മണപ്പുറം ഫിനാന്‍സ് ത്രൈമാസ അറ്റാദായത്തില്‍ 63 % വര്‍ധന

നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 397.84 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 244.11 കോടി രൂപയില്‍ നിന്നും ഇത്തവണ 63 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഉപസ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയുള്ള കമ്പനിയുടെ അറ്റാദായം 332.42 കോടി രൂപയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പതു മാസങ്ങളിലെ അറ്റാദായം മാത്രം 1000 കോടി രൂപ മറികടന്നു.രണ്ടു രൂപ മുഖവിലുള്ള ഓരോ ഓഹരിക്കും 0.55 രൂപ ഇടക്കാല ലാഭ വിഹിതമായി ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

ഈ പാദത്തിലെ കമ്പനിയുടെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.40 ശതമാനം വര്‍ധിച്ച് 1399.02 കോടി രൂപയായി. മണപ്പുറം ഗ്രൂപ്പിന്റെ മൊത്തം ആസ്തിയില്‍ 35.52 ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തി 24,099.95 കോടി രൂപയിലെത്തി. ഒരു വര്‍ഷം മുമ്പിത് 17,783.10 കോടി രൂപയായിരുന്നു.

സ്വര്‍ണ വായ്പാ രംഗത്തും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഗ്രൂപ്പ് വലിയ വളര്‍ച്ച കൈവരിച്ചു. മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വര്‍ണവായ്പ ആസ്തി 29.69 ശതമാനം വര്‍ധിച്ച് 16,242.95 കോടി രൂപയിലെത്തി. സ്വര്‍ണ വായ്പാ ഇനത്തില്‍ 3.25 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 40,304.26 കോടി രൂപയുടെ സ്വര്‍ണ വായ്പകളും ഇക്കാലയളവില്‍ വിതരണം ചെയ്തു. മൂന്നാം പാദ കണക്കുകള്‍ പ്രകാരം 2019 ഡിസംബര്‍ 31 വരെ 26.4 ലക്ഷം ഉപഭോക്താക്കള്‍ സജീവ സ്വര്‍ണ വായ്പാ ഇടപാടുകാരായി കമ്പനിക്കുണ്ട്.

ഗ്രൂപ്പിനു കീഴിലുള്ള ധനകാര്യ സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ആസ്തി ഈ പാദത്തില്‍ 57.18 ശതമാനം വര്‍ധിച്ച് 5,022.14 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷമിത് 3,195.16 കോടി ആയിരുന്നു. ഗ്രൂപ്പിന്റെ മറ്റു വായ്പാ സ്ഥാപനങ്ങളായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ബിസിനസ് 601.23 കോടി രൂപയായി വര്‍ധിച്ചു. വെഹിക്കിള്‍സ് ആന്റ് എക്വിപ്‌മെന്റ് ഫിനാന്‍സ് വിഭാഗത്തിന്റേത് 1,397.40 കോടി രൂപയായും വര്‍ധിച്ചു. ഗ്രൂപ്പിന്റെ സംയോജിത മൊത്ത ആസ്തിയില്‍ സ്വര്‍ണവായ്പാ ഇതര ഇടപാടുകളുടെ സംഭാവന 33 ശതമാനമാണ്.

'നടപ്പു സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ പ്രകടനത്തില്‍ പ്രതീക്ഷകള്‍ക്കൊത്ത മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞു. എല്ലാ ഉപസ്ഥാപനങ്ങളും മറ്റു ബിസിനസ് വിഭാഗങ്ങളും ഈ നേട്ടത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. നാലാം പാദത്തിലും ഈ ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു,'- മണപ്പുറം എംഡി യും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

2019 ഡിസംബര്‍ 31വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ ആസ്തി മൂല്യം 5,413.27 കോടി രൂപയാണ്. ഓഹരികളുടെ ബുക് വാല്യൂ 64.06 രൂപയും. കമ്പനിയുടെ മൊത്തം വായ്പ 19,781.28 കോടി രൂപ വരും. മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ശരാശരി വായ്പാ ചെലവ് 18 പോയിന്റുകള്‍ കുറഞ്ഞ് 9.12 ശതമാനത്തിലെത്തി. കമ്പനിയുടെ മൂലധന പര്യാപതതാ അനുപാതം 23.36 ശതമാനവും മൊത്തം നിഷ്‌ക്രിയ ആസ്തി 0.50 ശതമാനവുമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it