ആമസോൺ ഇനി ഇൻഷുറൻസ് ഏജന്റിന്റെ റോളിൽ

ഓൺലൈൻ വഴി കൂടുതൽ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ആഗോള ഇ-കോമേഴ്‌സ് ഭീമനായ ആമസോൺ. ഇന്ത്യയിൽ ലൈഫ്, ഹെൽത്ത്, ജനറൽ എന്നീ വിഭാഗങ്ങളിലെ ഇൻഷുറൻസ് പ്രൊഡക്ടുകൾ വിൽക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

കോർപ്പറേറ്റ് ഇൻഷുറൻസ് ഏജന്റ് എന്ന നിലയിലായിരിക്കും സേവനങ്ങൾ നൽകുകയെന്ന് ആമസോൺ കമ്പനി രജിസ്ട്രാറിന് നൽകിയിരിക്കുന്ന വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

നിലവിൽ ഇന്ത്യയിൽ പേടിഎം ആണ് ഈ രംഗത്തുള്ളത്. ഫ്ളിപ്കാർട്ട് ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയോട് ഇൻഷുറൻസ് പ്രൊഡക്ടുകൾ വിൽക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. ആമസോൺ ഇതുവരെ അനുമതിക്കുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ല.

അടുത്തിടെ പുറത്തിറക്കിയ അസ്സോച്ചാം റിപ്പോർട്ട് അനുസരിച്ച് 2020 ഓടെ രാജ്യത്തെ ഇൻഷുറൻസ് ഇൻഡസ്ടറിയുടെ മൂല്യം ഏതാണ്ട് 280 ബില്യൺ ഡോളർ ആകും. ഈയൊരു സാധ്യത കണ്ടെത്തിയിട്ടാണ് ഇ-കോമേഴ്‌സ് വമ്പന്മാർ ഈ രംഗത്തേയ്ക്ക് കടക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഇൻഷുറൻസ് പോളിസി എടുക്കുന്നവരുടെ എണ്ണം 2001 ലെ 2.71 ശതമാനത്തിൽ നിന്ന് 2017 ൽ 3.7 ശതമാനമായിട്ട് ഉയർന്നിട്ടുണ്ട്. വൻ വളർച്ചാ സാധ്യതയുള്ള ഒരു മേഖലയാണ് ഇൻഷുറൻസ് എന്നർത്ഥം.

കേരളത്തിലാകട്ടെ അപ്പാടെ നാശനഷ്ടം വിതച്ച വെള്ളപ്പൊക്കത്തോടെ ഇൻഷുറൻസ് ഒരധികച്ചെലവല്ല എന്ന ബോധ്യം വ്യക്തികൾക്കും വ്യവസായികൾക്കും ഉണ്ടായിട്ടുണ്ട്.

ഓൺലൈൻ പേയ്മെന്റ് ബിസിനസിൽ ഇപ്പോഴേ സജീവ സാന്നിധ്യമാണ് ആമസോൺ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it