പുതിയ ഉല്‍പ്പന്നങ്ങള്‍, പുതിയ പദ്ധതികള്‍ വന്‍ ലക്ഷ്യങ്ങളുമായി ആംവേ

ഇന്ത്യക്കാര്‍ക്കു മുന്നില്‍ പുതിയ ഒരു ബിസിനസ് അവസരവും സവിശേഷതകളുള്ള ചില ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ചുകൊണ്ടായിരുന്നു ആഗോള ഡയറക്റ്റ് സെല്ലിംഗ് കമ്പനിയായ ആംവേ 1998ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്നത്. ഇന്ന് 140ല്‍ അധികം നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ആംവേ (ഇന്ത്യ) രാജ്യത്തെ എഫ്എംസിജി മേഖലയിലെ ഏറ്റവും വലിയ ഡയറക്റ്റ് സെല്ലിംഗ് കമ്പനിയാണ്.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആംവേ ഡയറക്റ്റ് സെല്ലേഴ്‌സ് എന്ന നിലയില്‍

സ്വന്തം ബിസിനസിലൂടെ തുടര്‍ച്ചയായ വരുമാനം ഉണ്ടാക്കാനുള്ള അവസരവും ആംവേ നല്‍കിയിരിക്കുന്നു. 20-ാം വാര്‍ഷിക വേളയില്‍ ഒട്ടേറെ പുതിയ ഉല്‍പ്പന്നങ്ങളും പുതിയ പദ്ധതികളുമായി വന്‍ മുന്നേറ്റമാണ് ആംവേ ലക്ഷ്യമിടുന്നത്. 2017 കലണ്ടര്‍ വര്‍ഷത്തില്‍ 1785 കോടി രൂപയുടെ വിറ്റുവരവ് നേടിയ ആംവേ ഇന്ത്യയുടെ 2025ലെ വിറ്റുവരവ് ലക്ഷ്യം 6000 കോടി രൂപയാണ്. ഇതിനകം ഇന്ത്യയില്‍ 1000 കോടി രൂപയുടെ നിക്ഷേപം നടത്തിയ കമ്പനി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗവേഷണ, വികസനത്തിനും ഡിജിറ്റല്‍ പദ്ധതികള്‍ക്കുമായി 100 കോടി രൂപ കൂടി നിക്ഷേപിക്കാനൊരുങ്ങുകയാണ്.

''എഫ്.എംസിജി ഡയറക്റ്റ് സെല്ലിംഗ് മേഖല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2025ഓടെ 65,000 കോടി രൂപയുടെ വിപണിയായി അത് വളരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് ഇപ്പോഴത്തേതില്‍ നിന്ന് ആറ് ഇരട്ടി വളര്‍ച്ച. ഇത് ഞങ്ങള്‍ക്ക് വന്‍ വളര്‍ച്ചാ സാധ്യതകളാണ് തുറന്നു നല്‍കുന്നത്,'' ആംവേ ഇന്ത്യയുടെ സിഇഒ അന്‍ഷു ബുദ്ധ്‌രാജ അഭിപ്രായപ്പെടുന്നു. ശക്തമായ ഡയറക്റ്റ് സെല്ലേഴ്‌സ് ശൃംഖലയിലൂടെയും ഡിജിറ്റല്‍ രംഗത്തെ സാധ്യതകള്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയും പുതിയ ഉല്‍പ്പന്ന നിരയിലൂടെയും 2025 ഓടെ വിറ്റുവരവില്‍ മൂന്നിരട്ടി വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുന്നു.

വിപുലമായ ഉല്‍പ്പന്ന ശ്രേണി

ന്യൂട്രീഷന്‍, ബ്യൂട്ടി, പെഴ്‌സണല്‍ കെയര്‍, ഹോം കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിങ്ങനെ വ്യത്യസ്തമായ ഉല്‍പ്പന്ന ശ്രേണികളുള്ള ആംവേ ഇന്ത്യ അടുത്തകാലത്ത് അവതരിപ്പിച്ച വെയ്റ്റ് മാനേജ്‌മെന്റ് പ്രോഗ്രാം (W.O.W - Will Over Weight) ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രീമിയം കുക്ക് വെയര്‍, ശ്രേണിയായ ആംവേ ക്വീന്‍, എനര്‍ജി ഡ്രിങ്ക്, സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ സെഗ്‌മെന്റിലെ തട എന്നിവയ്ക്ക് പുറമെ ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ന്യൂട്രിലൈറ്റ് ബ്രാന്‍ഡില്‍ ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളും പുറത്തിറക്കി.

