കുടിശികയുടെ കുരുക്ക് മുറുകി; സുപ്രീം കോടതി വിധിയില്‍ ഉലഞ്ഞ് ടെലികോം കമ്പനികള്‍

പതിനാലു വര്‍ഷമായുള്ള നിയമയുദ്ധത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതിയില്‍ അടിയറവു പറയേണ്ടിവന്നതോടെ ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി. റിലയന്‍സ് ജിയോക്കുണ്ടാകുന്ന ബാധ്യത നാമമാത്രവും.

സുപ്രീം കോടതി വിധി വന്നതോടെ വോഡഫോണ്‍ ഐഡിയയുടെ ഓഹരി വില കൂപ്പുകുത്തി. ഭാരതി എയര്‍ടെല്‍ ഓഹരി വിലകളും താഴ്ന്നു. ഭീമമായ കുടിശിക പിരിച്ചേടുക്കുന്ന കാര്യത്തില്‍ ടെലികോം വകുപ്പില്‍ നിന്ന് പരമാവധി ഉദാര വ്യവസ്ഥകള്‍ നേടിയെടുക്കുകയെന്നതു മാത്രമാണ് ഇനിയുള്ള വഴിയെന്ന നിയമോപദേശമാണത്രേ കമ്പനികള്‍ക്കു ലഭിച്ചിട്ടുള്ളത്.

സ്‌പെക്ട്രം യൂസര്‍ ചാര്‍ജ്, ലൈസന്‍സ് ഫീസിനത്തില്‍ രാജ്യത്തെ വിവിധ ടെലികോം കമ്പനികളില്‍ നിന്നായി 92,642 കോടി രൂപ ഈടാക്കാനുള്ള ടെലികോം വകുപ്പിന്റെ തീരുമാനമാണ് സുപ്രീം കോടതി ശരിവച്ചത്. പലിശയും പിഴയും ചേര്‍ത്ത് ഏകദേശം 1.34 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ നല്‍കേണ്ടിവരുമെന്നതാണ് ഏറ്റവും പുതിയ കണക്ക്. ഭാരതി എയര്‍ടെല്‍ ഏകദേശം 42,000 കോടിയും വോഡഫോണ്‍ ഐഡിയ 40,000 കോടിയും നല്‍കേണ്ടിവരും. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ടാറ്റ ടെലി സര്‍വീസസ്, ജിയോ തുടങ്ങിയവയും പട്ടികയിലുണ്ട്. താരതമ്യേന പുതുമുഖമായ ജിയോ 14 കോടി മാത്രം നല്‍കിയാല്‍ മതിയാവും. പണം നല്‍കേണ്ടതില്‍ ഭൂരിഭാഗം കമ്പനികളും മേഖല വിട്ടുപോയി. അവരുടെ കുടിശിക താരതമ്യേന ചെറുതുമാണ്.

ടെലികോം വ്യവസായ മേഖലയിലെ ദുരിതങ്ങളില്‍ അടിപതറി നില്‍ക്കുന്ന ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും ചേര്‍ന്ന് ഇപ്പോള്‍ നേരിടുന്ന കടബാധ്യത ഏകദേശം 28 ബില്യണ്‍ ഡോളര്‍ വരും.അതിനു പുറമെയാണ് സുപ്രീം കോടതി വിധിയിലൂടെ ഇപ്പോഴുണ്ടായിട്ടുള്ള 7 ബില്യണ്‍ ഡോളറിന്റെ കുടിശിക. 5 ജി നെറ്റ്വര്‍ക്കുകള്‍ അവതരിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളര്‍ കൂടുതലായി ചെലവഴിക്കേണ്ടിയും വരുന്നു. വോഡഫോണ്‍ ഐഡിയ രണ്ടു വര്‍ഷമായി നഷ്ടത്തിലാണ്.സുനില്‍ മിത്തലിന്റെ നിയന്ത്രണത്തിലുള്ള ഭാരതി എയര്‍ടെല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ആദ്യമായാണ് നഷ്ടം രേഖപ്പെടുത്തിയത്.

അതേസമയം, 2016 ലെ രംഗപ്രവേശനത്തിനു ശേഷം സൗജന്യ കോളുകളും വിലകുറഞ്ഞ ഡാറ്റയും പ്രായോഗികമാക്കിക്കൊണ്ട് രാജ്യത്തെ മികച്ച ടെലികോം ഓപ്പറേറ്ററെന്ന സ്ഥാനം പെട്ടെന്നു തന്നെ സ്വന്തമാക്കിയ വ്യത്യസ്ത ചരിത്രമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കുള്ളത്.

കമ്പനികളും ടെലികോം വകുപ്പും തമ്മിലുള്ള കരാറില്‍ പറയുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആര്‍) എന്നതില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്നായിരുന്നു സുപ്രീം കോടതി പരിഗണിച്ച തര്‍ക്ക വിഷയം. ടെലികോം സേവനങ്ങള്‍ മാത്രമാണ് എജിആറില്‍ ഉള്‍പ്പെടുകയെന്ന്് കമ്പനികള്‍ വാദിച്ചു. എന്നാല്‍ നിക്ഷേപങ്ങളുടെ പലിശ, സ്‌ക്രാപ്പ് ഉള്‍പ്പടെ ആസ്തികള്‍ വില്‍ക്കുന്നതില്‍നിന്നുള്ള വരുമാനം തുടങ്ങിയവയും ഒഴിവാക്കാനാവില്ലെന്ന്് ടെലികോം വകുപ്പ് വാദിച്ചു.

കമ്പനികള്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനം ടെലികോം വകുപ്പിനു നല്‍കണമെന്നാണ് 1999ലെ നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതനുസരിച്ചാണ് കരാറില്‍ എജിആര്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. സ്‌പെക്ട്രം യൂസര്‍ ഇനത്തില്‍ വരുമാനത്തിന്റെ 3 മുതല്‍ 5 ശതമാനം വരെയും ലൈസന്‍സ് ഫീസായി 8 ശതമാനവും നല്‍കണമെന്നാണ് വ്യവസ്ഥയിലുള്ളത്.

എന്തൊക്കെ ഉള്‍പ്പെടുന്നതാണ് വരുമാനമെന്ന കാര്യത്തില്‍ ടെലികോം വകുപ്പിന്റെ നിലപാട് നേരത്തെ തര്‍ക്കപരിഹാര അപ്പീല്‍ ട്രൈബ്യൂണല്‍ ചില ഭേദഗതികളോടെ അംഗീകരിച്ചിരുന്നു. മൂലധന വരുമാനം, കിട്ടാക്കടം, ഡീലര്‍മാര്‍ക്കു നല്‍കുന്ന മാര്‍ജിന്‍ തുടങ്ങിയവ എജിആറില്‍ ഉള്‍പ്പെടില്ലെന്നാണ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്. അതിനെതിരെ കേന്ദ്ര സര്‍ക്കാരും ടെലികോം കമ്പനികളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

മൊത്തം വരുമാനം എന്നതിന്റെ നിര്‍വചനം കരാറില്‍ വ്യക്തമായിരിക്കേ കമ്പനികളുടെ വാദത്തിനു നിലനില്‍പ്പില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വരുമാനം പങ്കുവയ്ക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പിഴയും പലിശയും ചുമത്താമെന്ന വ്യവസ്ഥ ശരിയാണെന്നും കോടതി നിരീക്ഷിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it