മുഖഛായ മാറ്റി യു.എ.ഇ എക്‌സ്‌ചേഞ്ച്
യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എല്ലാ ധനവിനിമയ സ്ഥാപനങ്ങളും ഇനി മുതല്‍ 'ഫിനേബ്ലര്‍' എന്ന ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് കമ്പനിയുടെ കീഴില്‍.
യു.എ.ഇ. എക്‌സ്‌ചേഞ്ച്, ട്രാവലെക്‌സ്, എക്‌സ്പ്രസ് മണി എന്നീ ധനവിനിമയ സേവന ബ്രാന്‍ഡുകളെ ഏകോപിപ്പിച്ച് രൂപീകരിക്കുന്ന പുതിയ ഹോള്‍ഡിങ് കമ്പനിയുടെ ആസ്ഥാനം യു.കെ ആണ്.
'യു.എ.ഇ. എക്സ്ചേഞ്ച്' ഇനി മുതല്‍ 'യൂണിമണി' എന്ന പേരിലായിരിക്കും അറിയപ്പെടുക. 'യൂണിവേഴ്സല്‍ മണി' എന്നതിന്റെ ചുരുക്കപ്പേരായിട്ടാണ് ഇത്. എന്നാല്‍ യുഎഇയില്‍ 'യുഎഇ എക്‌സ്‌ചേഞ്ച്' എന്ന പേരില്‍ തന്നെയാകും സ്ഥാപനം തുടര്‍ന്നും പ്രവര്‍ത്തിക്കുക.
നിലവിലുള്ള ബ്രാന്‍ഡുകളുടെ ധനവിനിമയ മേഖലയിലെ അനുഭവ സമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ഏകോപിപ്പിച്ച് മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഉപഭോക്താക്കളുടെ ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് ധനകാര്യ സേവന മേഖലയില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരിക എന്നതാണ് ഫിനേബ്ലറിന്റെ ആത്യന്തികമായ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കെത്താനുള്ള തങ്ങളുടെ നിരന്തരമായ പരിശ്രമമായിരിക്കും ഫിനേബ്ലറിനെ നയിക്കുക എന്ന് കമ്പനി സ്ഥാപകനും ചെയര്‍മാനുമായ ബി ആര്‍ ഷെട്ടി പറഞ്ഞു.
ഫിനേബ്ലറിന് കീഴിലെ സംരംഭങ്ങള്‍ക്കാകെ ഇപ്പോള്‍ 45 രാജ്യങ്ങളില്‍ നേരിട്ടും 165 രാജ്യങ്ങളില്‍ ശൃംഖലകള്‍ വഴിയും സാന്നിധ്യമുണ്ട്. ഇവ പ്രതിവര്‍ഷം 150 ദശലക്ഷത്തിലേറെ ഇടപാടുകള്‍ നടത്തുന്നുണ്ട്.