ബ്രഹ്മി, തുളസി, അശ്വഗന്ധ മുതലായവ ഉപയോഗിച്ചുള്ള ഹെര്‍ബല്‍ ഉല്‍പ്പന്ന ശ്രേണിയുടെ വില്‍പ്പന 2018ല്‍ തന്നെ 100 കോടി രൂപ മറികടക്കുമെന്നാണ് ആംവേയുടെ കണക്കുകൂട്ടല്‍. താമസിയാതെ ബ്യൂട്ടി, പെഴ്‌സണല്‍ കെയര്‍ വിഭാഗത്തിലും ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് അന്‍ഷു ബുദ്ധ്‌രാജ വ്യക്തമാക്കി നിലവിലുള്ള പല ഉല്‍പ്പന്നങ്ങളും 100 കോടി ക്ലബില്‍ ഇടം നേടിയിട്ടുണ്ട്. ന്യൂട്രിലൈറ്റ് പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍, ന്യൂട്രിലൈറ്റ് ഡെയ്‌ലി, ആംവേ ക്വീന്‍ കുക്ക് വെയര്‍, ഗ്ലിസ്റ്റര്‍ ടൂത്ത് പേസ്റ്റ് മുതലായ ഉല്‍പ്പന്നങ്ങള്‍ ഓരോന്നും വില്‍പ്പനയില്‍ 100 കോടി രൂപ കടന്നവയാണ്.

ആംവേയുടെ വിറ്റുവരവിന്റെ ഏറിയ പങ്കും സംഭാവന ചെയ്യുന്ന ന്യൂട്രീഷന്‍, വെല്‍നസ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 2025ഓടെ ഇരട്ടിയായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. വന്‍തോതില്‍ വളരുന്ന ന്യൂട്രസ്യൂട്ടിക്കല്‍ വിപണി പ്രയോജനപ്പെടുത്താന്‍ നിലവിലുള്ളവയ്ക്ക് പുറമെ നിരവധി പുതിയ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കും. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വിഭാഗമാണ് ഊന്നല്‍ നല്‍കുന്ന മറ്റൊരു മേഖല.

ഡിജിറ്റല്‍ മേഖലയിലും നിക്ഷേപം

ആംവേ ഓണ്‍ലൈന്‍ സ്‌റ്റോര്‍, മൊബീല്‍ ആപ്പ് എന്നിവയ്ക്കായി വന്‍തോതില്‍ നിക്ഷേപം നടത്തിയ കമ്പനി മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് ആരംഭിച്ച കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ അത്യാധുനിക ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളവയാണ്.

ആംവേ XPP (എക്‌സ്പ്രസ് പിക്ക് & പേ) സ്‌റ്റോറുകളാണ് ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സൗകര്യം കണക്കിലെടുത്തുള്ള മറ്റൊരു നടപടി.

ആംവേ ഉല്‍പ്പന്നങ്ങളുടെ ഒരു മിനി ഷോപ്പിംഗ് സെന്റര്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി നാല് ആംവേ തജജ സ്‌റ്റോറുകളാണുള്ളത്. കൊച്ചിയിലെ സ്‌റ്റോറിനൊപ്പം ഒരു ബ്രാന്‍ഡ് എക്‌സ്പീരിയന്‍സ് സെന്ററും പ്രവര്‍ത്തിക്കുന്നു. ഇവിടെ ആംവേ ഉപഭോക്താക്കള്‍ക്ക് ഹെല്‍ത്ത്, ബ്യൂട്ടി കണ്‍സള്‍ട്ടന്റുമാരുടെ സേവനവും ലഭ്യമാണ്.

തങ്ങളുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിച്ചും പ്രാദേശികമായ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ അവ അനായാസം വാങ്ങാനുള്ള അവസരമൊരുക്കിയും ന്യൂട്രീഷന്‍, വെല്‍നസ്, ബ്യൂട്ടി ഷോപ്പിംഗില്‍ ആംവേയുടെ ബ്രാന്‍ഡ് സാന്നിധ്യം ശക്തമാക്കാനായി കൂടുതല്‍ തജജ സ്‌റ്റോറുകള്‍ തുടങ്ങാനാണ് കമ്പനിയുടെ ഉദ്ദേശ്യം.

