'അനില്‍ അംബാനിക്ക് റാഫേലിന് പണമുണ്ട്, ഞങ്ങള്‍ക്ക് തരാനില്ല'

കോടതി ഉത്തരവ് ഉണ്ടായിട്ടും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ് നല്‍കാനുള്ള 550 കോടി രൂപ നല്‍കാത്തതിനെതിരെ എറിക്‌സന്റെ അഭിഭാഷകന്‍.

''അനില്‍ അംബാനിക്ക് റാഫേലില്‍ നിക്ഷേപിക്കാന്‍ പണമുണ്ട്. പക്ഷെ കോടതിയുടെ ഉത്തരവ് പാലിക്കാന്‍ (എറിക്‌സണ് നല്‍കാനുള്ള 550 കോടി തിരിച്ചടയ്ക്കുന്നതിന്) സാധിക്കുന്നില്ല,'' എറിക്‌സണ് വേണ്ടി കോടതിയില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ജസ്റ്റിസ് ആര്‍ഇ നരിമാന്‍, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചിനോട് വിശദീകരിച്ചു.

അനില്‍ അംബാനിക്ക് എതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് വാദം. അനില്‍ അംബാനി ഗ്രൂപ്പ് ഒരൊറ്റ സ്ഥാപനം ആയി പരിഗണിക്കണമെന്നും റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ബാധ്യതകള്‍ ഗ്രൂപ്പ് തിരിച്ചടയ്ക്കണം എന്നുമായിരുന്നു എറിക്‌സന്റെ വാദം.

അനില്‍ അംബാനിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ആസ്തിയുണ്ട്. ചക്രവര്‍ത്തിയെപ്പോലെ വമ്പന്‍ ഭവനങ്ങളിലാണ് ജീവിക്കുന്നത്. പ്രൈവറ്റ് ജെറ്റില്‍ പറക്കുന്നു. പക്ഷെ കോടതിയുത്തരവ് പാലിക്കുന്നില്ല- ദുഷ്യന്ത് ദാവേ കോടതിയില്‍ പറഞ്ഞു.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തങ്ങള്‍ക്ക് 550 കോടി നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അനില്‍ അംബാനിയും മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരും വിദേശത്ത് പോകുന്നത് തടയണമെന്ന ആവശ്യവുമായി എറിക്‌സണ്‍ കോടതിയെ സമീപിച്ചത്. കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരം അനില്‍ അംബാനി ഇവര്‍ക്ക് നല്‍കാനുള്ള 1600 കോടി രൂപ നേരത്തെ തന്നെ 550 കോടി രൂപയാക്കി എറിക്‌സണ്‍ കുറച്ചിരുന്നു. പക്ഷെ ആ കരാറും തെറ്റിച്ച സാഹചര്യത്തിലാണ് വീണ്ടും എറിക്‌സണ്‍ കോടതിയലക്ഷ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

ഇതിനിടെ അനില്‍ അംബാനിക്കായി ഉത്തരവില്‍ തിരുത്ത് വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സുപ്രീം കോടതി പിരിച്ചുവിട്ടു. കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി കോടതിയില്‍ ഹാജരാകണം എന്ന സുപ്രീം കോടതി ഉത്തരവില്‍ തിരുത്തല്‍ വരുത്തിയ രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാര്‍ക്ക് എതിരെയാണ് നടപടി. അനില്‍ അംബാനി കോടതിയില്‍ ഹാജരാകേണ്ടതില്ല എന്ന രീതിയിലാണ് ഉത്തരവില്‍ തിരുത്ത് വരുത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it