ബാങ്കില്‍ പോകും മുമ്പ് ശ്രദ്ധിക്കൂ; പുതിയ പ്രവര്‍ത്തന സമയങ്ങളും ഇപ്പോള്‍ ലഭ്യമായ സേവനങ്ങളും ഇതാണ്

രാജ്യമെമ്പാടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്കെത്തുന്നവരില്‍ കുറവ് വന്നിട്ടുണ്ട്. ഭൗതിക പണമിടപാടുകളെപ്പോലെ ഡിജിറ്റല്‍ ട്രാന്‍സ്ഫറുകളെക്കുറിച്ചുള്ള സംശയങ്ങള്‍, ബാങ്കില്‍ നേരിട്ടെത്തി നല്‍കേണ്ട അപേക്ഷ, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇപ്പോഴും ബാങ്കുകളിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. പല ബാങ്കുകളും ശാഖകളുടെ പ്രവര്‍ത്തന സമയം പോലും മാറ്റിയിട്ടുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെ സേവനങ്ങളെ തടസ്സപ്പെടുത്താതെ കൊവിഡ് 19നെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ജീവനക്കാരെയും കുറച്ചിട്ടുണ്ട്. പ്രധാന ബാങ്കുകളുടെ പുതിയ പ്രവര്‍ത്തന സമയവും സേവനങ്ങളും ചുവടെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)

എസ്ബിഐ ബാങ്ക് ശാഖകളില്‍ പലതും പല സംസ്ഥാനങ്ങളിലുംഅടച്ചിട്ടിട്ടുണ്ട്. കേരളത്തില്‍ പരമാവധി ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ രാവിലെ 7 മുതല്‍ 10 വരെ ശാഖകള്‍ പ്രവര്‍ത്തിക്കും. ചില സംസ്ഥാനങ്ങളില്‍ ഇത് രാവിലെ 8 മുതല്‍ 11 വരെയാണ്. മറ്റ് ചില സംസ്ഥാനങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെയും പ്രവര്‍ത്തിക്കുന്നുണ്ട്.

ഫെഡറല്‍ ബാങ്ക്

ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നിര്‍ദ്ദേശപ്രകാരം, അവശ്യ സേവനങ്ങള്‍, ക്യാഷ് ഡെപ്പോസിറ്റ്, പിന്‍വലിക്കല്‍, ചെക്ക് ക്ലിയറിംഗ്, പണമടയ്ക്കല്‍, സര്‍ക്കാര്‍ ഇടപാടുകള്‍ എന്നിവ മാത്രമേ ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ഈ ദിവസങ്ങളില്‍ നല്‍കൂ. ഡെബിറ്റ് കാര്‍ഡുകളിലെ പ്രതിദിന പണം പിന്‍വലിക്കല്‍ പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. റുപേ ക്ലാസിക് ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ളപരിധി പ്രതിദിനം 50,000 രൂപയാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക്

10 മുതല്‍ രണ്ട് വരെ. ചെക്ക് ഡിപ്പോസിറ്റ്, ക്ലിയറന്‍സ് ഒക്കെയാണ് പ്രധാനമായും നല്‍കുന്ന സേവനങ്ങള്‍. സുരക്ഷയെ മാനിച്ച് കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കാണ് ഉപയോക്താക്കളെ ബാങ്ക് പ്രോത്സാഹിപ്പിക്കുന്നത്. എന്‍ആര്‍ഐ ഉപയോക്താക്കളോട് അവശ്യസര്‍വീസുകള്‍ക്ക് മാത്രം ബ്രാഞ്ചുകളിലെത്താന്‍ നിര്‍ദേശിക്കുന്നുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക്

ശനിയാഴ്ച ഒഴികെ മാര്‍ച്ച് 31 വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെയാണ് ബാങ്കുശാഖകള്‍ പ്രവര്‍ത്തിക്കുക. പാസ്ബുക്ക് അപ്ഡേറ്റുകളും വിദേശ കറന്‍സി വാങ്ങല്‍ സേവനങ്ങളും ബാങ്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഐസിഐസിഐ ബാങ്ക്

ജീവനക്കാരെ കുറച്ചെങ്കിലും ശാഖകള്‍ തുറന്നിരിക്കുമെന്ന് ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു. എല്ലാ അവശ്യ ബാങ്കിംഗ് സേവനങ്ങള്‍ക്കും ഐമൊബൈല്‍ / ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് വീട്ടില്‍ നിന്ന് സുരക്ഷിതമായി തുടരാനും ഉപഭോക്താക്കളോട് ബാങ്ക് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ കാലതാമസമുണ്ടാകുമെന്നും ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു.

യെസ് ബാങ്ക്

2020 മാര്‍ച്ച് 31 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ശാഖകള്‍ പ്രവര്‍ത്തിക്കുമെന്ന് എസ്എംഎസ് വഴി ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കൊട്ടക് മഹീന്ദ്ര

ബാങ്ക് ശാഖകള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെയാണ് തുറക്കുക. ജീവനക്കാരെ കുറയ്ക്കുന്നതിനെക്കുറിച്ചും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ / നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാനും ഉപഭോക്താക്കളെ എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ട്.

ആക്‌സിസ് ബാങ്ക്

സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, പ്രീപെയ്ഡ് കാര്‍ഡ് ഉപഭോക്താക്കള്‍ എന്നിവര്‍ക്കുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്കും എടിഎം ഇടപാട് ചാര്‍ജുകളും ആക്‌സിസ് ബാങ്ക് ഒഴിവാക്കി. മാര്‍ച്ച് 31 വരെ ഈ ഇളവ് സാധുവായിരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it