കെ.വൈ.സി പരസ്യത്തിലെ ‘എന്‍.പി.ആര്‍’ ബാധയേറ്റ് തമിഴ്‌നാട്ടിലെ ബാങ്ക് ശാഖ

തൂത്തുക്കുടിയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ പാഞ്ഞൈത്തിയ ഇടപാടുകാര്‍ പിന്‍വലിച്ചത് 9 കോടി രൂപ

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധം തമിഴ്‌നാട്ടില്‍ രൂക്ഷമായിരിക്കവേ ബാങ്ക് അക്കൗണ്ട് കെവൈസിയുമായി എന്‍പിആര്‍ വിവരങ്ങള്‍ സംയോജിപ്പിക്കുമെന്ന തെറ്റിദ്ധാരണ പരക്കാനിടയാക്കിയ പത്ര പരസ്യം പ്രസിദ്ധീകരിച്ച  തൂത്തുക്കുടിയിലെ ബാങ്ക് ശാഖയ്ക്ക് കിട്ടിയത് എട്ടിന്റെ പണി.

പത്ര പരസ്യം കണ്ട് ഇരച്ചെത്തിയ ഇടപാടുകാര്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കായല്‍പട്ടണം ബ്രാഞ്ചില്‍ നിന്നും പിന്‍വലിച്ചത് 9 കോടി രൂപ. കഴിഞ്ഞ ശനിയാഴ്ച പ്രദേശിക പത്രത്തിലാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരസ്യം വന്നത്. മുസ്ലീം വിഭാഗങ്ങള്‍ കൂടുതലുള്ള മേഖലയില്‍ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ഈ പരസ്യം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നഇആരോപണവും ുയരുന്നു. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സമരം ചെയ്തവരോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്ന നടപടിയുടെ ഭാഗമാണെന്ന പ്രചാരണം തീവ്രമായതോടെ ആളുകള്‍ കൂട്ടത്തോടെ ബാങ്കില്‍ എത്തി അക്കൗണ്ടിലെ തുകകള്‍ പിന്‍വലിച്ചു തുടങ്ങുകയായിരുന്നു.

തിങ്കളാഴ്ചയാണ് ഏറ്റവും വലിയ പിന്‍വലിക്കല്‍ നടന്നതെന്ന് ബ്രാഞ്ച് മാനേജര്‍ എ മാരിയപ്പന്‍ പറഞ്ഞു.തിരക്ക് നിയന്ത്രിക്കാന്‍ ബാങ്ക് അധികൃതര്‍ പൊലീസിന്റെ സഹായവും തേടി. ഏതാണ്ട് 10,000 കുടുംബങ്ങള്‍ അധിവസിക്കുന്ന തീരദേശ പ്രദേശമാണ് കായല്‍പട്ടണം. ഇവിടുത്തെ വലിയൊരു വിഭാഗം ഗള്‍ഫില്‍ അടക്കം ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടുത്തെ ബ്രാഞ്ചില്‍ ഏറെ എന്‍ആര്‍ഐ അക്കൗണ്ടുകളുണ്ട്.പണം പിന്‍വലിക്കുന്നത് വ്യാജ പ്രചാരണത്തിന് ശേഷമാണ് എന്ന് അറിഞ്ഞതോടെ ബാങ്ക് ബോധവത്കരണവുമായി ഇറങ്ങി.

അക്കൗണ്ട് തുറക്കുന്നതിനോ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനോ ഉള്ള കെവൈസി സ്ഥിരീകരണത്തിനായുള്ള രേഖകളിലൊന്നായി  ദേശീയ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍) രേഖയെ ആര്‍ബിഐ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കായല്‍പട്ടണത്തില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പബ്ലിക് റിലേഷന്‍സ്  അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആര്‍ എല്‍ നായക് പറഞ്ഞു.

‘ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കണം. കെവൈസിക്ക് ആധാര്‍ കാര്‍ഡ്  മതിയാകും.പകരം പാന്‍ കാര്‍ഡ് ആണ് ഹാജരാക്കുന്നതെങ്കില്‍ , വിലാസ തെളിവിനായി ഞങ്ങള്‍ രണ്ടാമതൊരു രേഖ കൂടി ചോദിക്കും. പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്റ്റ് കാര്‍ഡ്, ആധാര്‍ എന്നിവയുള്‍പ്പെടെ അര ഡസനോളം രേഖകളിലൊന്ന്  കെവൈസി പരിശോധനയ്ക്കായി സാധാരണ പരിഗണിക്കും.ഇതിനു പുറമേ ആരെങ്കിലും എന്‍പിആര്‍ കത്ത് കൊണ്ടു വന്നാല്‍ അത് നിഷേധിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ക്ക് അക്കാര്യം പരസ്യത്തില്‍ ചേര്‍ക്കേണ്ടിവന്നതാണ്, ‘അദ്ദേഹം അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here