45 മിനിറ്റില്‍ എമര്‍ജന്‍സി ലോണ്‍? പ്രചരിച്ചത് വ്യാജവാര്‍ത്തയോ? വിശദീകരണവുമായി എസ്ബിഐ

യോനോ ആപ്പിലൂടെ അപേക്ഷിക്കുകയും 45 മിനിട്ടിനകം വായ്പ ലഭിക്കുകയും ചെയ്യുന്ന പുതിയ എമര്‍ജന്‍സി ലോണ്‍ സ്‌കീം എസ്ബിഐഅവതരിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ലോണുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ബാങ്ക് എത്തിയിരിക്കുകയാണ്. 45 മിനിറ്റില്‍ ബാങ്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഈ റിപ്പോര്‍ട്ടുകള്‍ നിരസിച്ചുകൊണ്ട് ഞായറാഴ്ച എസ്ബിഐ വാര്‍ത്താക്കുറിപ്പിറക്കി. നിലവില്‍ എസ്ബിഐ യോനോ ആപ്പിലൂടെ അത്തരത്തിലൊരു വായ്പയും അവതരിപ്പിക്കുന്നില്ലെന്നും ബാങ്ക് വ്യക്തമാക്കി. ഇത്തരത്തിലുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നാണ് ഉപയോക്താക്കളോട് പറയാനുള്ളതെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
എസ്ബിഐയുടെ യോനോ ആപ്പ് വഴി ബാങ്ക് 45 മിനിറ്റില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്‍കുന്നുവെന്ന തരത്തിലാണ് വാര്‍ത്ത പുറത്തുവന്നത്. ആറ് മാസം കഴിഞ്ഞ് മാത്രം തിരിച്ചടവ് തുടങ്ങിയാല്‍ മതിയെന്നായിരുന്നു വാര്‍ത്ത. യോനോ ആപ്പ് അവതരിപ്പിച്ചതിനു ശേഷം ബാങ്ക് പല തരം എമര്‍ജന്‍സി പേഴ്‌സണല്‍ ലോണുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ അവ പലതും നല്‍കുന്നുമില്ല. അതുകൊണ്ട് തന്നെ യോനോ ആപ്പിലെ പഴയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
എന്നാല്‍ എമര്‍ജന്‍സി ലോണ്‍ ഇപ്പോള്‍ ഇല്ല എങ്കിലും കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ എസ്ബിഐയുടെ ശമ്പളമുള്ള ഉപയോക്താക്കള്‍ക്കായി ഉടന്‍ തന്നെ പ്രീ അപ്രൂവ്ഡ് പഴ്‌സണല്‍ ലോണ്‍ അവതരിപ്പിക്കുമെന്ന് എസ്ബിഐ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോണ്‍ ആരംഭിച്ച ശേഷം ഇത് സംബന്ധിച്ച് മാധ്യമങ്ങളുമായി ആശയവിനിനയം നടത്തുമെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline