കിട്ടാക്കടം ഏറ്റെടുക്കാന്‍ 'ബാഡ് ബാങ്ക്'വേണമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍
'ബാഡ് ബാങ്ക്' എന്നു വിളിക്കപ്പെടുന്ന ആസ്തി പുനഃക്രമീകരണ കമ്പനി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങാനുള്ള ആലോചന സജീവം. കിട്ടാക്കടങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ക്കു പരമാവധി മോചനം നല്‍കാനും നിലവിലുള്ള നിഷ്‌ക്രിയ ആസ്തികള്‍ ഫലപ്രദമായി മുതലാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 'ബാഡ് ബാങ്ക്' സ്ഥാപിക്കാനുള്ള സമയം എത്തിയിരിക്കുന്നതായി ഒരു മാധ്യമ അഭിമുഖത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ രജനിഷ് കുമാര്‍ പറഞ്ഞു.
പേര് 'ബാഡ് ബാങ്ക്' എന്നാകില്ല. സാധാരണ ബാങ്കുകളെപ്പോലെ നിക്ഷേപം സ്വീകരിക്കലും വായ്പ കൊടുക്കലുമൊന്നും ഈ സ്ഥാപനത്തിലുണ്ടാകില്ല. പൊതുമേഖലാ ബാങ്കുകളുടെ എല്ലാ കിട്ടാക്കടങ്ങളും പുതിയ ബാങ്ക് ഏറ്റെടുക്കും. ഓരോ ബാങ്കും അവയുടെ കിട്ടാക്കടത്തിന് തുല്യമായ ഓഹരികളോ കടപ്പത്രങ്ങളോ പകരം നല്‍കും. ബാഡ് ബാങ്ക് നിലവില്‍ വരുന്നതോടെ പൊതുമേഖലാ ബാങ്കുകളില്‍ ചീത്ത വായ്പകള്‍ അഥവാ കിട്ടാക്കടങ്ങള്‍ എന്ന സംഗതിയേ ഉണ്ടാകില്ല. ക്‌ളീന്‍ ബാലന്‍സ് ഷീറ്റോടെ പുതിയ വായ്പകള്‍ ആരംഭിക്കാം.
ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ഈ നിര്‍ദ്ദേശം നേരത്തെ ഉന്നയിച്ചിരുന്നു. ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സ്ഥാപനം രൂപവല്‍ക്കരിക്കണമെന്ന ആശയത്തിനു പിന്തുണയേറുന്നതായി നേരത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആയിരിക്കവേ അരവിന്ദ് സുബ്രഹ്മണ്യന്‍ വെളിപ്പെടുത്തിയിരുന്നു. കിട്ടാക്കടം അത്തരമൊരു സ്ഥാപനത്തിന്റെ തലയില്‍വച്ചു ബാങ്കുകള്‍ കൈകഴുകുമെന്ന വിമര്‍ശനം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കിട്ടാക്കടത്തിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ത്തന്നെ അനുഭവിക്കുന്നുണ്ടെന്നും അതിനെക്കാള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകില്ലെന്നുമാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞത്. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച് 7.27 ലക്ഷം കോടി രൂപയാണ്.
മദ്യവ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി മേഹുല്‍ ചോക്സി എന്നിവരടക്കം 50 വിവാദ നായകരുടെ 68,607 കോടി രൂപ മതിക്കുന്ന വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ വിവരം ഈയിടെ പുറത്തുവന്നിരുന്നു.അതേസമയം നിഷ്‌ക്രിയ ആസ്തികളില്‍ നിന്ന് ഈ തുക തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് ബാങ്കുകള്‍ അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ഏകദേശം 50000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികളാണ് പൊതു മേഖലാ ബാങ്കുകളില്‍ പുതുതായി ഉണ്ടായത്.
മറ്റ് ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കുന്നതിന് ഒരു പ്രത്യേക ബാങ്ക് -അതാണ് ബാഡ് ബാങ്ക്. തങ്ങളുടെ കിട്ടാക്കടം ഇടപാടില്‍ തിരികെ ഈടാക്കാന്‍ കഴിഞ്ഞ തുക ബാഡ് ബാങ്കിന് കൈമാറിയാല്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ക്ളീന്‍ ബാലന്‍സ് ഷീറ്റ് സ്വന്തമാക്കാന്‍ സാധിക്കും. 1988ല്‍ അമേരിക്കയില്‍ തുടങ്ങിയ ഗ്രാന്റ് സ്ട്രീറ്റ് നാഷണല്‍ ബാങ്കാണ് ആദ്യത്തെ ബാഡ് ബാങ്ക്. കോര്‍പറേറ്റുകള്‍ വന്‍ കുടിശ്ശിക വരുത്തിയാല്‍ അതും ബാഡ് ബാങ്കിനെ ഏല്‍പ്പിക്കാന്‍ വ്യവസ്ഥയുണ്ടായേക്കാം.
നിലവില്‍ നഷ്ടവും കിട്ടാക്കടവും ചേര്‍ന്ന് ബാങ്കുകളുടെ മൂലധനാടിത്തറ ചുരുക്കുന്നു. വായ്പ കൊടുക്കാനുള്ള കഴിവ് ശോഷിക്കുക മാത്രമല്ല ഫലം, ഡിപ്പോസിറ്റുകള്‍ തിരിച്ചുനല്‍കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടാകും. ബാങ്കുകളുടെ അനിവാര്യമായ തകര്‍ച്ചയിലേക്കാകും കാര്യങ്ങള്‍ നീങ്ങുക.അതേസമയം, ബാഡ് ബാങ്ക് ഏതുവിധേനയും കിട്ടാക്കടം പിരിക്കുകയോ കുടിശ്ശിക പിരിക്കാന്‍ വിദഗ്ധരെ ഏല്‍പ്പിക്കുകയോ ചെയ്യും. ബാങ്കുകള്‍ക്ക് കാര്‍ഷിക വായ്പയോ, വിദ്യാഭ്യാസ വായ്പയോ കുടിശ്ശിക ആയാലും ബാഡ് ബാങ്കിന് കൈമാറാം. പിന്നെ അവര്‍ നോക്കികൊള്ളും. ബാങ്ക് ഫണ്ടുകള്‍ കൊള്ളയടിക്കുന്നതിനും കൊള്ള സമര്‍ഥമായി മറച്ചുപിടിക്കുന്നതിനുമുള്ള പോംവഴിയായി ഇതു മാറാതിരിക്കാന്‍ കടുത്ത നിരീക്ഷണ സംവിധാനം ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline