റ് എയര്‍വേസിന്റെ പഴയ ബുക്കിംഗില്‍ നിന്നുള്ള വിഹിതം നിലച്ചതോടെയാണ് സെപ്റ്റംബറില്‍ നിരക്ക് കുറഞ്ഞത്. ഡല്‍ഹി - മുംബൈ നിരക്ക് 2,500 രൂപ വരെ താഴ്ന്നു. കഴിഞ്ഞ മാസങ്ങളിലുണ്ടായ നേട്ടം ഇതു മൂലം മിക്കവാറും കൈവിട്ടു പോയതായി ഒരു എയര്‍ലൈന്‍ കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. സാമ്പത്തിക മേഖലയില്‍ മൊത്തത്തിലുള്ള നെഗറ്റീവ് വികാരം ഉപഭോഗത്തെ ദുര്‍ബലമാക്കുമ്പോള്‍ വിമാന യാത്രാ വ്യവസായത്തിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്.

Related Articles
Next Story
Videos
Share it