പ്രതിസന്ധി നേരിടാന്‍ വേറിട്ട മാര്‍ഗം, മാര്‍ക്കറ്റിംഗ് ചെലവു കുറച്ചല്ല, കൂട്ടി അമുല്‍

കൊവിഡ് 19 നെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ രാജ്യത്തെ വ്യവസായ മേഖല തങ്ങളുടെ മാര്‍ക്കറ്റിംഗ് ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ് ഉണ്ടായത്. ആളുകള്‍ പുറത്തിറങ്ങാതിരിക്കുകയും വിപണി ഉറങ്ങിക്കിടക്കുകയും ചെയ്യുമ്പോള്‍ മറ്റെന്തു ചെയ്യാനാണ് എന്നാണ് മിക്ക സംരംഭകരും കരുതിയത്. എന്നാല്‍ അമുല്‍ എന്ന ബ്രാന്‍ഡിന്റെ ഉടമകളായ ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് മറ്റൊരു രീതിയിലാണ് ചിന്തിച്ചത്. എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ അമുല്‍ തങ്ങളുടെ മാര്‍ക്കറ്റിംഗ് ചെലവ് ഇരട്ടിയാക്കി. വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങളില്‍ വര്‍ധന വരുത്തി.

മാത്രമല്ല, ദൂരദര്‍ശന്‍ രാമായണവും മഹാഭാരതവും വീണ്ടും സംപ്രേഷണം തുടങ്ങിയപ്പോള്‍ ശ്രദ്ധേയമായ അമുല്‍ പരസ്യങ്ങള്‍ അതിനിടയില്‍ വീണ്ടും സ്ഥാനം പിടിച്ചു. 60 കള്‍ മുതലുള്ള പഴയ പരസ്യങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത് പ്രായഭേദമന്യേ ആളുകള്‍ സ്വീകരിക്കുകയും ചെയ്‌തെന്നാണ് കമ്പനി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
ലോക്ക് ഡൗണിന് മുമ്പ് ആകെ വരുമാനത്തിന്റെ ഒരു ശതമാനമാണ് അമുല്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചിരുന്നതെങ്കില്‍ മാര്‍ച്ചില്‍ അത് ഇരട്ടിയാക്കി. ബിഎആര്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, രാമായണവും മഹാഭാരതവും പ്രക്ഷേപം ചെയ്തു തുടങ്ങിയതോടെ വ്യൂവര്‍ഷിപ്പില്‍ വന്‍ വര്‍ധനയുണ്ടാകുകയും ഇത് ദൂരദര്‍ശനെ രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനലാക്കി മാറ്റുകയും ചെയ്തു.

മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ധനയോടെ 38,550 കോടി രൂപയുടെ വരുമാനമാണ് 2019-20 സാമ്പത്തിക വര്‍ഷം അമുല്‍ നേടിയത്. ഈ സാമ്പത്തിക വര്‍ഷം ഇതില്‍ 15 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. റസ്റ്റൊറന്റുകളും കഫ്റ്റീരിയകളും അടച്ചിട്ടതിലൂടെ ഉണ്ടായിരിക്കുന്ന വില്‍പ്പന നഷ്ടം ഗാര്‍ഹിക ഉപഭോഗം കൂടിയതിലൂടെ നികത്തുകയാണ് അമുല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it