എച്ച്.ഡി.എഫ്.സി. ബാങ്ക് മേധാവി കൈപ്പറ്റിയ ശമ്പളം 18.92 കോടി രൂപ

ഓഹരി കൈമാറ്റത്തിലൂടെ 161.56 കോടി രൂപയും വരുമാനം

Aditya Puri the most paid bank CEO
-Ad-

ഇന്ത്യയിലെ ബാങ്ക് മേധാവികളില്‍ 2019-20 സാമ്പത്തിക വര്‍ഷം ഏറ്റവുമധികം പ്രതിഫലം വാങ്ങിയത് എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജിങ് ഡയറക്ടര്‍ ആദിത്യ പുരി. പുരിയുടെ ശമ്പളവും ആനുകൂല്യങ്ങളും കൂടി 38 ശതമാനം വര്‍ധിച്ച് 18.92 കോടി രൂപയായി. ഒരു മാസം ഏകദേശം ഒന്നര കോടിയിലേറെ രൂപ.

ഇതിന് പുറമെ, സ്റ്റോക്ക് ഓപ്ഷന്‍ പദ്ധതി പ്രകാരം കിട്ടിയ ഓഹരികളുടെ കൈമാറ്റത്തിലൂടെ 161.56 കോടി രൂപയും നേടി.ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ സന്ദീപ് ബക്ഷിക്ക് കഴിഞ്ഞവര്‍ഷം കിട്ടിയ പ്രതിഫലം 6.31 കോടി രൂപയാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കൊണ്ട് ആസ്തിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്.ഡി.എഫ്.സി. ബാങ്കിനെ വളര്‍ത്തിയ ആദിത്യ പുരി 70 വയസ്സ് തികയുന്നതിനെ തുടര്‍ന്ന്, വരുന്ന ഒക്ടോബറില്‍ സ്ഥാനമൊഴിയും.

ആദിത്യ പുരിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം ഒരു ബാങ്കിന്റെ തലപ്പത്തിരുന്നയാള്‍. 25 വര്‍ഷംമുമ്പ് എച്ച്ഡിഎഫ്സി ബാങ്ക് സ്ഥാപിച്ചപ്പോള്‍ മുതല്‍ അദ്ദേഹം മേധാവിയാണ്.ശശിധര്‍ ജഗദീശനെ എച്ച്ഡിഎഫ്സി ബാങ്ക് ഈയിടെ ഉന്നത സ്ഥാനത്ത് നിയമിച്ചിരുന്നു.ഇന്‍ഡസിന്റ് ബാങ്കിന്റെ റൊമേഷ് സോബ്തിയും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പുറത്താകും.

-Ad-

പുതിയ കമ്പനി നിയമപ്രകാരം സിഇഒമാരുടെ റിട്ടയര്‍മെന്റ് പ്രായം 75 വയസ്സാക്കിയിരുന്നു. ഇക്കാര്യം ബാങ്കുകള്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍കൊണ്ടുവന്നെങ്കിലും സ്വകാര്യ ബാങ്കുകളുടെ സിഇഒമാരുടെ റിട്ടയര്‍മെന്റ് പ്രായം റിസര്‍വ് ബാങ്ക് ഉയര്‍ത്തിയില്ല. ഇതോടെയാണ് എച്ച്ഡിഎഫ്സി ഉള്‍പ്പടെയുള്ള ബാങ്കുകളുടെ മേധാവിമാര്‍ക്ക് പുറത്തുപോകേണ്ടിവരുന്നത്. ബാങ്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെ റിട്ടയര്‍മെന്റ് പ്രായം 70 ആയാണ് ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here