'പലിശ നിരക്ക് കുറയ്ക്കൂ; എന്‍.പി.എയിലും ഇളവ് ആവശ്യം': ആദിത്യ പുരി

ഏപ്രില്‍ മൂന്നിന് ധനനയ പ്രഖ്യാപനത്തിന് മുന്നോടിയായിത്തന്നെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആദിത്യ പുരി നിര്‍ദ്ദേശിച്ചതോടെ ഇക്കാര്യത്തില്‍ കുറേക്കാലമായി ബിസിനസ് മേഖലയില്‍ നിലനില്‍ക്കുന്ന പൊതു ആവശ്യം കൂടുതല്‍ ശക്തമായി. കൊറോണ വൈറസ് മൂലം പ്രതിസന്ധിയിലായ ബിസിനസുകള്‍ക്ക് ആശ്വാസമേകുന്നതിന് നിലവിലെ നിഷ്‌ക്രിയ ആസ്തി മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രദ്ധിക്കണമെന്നും മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ പുരി പറഞ്ഞു.

'പണമൊഴുക്ക് ഉറപ്പാക്കുന്നതിന് വ്യക്തമായ നടപടികളും എന്‍പിഎ മാനദണ്ഡങ്ങളിലെ പരിഷ്‌കരണവും ആവശ്യമാണ്. ഇതൊരു എന്‍പിഎ ഇളവു കാര്യം മാത്രമല്ല. ബിസിനസ് നടത്തുന്നവര്‍ക്ക് പണമൊഴുക്ക് ആവശ്യമുള്ള അസാധാരണ സാഹചര്യമാണിത്. നല്ല കമ്പനികള്‍ക്ക് പോലും ധന ലഭ്യതക്കുറവുണ്ട്.' - രാജ്യത്തെ പ്രമുഖ ബാങ്കര്‍ ചൂണ്ടിക്കാട്ടി. കൊറോണ മൂലമുണ്ടായ പ്രതിസന്ധി ചെറുക്കുന്നതിനുള്ള വിപുലമായ ഉത്തേജക പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കണം. നടപ്പുവര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.8 ശതമാനമായിരിക്കണം ബജറ്റ് ധനക്കമ്മി ലക്ഷ്യമെന്ന പിടിവാശി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 'ദൈനംദിന കൂലിത്തൊഴിലാളികളുടെ ദൈന്യതയ്ക്കു പരിഹാരമുണ്ടാകണം. കമ്പനികളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കണം.കമ്പനികള്‍ക്ക് കഴിയുന്നത്ര ഉത്തേജനം നല്‍കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തില്‍, എച്ച്ഡിഎഫ്സി ബാങ്ക് 5 ബില്യണ്‍ ഡോളര്‍ വരുന്ന തുക പണമായും 80 ശതമാനം വായ്പകളായും ഉയര്‍ന്ന റേറ്റിംഗുള്ള കമ്പനികള്‍ക്ക് നല്‍കിയത് നല്ല നീക്കമാണെന്ന് പുരി വിശ്വസിക്കുന്നു. വ്യക്തിഗത വായ്പാ പോര്‍ട്ട്ഫോളിയോയുടെ 75% വരും മുന്‍നിര കമ്പനികളില്‍ ജോലി ചെയ്യുന്ന ശമ്പളമുള്ള വായ്പക്കാര്‍.അടിയന്തര ഹ്രസ്വകാല നടപടികളുടെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്ക് വായ്പക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനം നല്‍കാന്‍ തയ്യാറാണെന്ന് പുരി പറഞ്ഞു.പക്ഷേ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യത്തിലെന്നപോലെ ഈ വായ്പക്കാര്‍ക്കായി പ്രത്യേക പദ്ധതികളോ ക്രെഡിറ്റ് ലൈനുകളോ കൊണ്ടുവരാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.

എച്ച്ഡിഎഫ്‌സി ബാങ്ക് റീട്ടെയില്‍ വായ്പകള്‍ അപകട മേഖലകളിലേക്കു പ്രവേശിക്കുന്നതായി ആഗോള ബ്രോക്കറേജ് സ്ഥാപനമായ സാന്‍ഫോര്‍ഡ് സി ബെര്‍ണ്‍സ്‌റ്റൈന്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് അഭിപ്രായപ്പെട്ടതിന്റെ അനുബന്ധമായാണ് പുരി നിലപാട് വ്യക്തമാക്കിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വരുമാന വളര്‍ച്ച 15 ശതമാനം കുറയുമെന്ന പ്രവചനവും ബ്രോക്കറേജ് സ്ഥാപനത്തിനുണ്ട്.

തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ബാങ്ക് കൈക്കൊള്ളുന്നുണ്ടെന്ന് പുരി പറഞ്ഞു.'ഡാറ്റാ സെന്ററുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. ബാങ്കിന്് അണുവിമുക്തമായ 200 - 300 ബസുകള്‍ ഉണ്ട്. പ്രധാന മേഖലകളിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിന് ഞങ്ങള്‍ ഇവ ഉപയോഗിക്കുന്നു. കഴിയുന്നത്ര പേര്‍ ഇതിനകം വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നു. വാസ്തവത്തില്‍, കൊറോണ വൈറസിന് ശേഷവും ഈ ജീവനക്കാരില്‍ നല്ലൊരു ഭാഗം വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതല്ലേ നല്ല കാര്യമെന്ന് ഞങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. കാരണം ഇത് ബാങ്കിന് ചെലവ് കുറയ്ക്കാന്‍ സഹായകമാകും. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും കൂടും.'

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it