അനില്‍ അംബാനിയുടെ നഷ്ടകഥ മാറ്റിയെഴുതാന്‍ മക്കളുടെ തുണ

പാപ്പരായിക്കഴിഞ്ഞ ടെലികോം വിഭാഗം ഒഴികെയുള്ള നാല് റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ മാത്രം 2019 ജൂലൈയിലെ കണക്കനുസരിച്ച് 93900 കോടി രൂപയുടെ കടക്കെണിയിലാണ്

video capture

നഷ്ടപാതയിലുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് പുത്രന്മാരായ അന്‍മോലും അന്‍ഷുലും. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ആര്‍ഇന്‍ഫ്ര)  കമ്പനിയുടെ ഡയറക്ടര്‍മാരായി ഇവരെ നിയമിച്ചു.കമ്പനിയുടെ ചെയര്‍മാനും പ്രൊമോട്ടറുമാണ് അനില്‍ അംബാനി. ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) സയ്യിദ് അതാ ഹസ്നെനെ സ്വതന്ത്ര ഡയറക്ടറായും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായി പുനിത് ഗാര്‍ഗ് തുടരും.

വാര്‍വിക് ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദം നേടിയയാളാണ് 27 കാരനായ അന്‍മോല്‍. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റേഷന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട് അന്‍ഷുല്‍ (24).

പാപ്പരായിക്കഴിഞ്ഞ ടെലികോം വിഭാഗം ഒഴികെയുള്ള നാല് റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ മാത്രം 2019 ജൂലൈയിലെ കണക്കനുസരിച്ച് 93900 കോടി രൂപയുടെ കടക്കെണിയിലാണ്.പതിനൊന്ന് വര്‍ഷം മുമ്പ് ലോകത്തെ അതിസമ്പന്നരില്‍ ആറാമനായിരുന്ന അനില്‍ അംബാനി ഇക്കൊല്ലം ബില്ല്യനയര്‍ ക്‌ളബില്‍ നിന്ന് തന്നെ പുറത്ത് പോയി. 2008ല്‍ 4200 കോടി ഡോളറായിരുന്നു അനിലിന്റെ സമ്പത്ത്. ഇതിപ്പോള്‍ 523 ദശലക്ഷം ഡോളറായി.(3,651കോടി രൂപ). പണയ ഓഹരികള്‍ ഉള്‍പ്പടെയാണ് ഈ മൂല്യം.

നാല് മാസം മുമ്പ് അംബാനിയുടെ ദി റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്തി 8,000 കോടിയായിരുന്നു. അനില്‍ അംബാനിയുടെ ബിസിനസ് സമ്രാജ്യം ഏതാനും വര്‍ഷങ്ങളായി നഷ്ടകഥയാണെഴുതുന്നത്. സാമ്പത്തിക കുടിശികകളുടെ പേരില്‍ ജയില്‍ ശിക്ഷയുണ്ടാകുമെന്ന ഘട്ടത്തില്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനിയാണ് രക്ഷക്കെത്തിയത്.2018 മാര്‍ച്ചില്‍ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം കടം 1.7 ലക്ഷം കോടിയായിരുന്നു. ഇത് വീട്ടുന്നതിനായി വന്‍തോതില്‍ ആസ്തികള്‍ വിറ്റഴിച്ചതാണ് മൊത്തം സമ്പത്തില്‍ ഇടിവുണ്ടായിക്കിയത്.

അതേസമയം, അനുജന്‍ അംബാനി തളരുമ്പോള്‍ ജ്യേഷ്ഠന്‍ മൂകേഷ് അംബാനിയുടെ ബിസിനസ് പടര്‍ന്ന് പന്തലിക്കുകയാണ്. മൂകേഷിന്റെ മുംബായിലെ അത്യാഡംബര വസതിയായ ആന്റിലിയയുടെ മൂല്യത്തോളം പോലും വരില്ല അനുജന്റെ ഇപ്പോഴത്തെ മൊത്തം ആസ്തി. ആന്റിലയുടെ മൂല്യം ഇരുന്നൂറ് കോടി ഡോളറോളം വരും. 2017-18ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ലാഭവിഹിതമായി മൂകേഷ് അംബാനിക്ക് ലഭിച്ചത് 14,500 കോടി രൂപയാണ്.അനില്‍ ആകട്ടെ കടക്കെണി മുറുകുന്നതിനിടെ സ്വത്തുക്കളോരോന്നായി വിറ്റുകൊണ്ടിരിക്കുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here