ശതകോടീശ്വരന്മാരിലെ വലിയ കാരുണ്യവാന്‍ അസിം പ്രേംജി
2019 ല്‍ ലോകത്ത് ഏറ്റവുമധികം ആസ്തിയിടിഞ്ഞ ശതകോടീശ്വരനായി മാറിയതോടൊപ്പം ഏറ്റവും ഉദാര മനസ്‌കനായ ജീവകാരുണ്യ പ്രവര്‍ത്തകനെന്ന ഖ്യാതിയും ഫോര്‍ബ്‌സ് പട്ടികയില്‍ സ്വന്തമാക്കി വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി.
വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ അസിം പ്രേംജി ഫൗണ്ടേഷനിലേക്ക് വിപ്രോ ലിമിറ്റഡിലെ തന്റെ ഓഹരികളില്‍ നിന്ന് 7.6 ബില്യണ്‍ ഡോളറാണ് (53,000 കോടി രൂപ) അസിം പ്രേംജി സംഭാവനയായി നല്‍കിയത്.ശതകോടീശ്വര സമ്പത്തിന്റെ സിംഹഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവഴിക്കാനുള്ള സന്നദ്ധത ഉറപ്പിക്കുന്ന പ്രതിജ്ഞയായ 'ഗിവിംഗ് പ്ലെഡ്ജി'ല്‍ ആദ്യമായി ഒപ്പിട്ട ഇന്ത്യക്കാരനായ ശതകോടീശ്വരനാണ് അസിം പ്രേംജി. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സും ബര്‍ക്ക്ഷെയര്‍ ഹാത്ത്വേ സ്ഥാപകനായ വാറന്‍ ബഫറ്റും ചേര്‍ന്ന് 2010 ല്‍ ആണ് ഈ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.
ഇതുവരെ നൂറോളം ശതകോടീശ്വരര്‍ തങ്ങളുടെ സ്വത്ത് സമൂഹ നന്‍മയ്ക്കായി ചെലവഴിക്കാമെന്ന പ്രതിജ്ഞ ഈ സംഘടനയുമായി ബന്ധപ്പെട്ട് എടുത്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഫാര്‍മ സ്ഥാപനമായ ബയോകോണിന്റെ സ്ഥാപക കിരണ്‍ മജൂംദാര്‍ ഷായും 2016 ല്‍ ഈ പ്രതിജ്ഞ എടുത്തു. ജൂലൈയില്‍ ലണ്ടനിലെ ഗ്ലാസ്ഗോ സര്‍വകലാശാലയ്ക്ക് 7.5 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്ത കിരണ്‍ മജൂംദാര്‍ ഷായും ഭര്‍ത്താവ് ജോണും ഇത്തവണ ഫോബ്സ് ജീവകാരുണ്യ പട്ടികയില്‍ ഇടം നേടി.അസിം പ്രേംജിക്കു പിന്നിലാണ് 3.6 ബില്യണ്‍ ഡോളര്‍ നല്‍കിയ വാറന്‍ ബഫറ്റ്.
വിപ്രോയുടെ തലപ്പത്ത് അഞ്ച് പതിറ്റാണ്ട് കാലത്തെ സേവനം അവസാനിപ്പിച്ച് കഴിഞ്ഞ ജൂലൈ മാസത്തില്‍ പടിയിറങ്ങിയ പ്രേംജി, തന്റെ സമ്പത്തിന്റെ സിംഹഭാഗവും സമൂഹത്തിനായി മാറ്റിവെക്കുകയായിരുന്നു. 2018 ലെ ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടികയില്‍ 21 ബില്യണ്‍ ഡോളറിന്റെ (1.47 ലക്ഷം കോടി രൂപ) അറ്റ ആസ്തിയുമായി രണ്ടാം സ്ഥാനത്തായിരുന്നു അസിം പ്രേംജിയുടെ സ്ഥാനം. 53,000 കോടി രൂപ കാരുണ്യത്തിനായി ചെലവഴിക്കാന്‍ നീക്കിയശേഷം അറ്റ ആസ്തി ഏകദേശം 50,000 കോടി രൂപയിലേക്ക് ഇടിഞ്ഞു.
വിവരസാങ്കേതിക ഔട്ട്സോഴ്സിംഗ് രംഗത്തെ ശക്തമായ ഇന്ത്യന്‍ സാന്നിധ്യമാണ് വിപ്രോ. 1966ല്‍ 21 ആം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അസിം പ്രേംജി പിതാവിന്റെ പാചക എണ്ണ വ്യവസായം ഏറ്റെടുത്തശേഷം 53 വര്‍ഷക്കാലം വിപ്രോക്കു നേതൃത്വം നല്‍കി. കാലാനുസൃതമായി കമ്പനിയുടെ ബിസിനസുകളില്‍ മാറ്റം വരുത്തിയ അദ്ദേഹം ലോകത്തെ തന്നെ ശക്തമായ വ്യവസായ സാമ്രാജ്യങ്ങളിലൊന്ന് പടുത്തുയര്‍ത്തി.
കൊച്ചു വെജിറ്റബിള്‍ ഓയില്‍ കമ്പനിയെ 8.5 ബില്യണ്‍ ഡോളറിന്റെ ആഗോള ഐടി പവര്‍ഹൗസാക്കി മാറ്റുകയായിരുന്ന പ്രേംജി. 2018-19 ല്‍ 2 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള തന്റെ ഐടി ഇതര വിഭാഗമായ വിപ്രോ എന്റര്‍പ്രൈസസിനെ ആഗോള എഫ്എംസിജി , ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാരായി മാറ്റിയതും അദ്ദേഹത്തിന്റെ മികവാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline