ജിയോ കുതിക്കുമ്പോഴും മല്‍സരം കൊഴുപ്പിച്ച് ഭാരതി എയര്‍ടെല്‍

ടെലികോം വ്യവസായത്തിലെ അനിശ്ചിത സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വന്‍ തിരിച്ചുവരവിലേക്ക് ഭാരതി എയര്‍ടെല്‍. 2 ബില്യണ്‍ ഡോളര്‍ ഓഹരി വാങ്ങാന്‍ ആമസോണ്‍ ഡോട്ട് കോം താത്പര്യം പ്രകടിപ്പിച്ചതിന്റെ ആവേശത്തിലാണ് ജിയോയ്ക്ക് മുമ്പ് വരെ ടെലികോം രംഗത്തെ രാജാവായിരുന്ന എയര്‍ടെല്‍ ഇപ്പോള്‍.

ആമസോണുമായി ഒരു കരാറിലും ഭാരതി എയര്‍ടെല്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുള്ള പ്രചാരണം ഇതിനിടെ തുടരുന്നുമുണ്ട്.പേയ്മെന്റുകള്‍, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, ഇ-കൊമേഴ്സ് ഡിവിഷനുകളില്‍ ബിസിനസ് വ്യാപിപ്പിക്കാനാണ് എയര്‍ടെല്ലിന്റെ ലക്ഷ്യം. യുഎസ് ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണുമായുള്ള കരാര്‍ ഭാവിയില്‍ നടന്നാല്‍ ഇന്ത്യന്‍ വയര്‍ലെസ് കാരിയറിന്റെ 300 ദശലക്ഷം വരിക്കാരെ ആമസോണിന് ലഭിച്ചേക്കും.

ശതകോടീശ്വരനായ സുനില്‍ മിത്തലിന്റെ തിരിച്ചുവരവ് ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിത്തലിന്റെ കമ്പനി റെക്കോര്‍ഡ് നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജിയോയുടെ മറ്റൊരു എതിരാളിയായ വോഡഫോണ്‍ ഐഡിയയും കടക്കെണിയില്‍ നിന്ന് അതിജീവിക്കാന്‍ പാടുപെടുകയാണെങ്കിലും ഓഹരിവിപണിയില്‍ കുതിച്ചുകയറിക്കൊണ്ടിരിക്കുന്നു. ഫെയ്സ്ബുക്ക് ഇങ്ക്, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍ & കമ്പനി, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി എന്നിവരില്‍ നിന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ 10 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ നിക്ഷേപ സമാഹരണമാണ് അംബാനി നടത്തിയിരിക്കുന്നത്.

കോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സൌജന്യമായി ഡാറ്റകളും മറ്റും നല്‍കാന്‍ തുടങ്ങിയതോടെ നിരക്കുകള്‍ മറ്റ് കമ്പനികള്‍ക്കും കുത്തനെ കുറയ്‌ക്കേണ്ടി വന്നത് ലാഭ ക്ഷമതയെ വല്ലാതെ ബാധിച്ചിരുന്നു. അതിനിടെ സുപ്രീം കോടതി വിധിയിലൂടെ കുടിശിക ബാധ്യതയും ദുര്‍വഹമായി.എന്നിട്ടും ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. കോടതി വിധിയുമായി ബന്ധപ്പെട്ട കുടിശ്ശിക അടയ്ക്കുന്നതിനും ഇന്ത്യയിലുടനീളം 4 ജി കവറേജ് വികസിപ്പിക്കുന്നതിനുമായി എയര്‍ടെല്‍ പണം സ്വരൂപിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it