ബിസിനസ് കാലാവസ്ഥ വളരെ മോശമായെന്ന് ആര്‍.ബി.ഐ സര്‍വേ

രാജ്യം 2008 ല്‍ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും മോശം ബിസിനസ് കാലാവസ്ഥയാണ് ഈ സെപ്റ്റംബറിലവസാനിച്ച ത്രൈമാസക്കാലത്തുണ്ടായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വേയില്‍ കണ്ടെത്തി. നിര്‍മാണ കമ്പനികളുടെ ഓര്‍ഡര്‍ ബുക്കുകള്‍ ശോഷിച്ചുവരുന്നതുള്‍പ്പെടെ നിലവിലെ മാന്ദ്യത്തിന്റെ കാഠിന്യം കാണിക്കുന്ന പല കണക്കുകളുമുണ്ട് സര്‍വേ റിപ്പോര്‍ട്ടില്‍.

ഇതേ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി. വ്യവസായത്തിലെ ശേഷി ഉപയോഗം 73.6 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ പാദത്തില്‍ ഇത് 76.1 ശതമാനമായിരുന്നു. നോട്ട് നിരോധനത്തിനു ശേഷം കണ്ട ഏറ്റവും താഴ്ന്ന നിരക്കാണിത്.കയറ്റുമതിയിലും ഇറക്കുമതിയിലും ശുഭാപ്തിവിശ്വാസം കുറഞ്ഞുവരികയാണെന്ന് സര്‍വേ വിലയിരുത്തുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേയിലും ആശങ്കാജനകമായ നിഗമനങ്ങളാണുള്ളത്. സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഉപഭോക്തൃ ആത്മവിശ്വാസം ദുര്‍ബലമായി. ജനങ്ങള്‍ക്കു പൊതുവേ വരുമാന കാര്യത്തില്‍ ശുഭാപ്തിവിശ്വാസം കുറവാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതു വില ഉയരുമെന്ന് കൂടുതല്‍ പേരും ഭയപ്പെടുന്നു.

സ്വതന്ത്ര പ്രൊഫഷണലുകള്‍ നടത്തിയ മറ്റൊരു സര്‍വേയില്‍ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2019-20ല്‍ 6.2 ശതമാനവും 2020-21 ല്‍ 7.0 ശതമാനവുമായിരിക്കുമെന്ന് കണ്ടെത്തി. കുറേക്കൂടി ഉയര്‍ന്ന കണക്കുകളായിരുന്നു ഇവര്‍ നേരത്തെ നടത്തിയ സര്‍വേയില്‍ ലഭിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it