ആമസോണുമായുള്ള പങ്കാളിത്തം പരിഗണനയിലില്ലെന്ന് എയര്‍ടെല്‍; വിശദീകരണം ഇങ്ങനെ

ഭാരതി എയര്‍ടെല്ലില്‍ കുറഞ്ഞത് രണ്ട് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരി വാങ്ങാന്‍ ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്ക് ഔദ്യോഗികതയില്ല എന്ന വിശദീകരണവുമായി ഇപ്പോള്‍ ഭാരതി എയര്‍ടെല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലെ ഘട്ടത്തില്‍ അത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് പ്രസ്താവനയില്‍ എയര്‍ടെല്‍ പറഞ്ഞു. എയര്‍ ടെല്ലിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം വായിക്കാം.

'2020 ജൂണ്‍ 04 -ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച, ഭാരതി എയര്‍ടെല്ലില്‍ 2 ബില്യണ്‍ ഡോളറിന്റെ ഓഹരി ആമസോണ്‍ വാങ്ങുന്നുവെന്ന വാര്‍ത്തയെ പരാമര്‍ശിച്ചാണ് ഈ പ്രസ്താവന. ഇക്കാര്യത്തില്‍, കമ്പനി പതിവായി എല്ലാ ഡിജിറ്റല്‍, ഒടിടി മത്സരാര്‍ത്ഥികളുമായും പ്രവര്‍ത്തിക്കുന്നുവെന്നും ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, കണ്‍ടന്റ്, സേവനങ്ങള്‍ എന്നിവ വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് കൊണ്ടുവരുന്നതിനും അവരുമായി ദൃഢമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും വ്യക്തമാക്കുന്നു.

എന്നാല്‍, അതിലുപരി ഈ ഘട്ടത്തില്‍ മറ്റൊരു തരത്തിലുള്ള നിര്‍ദേശവും പരിഗണനയിലില്ല. ബന്ധപ്പെട്ട കമ്പനികള്‍ ഇക്കാര്യത്തില്‍ ഉചിതമായും സമയബന്ധിതമായും വ്യക്തത വരുത്തിയിട്ടും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. സ്റ്റോക്ക് വില നീക്കുമ്പോള്‍ അത്തരം ഊഹങ്ങളിലൂന്നിയ റിപ്പോര്‍ട്ടുകള്‍ അനാവശ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും അവമതിപ്പ് സൃഷ്ടിക്കുകയും ചെയ്യും. ടെലികോം മേഖലയിലെ പതിവ് രീതിയായി മാറിയ ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.' - Bharti Airtel

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it