വൈ ഫൈ കോളിങ് രാജ്യവ്യാപകമാക്കി എയര്‍ടെല്‍, ജിയോ
ഈയിടെ അവതരിപ്പിച്ച വൈ ഫൈ കോളിങ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പത്തു ലക്ഷം കടന്നതായി ഭാരതി എയര്‍ടെല്‍. ഇന്ത്യയിലൊട്ടാകെ ഈ സൗകര്യം കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. 16 സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുടെ 100 ലേറെ മോഡലുകള്‍ക്ക് ഈ സൗകര്യം നല്‍കാനാവും.
പ്രത്യേകം ആപ്പോ, സിം കാര്‍ഡോ ആവശ്യമില്ലാതെ ഏതെങ്കിലും വൈ ഫൈ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച വോയ്സ് കോളിങ് സംവിധാനം ഒരുക്കുന്നു ഇത്.ഡല്‍ഹി, മുംബൈ, തമിഴ്നാട്, കൊല്‍ക്കത്ത, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ഭാരതി എയര്‍ടെല്‍ ഈ സേവനം ആരംഭിച്ചത്. പ്രധാന എതിരാളിയായ ജിയോയും ഈ സേവനം ജനുവരി 16 നകം ഇന്ത്യയിലുടനീളം ലഭ്യമാക്കുമെന്നറിയിച്ചിരുന്നു.
ജിയോ നിലവില്‍ കൊണ്ടുവന്നിരിക്കുന്ന സേവനം എയര്‍ടെല്ലിനേക്കാള്‍ വിപുലമാണ്.ജിയോയുടെ ഉപയോക്താക്കള്‍ക്കായി വൈഫൈ കോളിംഗ് 150ല്‍ പരം ഹാന്‍ഡ്‌സെറ്റുകളെ പിന്തുണയ്ക്കുന്നു. ഇതിനു പുറമെ എല്ലാ വൈഫൈ നെറ്റ്വര്‍ക്കുകളിലൂടെയും വൈഫൈ കോളിംഗ് ലഭ്യമാണ്. എന്നാല്‍, എയര്‍ടെല്‍ സേവന പ്രകാരം അവരുടെ ബ്രോഡ്ബാന്‍ഡ് നല്‍കുന്ന വൈഫൈയില്‍ മാത്രമേ വൈഫൈ കോളിംഗ് സംവിധാനം പ്രവര്‍ത്തിക്കൂ.
വൈഫൈ കോളിംഗ് നിലവില്‍ വരുന്നത്തോടെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വൈഫൈ കോളുകള്‍ വിളിക്കുകയും സ്വീകരിക്കുകയും ചെയ്യാം. സെല്ലുലാര്‍ സേവനം ലഭ്യമല്ലാത്തപ്പോഴും ഡ്രോപ്പ് കോളുകള്‍ പോലുള്ള മോശം സിഗ്നല്‍ പ്രശ്നങ്ങള്‍ ഉള്ളപ്പോഴും കോള്‍ കണക്റ്റ് ചെയ്യാന്‍ ഈ സൗകര്യം സഹായിക്കും. വീഡിയോ കോളുകള്‍ക്ക് വൈഫൈയില്‍ ഒരു എല്‍ടിഇ കണക്ഷന്‍ ആവശ്യമില്ല.ഇന്ത്യയ്ക്കുള്ളില്‍ കോള്‍ ചെയ്താല്‍ വൈഫൈ കോളിംഗ് സൗജന്യമാകുമെന്ന് ജിയോ പറഞ്ഞു. ഐഎസ്ഡി കോളുകള്‍ക്ക്, അന്തര്‍ദ്ദേശീയ കോളിംഗ് നിരക്കുകള്‍ ബാധകമാകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline