ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇപ്പോഴും ചെറുപ്പമാണ്, കാരണം...

'കോര്‍പ്പറേറ്റുകളുടെയും ഇടത്തരം ബിസിനസുകളുടെയും ഉയര്‍ന്ന തട്ടിലുള്ള ഉപഭോക്താക്കളുടെയും പ്രിയപ്പെട്ട ബാങ്കാകുക. ചെറുകിട സംരംഭങ്ങളുടെയും പൊതു വിപണിയുടെയും ഗ്രാമീണ മേഖലയുടെയും വികസനത്തിന് വേണ്ടിയുള്ള ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുക.'
ഇത് ബാങ്ക് ഓഫ് ഇന്ത്യയുടെ വിഷന്‍. ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനങ്ങളും ലഭ്യമായ സേവനങ്ങളും ഇന്നത്തേതുപോലെ വിപുലമല്ലാത്ത 1960കളില്‍ സൃഷ്ടിക്കപ്പെട്ട ഈ വിഷനിലുണ്ട് നാളെയുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞു പ്രാവര്‍ത്തികമാക്കി മുന്‍നിരയിലെത്തിയ ഒരു ബാങ്കിന്റെ വിജയരഹസ്യം.
ഗ്രാമീണ മേഖല ബാങ്കുകളുടെ ടാര്‍ഗറ്റ് ഗ്രൂപ്പായി മാറുന്നതിനു മുന്‍പേ തന്നെ ആ രംഗത്തിന്റെ അപാര സാധ്യതകള്‍ മനസിലാക്കിയ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇന്ന് രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിലുള്ളത് വിശാലമായ സാന്നിധ്യമാണ്. ഇന്ത്യയിലുള്ള അയ്യായിരത്തിലേറെ ബ്രാഞ്ചുകളില്‍ മൂവായിരത്തോളം റൂറല്‍ സെമി അര്‍ബന്‍ മേഖലകളിലാണ്.
നാളേയ്ക്ക് വേണ്ടത് ഇന്നേ നല്‍കുക എന്ന വ്യക്തമായ ലക്ഷ്യം, ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളും ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങളും കാര്യക്ഷമമാക്കുന്നതില്‍ കാണാം. അതുകൊണ്ടുതന്നെ, പൊതുമേഖലാ ബാങ്കുകളുടെ മൊബീല്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുടെ റാങ്കിംഗില്‍ ഈയടുത്ത് ഒന്നാമതെത്തിയത് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബീല്‍ ആപ്പ് ആണ്.
1989 ല്‍ തന്നെ പൂര്‍ണ്ണമായും കംപ്യൂട്ടറൈസ്ഡ് ആയ, എടിഎം സൗകര്യമുള്ള ബ്രാഞ്ച് മുംബൈയില്‍ സജ്ജമാക്കി ശ്രദ്ധ നേടിയ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മാറ്റങ്ങള്‍ക്ക് മുന്‍പേ സഞ്ചരിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു.കടുത്ത മത്സരം നിറഞ്ഞ, ഒട്ടേറെ വെല്ലുവിളികള്‍ ദിവസവും നേരിടുന്ന ബാങ്കിംഗ് രംഗത്ത് ഈ പൊതുമേഖലാ സ്ഥാപനം മുന്‍നിരയില്‍ തുടരുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ.
'റിലേഷന്‍ഷിപ്പ്സ് ബീയോണ്ട് ബാങ്കിംഗ് എന്നതാണ് ഞങ്ങളുടെ തത്വം. ഉപഭോക്താക്കള്‍ക്കും ഈ സമൂഹത്തിനും ഞങ്ങള്‍ നല്കുന്ന സേവനങ്ങളില്‍ ഇത് കാണാം,' ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദീനബന്ധു മഹാപാത്ര പറയുന്നു. 2017 മുതല്‍ ബാങ്കിന്റെ സാരഥിയായ മഹാപാത്രയുടെ നേതൃത്വത്തില്‍ വ്യക്തമായ ലാഭ പദ്ധതികളോടെ മുന്നോട്ട് പോകുന്ന ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കേരളത്തില്‍ മികച്ച സാന്നിധ്യമാണുള്ളത്.
'കേരളം എന്നും ഞങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. വിദേശരാജ്യങ്ങളിലും മലയാളികള്‍ ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുക്കുന്നത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപാട് സഹായമായിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലും മറ്റും ഈ മലയാളി സ്നേഹം കൂടുതല്‍ വ്യക്തമാണ്.'
പ്രളയകാലത്തെ ദുരിതങ്ങള്‍ മറികടക്കാനുള്ള ഒരു കൈ സഹായമാണ് ഈ സ്നേഹത്തിന് ബാങ്ക് ഓഫ് ഇന്ത്യ പകരം നല്‍കിയത്. ഈ ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ബാങ്കിന്റെ സംഭാവന തന്നെ 6.6 കോടി രൂപയായിരുന്നു.
മുതിര്‍ന്ന പൗരന്മാര്ക്കും ന്യൂ ജെന്‍ ഉപഭോക്താക്കള്‍ക്കും ഒരുപോലെ
പ്രിയപ്പെട്ട ബാങ്ക് ആയി മാറുക എന്ന ലക്ഷ്യം മുന്നില്‍ കാണുന്ന ദീനബന്ധു മഹാപാത്രയുമായുള്ള അഭിമുഖത്തില്‍ നിന്ന്:
ഇന്ത്യയില്‍ ഗ്രാമപ്രദേശങ്ങളില്‍ വിപുലമായ പ്രവര്‍ത്തനം, 21 വിദേശ രാജ്യങ്ങളില്‍ ശ്രദ്ധേയമായ സാന്നിധ്യം. എന്താണ് ഇന്നത്തെ വിപണിയില്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അനുകൂലമായ ഘടകങ്ങള്‍?
ഉപഭോക്താക്കളുടെ പിന്തുണ തന്നെ. ഒരു യംഗ് ബാങ്ക് ആണ് ഞങ്ങളുടേത് എന്നതും പ്രധാനമാണ്, ഇവിടത്തെ ജീവനക്കാരുടെ ശരാശരി പ്രായം 35 ആണ്. പുതിയ തലമുറയിലുള്ളവരെ ബാങ്കിലേക്ക് ആകര്‍ഷിക്കാന്‍ ഇത് ഏറെ സഹായിക്കും. മാത്രമല്ല, എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിയുന്നത്. ഇത്രയും വര്‍ഷത്തെ അനുഭവ പരിചയവും പാരമ്പര്യവും എപ്പോഴും ബാങ്കിന് ഒരു മുതല്‍ക്കൂട്ടാണ്.
കടുത്ത മത്സരമുള്ള വിപണിയാണ് ബാങ്കിംഗ്. മറ്റുള്ള ബാങ്കുകളില്‍ നിന്ന് എന്താണ് ബാങ്ക് ഓഫ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്?
ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ നല്കുന്ന സേവനങ്ങള്‍ തികച്ചും വേറിട്ടതാണ്. പല പ്രദേശങ്ങളിലും ആളുകള്‍ക്ക് ബാങ്കിംഗ് പരിചയപ്പെടുത്താന്‍ ഞങ്ങള്‍ നേരിട്ട് ചെല്ലാറുണ്ട്. മുതിര്‍ന്നവര്‍ക്കും വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവര്‍ക്കും ബാങ്കിംഗിന്റെ പ്രാഥമിക കാര്യങ്ങള്‍ മുതല്‍ ഇന്റര്‍നെറ്റ്, മൊബീല്‍ സംവിധാനങ്ങള്‍ വരെ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. സിറ്റിസണ്‍ പ്ലസ് എന്നൊരു പ്രത്യേക സ്കീം തന്നെയുണ്ട് പ്രായമുള്ള ഉപഭോക്താക്കള്‍ക്കായി. വളരെ എളുപ്പമായി ഉപയോഗിക്കാന്‍ കഴിയുന്ന മൊബീല്‍ ആപ്പും മറ്റൊരു പ്രത്യേകതയാണ്. ചെറിയ കാര്യങ്ങളില്‍ പോലും ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുക്കുന്ന ഒരു സ്ഥാപനമാണിത്, മിക്കവാറും എല്ലാ എടിഎമ്മുകളിലും വീല്‍ചെയര്‍ സൗകര്യത്തിനായി റാംപുകള്‍ ഉണ്ട് എന്നതില്‍ നിന്ന് തന്നെ മനസിലാക്കാമല്ലോ ഞങ്ങള്‍ കസ്റ്റമേഴ്സിന് നല്കുന്ന പ്രാധാന്യം.
എല്ലാ ബാങ്കുകള്‍ക്കും പ്രശ്നമാണ് കിട്ടാക്കടം. ബാങ്ക് ഓഫ് ഇന്ത്യ ഇത് എങ്ങനെയാണ് നേരിടുന്നത്?
ഒരു വലിയ പ്രതിസന്ധി തന്നെയാണ് ഇത് സൃഷ്ടിക്കുന്നത്. പക്ഷേ, ഇപ്പോള്‍ പല പരിഹാരങ്ങളും ശരിയായി വരുന്നുണ്ട്. എസ്സാര്‍ സ്റ്റീല്‍ ഉള്‍പ്പടെ പല വലിയ കടങ്ങളിലും തീരുമാനമാകുന്നു. നാല് അഞ്ച് എക്കൗണ്ടുകളുടെ പണം ഞങ്ങള്‍ തിരിച്ചു നേടിക്കഴിഞ്ഞു. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനു ഇക്കാര്യത്തില്‍ വലിയ റോളുണ്ട്. മുന്‍പ് പത്ത് പന്ത്രണ്ട് വര്‍ഷം വരെ നീണ്ടുനിന്നിരുന്ന കേസുകളാണ് ആറു മാസം, ഒരു വര്‍ഷം കാലയളവില്‍ തീരുന്നത്. എല്ലാ ബാങ്കുകള്‍ക്കും കിട്ടാക്കടം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ ഇത്ര വലിയൊരു സ്ഥാപനമായതുകൊണ്ട് കിട്ടാക്കടവും കൂടുന്നു.
സാമൂഹ്യ സേവന രംഗത്തും ബാങ്ക് പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടല്ലോ?
സാമൂഹ്യസാമ്പത്തിക മേഖലകളില്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാനാണ് എപ്പോഴും ശ്രമിക്കുന്നത്. 'സ്റ്റാര്‍ ഏഞ്ചല്‍' അത്തരമൊരു പ്രോജക്ടാണ്. റൂറല്‍ സെമി അര്‍ബന്‍ പ്രദേശങ്ങളിലുള്ള എല്ലാ ബ്രാഞ്ചുകളിലെ ജീവനക്കാരോടും അവരുടെ ചുറ്റുവട്ടത്തുള്ള, സാമ്പത്തികമായി പിന്നോക്കം
നില്ക്കുന്ന കുടുംബങ്ങളില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ കുട്ടികള്‍ക്ക് ഒന്നാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസ സഹായം ബാങ്ക് നല്‍കും. ഏത് വരെ പഠിക്കണമോ അതുവരെയുള്ള എല്ലാ ചെലവും ബാങ്കിന്റെ ചുമതലയാണ്. 15000 ത്തോളം പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും.
ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള പ്രതീക്ഷകള്‍?
ഡീമോണിറ്റൈസേഷന്, ജിഎസ്ടി എന്നിവയെല്ലാം സൃഷ്ടിച്ച ആശങ്കകള്‍ അവസാനിച്ചു. ഇന്ത്യ വളരുകയാണ്. ബാങ്കിംഗ് മേഖലയിലും ഇനി കൂടുതല്‍ നേട്ടങ്ങളുടെ നാളുകളാണ്.