കൊറോണ ഭീതി; പണമിടപാടുകള്‍ വന്‍തോതില്‍ കുറഞ്ഞു, ഡിജിറ്റല്‍ ഇടപാടുകളില്‍ 50 ശതമാനം വര്‍ധനവ്

കൊറോണ ഭീതിയില്‍ കേരളം സ്തംഭിച്ചപ്പോള്‍ പണമിടപാടുകളിലും അത് തെളിഞ്ഞു കാണുന്നതായി ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍. വൈറസ് പകരാനിടയുള്ള സാധ്യതകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ മാനിക്കുന്നതിന്റെ ഭാഗമായും രോഗത്തോടുള്ള ഭയം വര്‍ധിച്ചതിനാലും കഴിഞ്ഞ രണ്ടാഴ്ചയായി നോട്ടുകളുടെയും ചില്ലറത്തുട്ടുകളുടെയുമൊക്കെ ഉപയോഗം വലിയൊരു ശതമാനം തന്നെ ഒഴിവാക്കിയിരിക്കുകയാണ് ജനങ്ങള്‍. ഒപ്പം ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിക്കുകയും യുപിഐ, പേപാല്‍, പേറ്റിഎം തുടങ്ങിയ ഡിജിറ്റല്‍ ആപ്പുകളുടെ ഉപയോഗം വര്‍ധിച്ചിട്ടുമുണ്ട്. കേരളത്തിലും ഇതിന്റെ പ്രതിഫലനങ്ങള്‍ വളരെ ഉയര്‍ന്ന രീതിയില്‍ കാണാമെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയില്‍ എസ്ബിഐയുടെ യോനോ ആപ്പുപയോഗം ദേശീയ തലത്തില്‍ 50 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലും പുതുതായി യോനോ ആപ്പും വിര്‍ച്വല്‍ കാര്‍ഡുകളും ഉപയോഗിക്കുന്നവര്‍ വര്‍ധിച്ചെന്ന് എസ്ബിഐ റീജണല്‍ ഓഫീസ് ഡിജിറ്റല്‍ വിഭാഗം ചുമതലയുള്ള രാഖി രാജു വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ്, റീറ്റെയ്ല്‍ സ്റ്റോറുകളിലെയും മറ്റും കാര്‍ഡ് പേമെന്റ്, ബില്‍ പേമെന്റ് എന്നീ വിഭാഗങ്ങളിലാണ് വര്‍ധനവുണ്ടായിട്ടുള്ളത്.

എന്‍ആര്‍ഐ ബ്രാഞ്ചുകളിലേക്ക് എത്തുന്നവര്‍ കഴിഞ്ഞ ആഴ്ചകളിലേതിനേക്കാള്‍ ഇന്നലെ വരെ കൂടുതലായിരുന്നു. സാമൂഹിക അകലം പാലിക്കല്‍ വരും ദിവസങ്ങളില്‍ കൂടിയേക്കുമെന്നതിനാല്‍ തന്നെ പ്രവാസിമലയാളികളില്‍ പലരുടെയും കുടുംബങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കില്‍ എത്തി ഡിജിറ്റല്‍ ഇടപാടുകള്‍ പഠിക്കാനും മനസ്സിലാക്കാനും ശ്രദ്ധിച്ചതായും എസ്ബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് ഏറെ മുന്നിലുള്ള ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും കഴിഞ്ഞ രണ്ടാഴ്ചയില്‍ തങ്ങളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടിയതായി പറയുന്നു. ഫെബ്രുവരിയില്‍ 79 ശതമാനമായിരുന്ന ഫെഡ്‌മൊബൈല്‍ ഉപയോക്താക്കള്‍ കഴിഞ്ഞ രണ്ടാഴ്ചയില്‍ 83 ശതമാനമായി ഉയര്‍ന്നതായി ഫെഡറല്‍ ബാങ്ക് എറണാകുളം ഗിരിനഗര്‍ ബ്രാഞ്ച് ഡിജിറ്റല്‍ വിഭാഗം മേധാവി ജിതേഷ് പി.വി ധനം ഓണ്‍ലൈനോട് പറഞ്ഞു.

ഓണ്‍ലൈന്‍ ബില്‍ പേമെന്റുകളും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണവും കൂടിയതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥരും വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് കേരളത്തിലെ പ്രധാന ബാങ്കുകള്‍ വ്യക്തമാക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it