മുമ്പ് വിതരണക്കാര്‍ വഴി മാത്രം ലഭ്യമായിരുന്ന ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയുംവിപണിയിലെത്തിച്ച് വിപണി കൂടുതല്‍ വിശാലമാക്കുകയാണ് ആംവേ.

"സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും''

കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളുടെ മാതൃകയില്‍ കേരള സര്‍ക്കാരും ഡയറക്റ്റ് സെല്ലിംഗിനെ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 9ന് പ്രസിദ്ധീകരിച്ചിരുന്നു. ഉപഭോക്താക്കളുടെയും ഡയറക്റ്റ് സെല്ലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍.

യഥാര്‍ത്ഥ ഡയറക്റ്റ് സെല്ലിംഗ് കമ്പനികള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷമൊരുക്കാന്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ സഹായിക്കുമെന്ന് ആംവേ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അന്‍ഷു ബുദ്ധ് രാജ പറഞ്ഞു. ഡയറക്റ്റ് സെല്ലിംഗ് വ്യവസായ മേഖലയ്ക്ക് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ ഇത് ഉത്തേജനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞ ചെലവില്‍ തുടങ്ങാം, സ്വന്തം ബിസിനസ്

ഡയറക്റ്റ് സെല്ലിംഗ് എന്ന ആശയത്തിലൂന്നിയാണ് ആംവേയുടെ പ്രവര്‍ത്തനം. കമ്പനിയുടെ വിതരണക്കാരനായി ചേര്‍ന്ന് സ്വന്തമായ മുതല്‍മുടക്കില്ലാതെ തന്നെ ബിസിനസ് കെട്ടിപ്പടുക്കാനുള്ള അവസരമാണ് ആംവേ മുമ്പോട്ടു വെക്കുന്നത്. മുമ്പ് ബിസിനസ് തുടങ്ങാന്‍ നിശ്ചിത തുക നല്‍കി രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഫീസൊന്നും നല്‍കാതെ തന്നെ താല്‍പ്പര്യമുള്ള ആര്‍ക്കും വിതരണക്കാരനാകാം. പ്രതിവര്‍ഷം അത് പുതുക്കാനും തുകയൊന്നും നല്‍കേണ്ടതില്ല. ഏത് സമയത്തും ബിസിനസ് അവസാനിപ്പിക്കാനും കഴിയും.

വിതരണക്കാര്‍ ആകാന്‍ താല്‍പ്പര്യമില്ലെങ്കിലും ആംവേ ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കായി 'പ്രിഫേര്‍ഡ് കസ്റ്റമര്‍' ആയി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ആംവേ ഒരുക്കുന്നുണ്ട്. പ്രത്യേക നിരക്കില്‍ ആംവേ സ്റ്റോറില്‍ നിന്നോ ഓണ്‍ലൈനായോ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം എന്നതാണ് നേട്ടം.

ആധുനികം, പരിസ്ഥിതി സൗഹൃദം

തമിഴ്‌നാട്ടിലെ ഡിന്‍ഡിഗല്‍ ഡിസ്ട്രിക്റ്റില്‍ നിലക്കോട്ടയിലെ ഗവണ്‍മെന്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ആംവേയുടെ ഫാക്റ്ററി യു.എസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ LEED ഗോള്‍ഡ് സര്‍ട്ടിഫിക്കേഷനോട് കൂടിയതാണ്. 50 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ അത്യാധുനിക ഫാക്റ്ററിയുടെ 50 ശതമാനം ശേഷി മാത്രമേ ഇപ്പോള്‍ വിനിയോഗിക്കുന്നുള്ളൂ. ന്യൂട്രിഷന്‍, കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ടൂത്ത് പേസ്റ്റും പാനീയങ്ങളും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു.

വെള്ളത്തിന്റെയും ഊര്‍ജത്തിന്റെയും കുറഞ്ഞ ഉപയോഗം, സൗരോര്‍ജ ഉല്‍പ്പാദനം, മഴവെള്ള സംഭരണം, മാലിന്യ നിര്‍മാര്‍ജനം എന്നിവയിലൊക്കെ മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്ന ഫാക്റ്ററിയും പരിസരവും തികച്ചും പരിസ്ഥിതി സൗഹൃദമായി നിലനിര്‍ത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Related Articles
Next Story
Videos
Share it