വളര്‍ച്ചയുടെ വേഗത കൂട്ടി ബന്ധന് ബാങ്ക്
റെക്കോര്‍ഡ് നേട്ടക്കൊയ്ത്ത് തുടര്‍ന്ന് ബന്ധന് ബാങ്ക്. ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസം കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബന്ധന് ബാങ്കിന്റെ അറ്റാദായം 731 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 331 കോടി രൂപയായിരുന്നു അറ്റാദായം.ഇരട്ടിയിലേറെയാണ് വര്‍ദ്ധന.
ബാങ്കിന്റെ അറ്റപലിശ വരുമാനം 37.10 ശതമാനം വര്‍ധിച്ച് 1,541 കോടി രൂപയായും ഉയര്‍ന്നു. അറ്റപലിശേതര വരുമാനം 52.99 ശതമാനം ഉയര്‍ന്ന് 358 കോടി രൂപയായി. നിക്ഷേപ വളര്‍ച്ച 58.51 ശതമാനമാണ്. സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയിലെ 17 പൊതുമേഖലാ ബാങ്കുകള്‍ ചേര്‍ന്നുണ്ടാക്കിയ അറ്റലാഭത്തിന്റെ ഇരട്ടിയിലേറെ ലാഭം കൊയ്താണ് ബന്ധന് ബാങ്ക് രാജ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കിടയിലെ താരമായത്.
സെപ്റ്റംബര്‍ പാദത്തില്‍ 466.4 കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകളുടെ അറ്റലാഭമെങ്കില് നാലു വര്‍ഷം മുമ്പുവരെ മൈക്രോഫിനാന്‍സ് സ്ഥാപനമായിരുന്ന ബന്ധന് ബാങ്കിന്റേത് 971.8 കോടി രൂപയായിരുന്നു. മൂന്നു വര്‍ഷം കൊണ്ട് വായ്പ 42 ശതമാനവും നിക്ഷേപം 53 ശതമാനവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ നേട്ടകഥയാണ് 35,468 ജീവനക്കാരുള്ള ബന്ധന് ബാങ്കിന്റേത്. 0.58 ശതമാനം മാത്രമാണ് അറ്റ നിഷ്ക്രിയ ആസ്തി (എന്‍പിഎ) അനുപാതം.
പ്രവര്‍ത്തന മികവോടെ ഇന്ത്യന്‍ ബാങ്കിംഗില്‍ വേറിട്ട അദ്ധ്യായമായി മാറിക്കൊണ്ടിരിക്കുന്ന ബന്ധന് ബാങ്കിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ്ര ശേഖര്‍ ഘോഷിനെ 2018-19 ലെ 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ബാങ്കര്‍ ഓഫ് ദ ഇയര്‍' ആയി തെരഞ്ഞെടുത്തിരുന്നു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline