'എൻ.ബി.എഫ്.സി  പ്രതിസന്ധി ടൂ-വീലർ വിപണിയെ ബാധിക്കും'

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പണലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾ ഏറ്റവും ആദ്യം ബാധിക്കുക രാജ്യത്തെ ഇരുചക്ര വാഹന വിപണിയെ ആയിരിക്കുമെന്ന് റിസർച്ച് സംരംഭമായ ക്രെഡിറ്റ് സ്യൂസ്.

വാഹന സെഗ്‌മെന്റുകളിൽ നിലവിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ടിരിക്കുന്നവയിൽ ഒന്നാണ് ഇരുചക്ര വാഹനങ്ങൾ. 2013-14 സാമ്പത്തിക വർഷത്തിൽ ടൂ-വീലർ വായ്പകൾ 30 ശതമാനമായിരുന്നെങ്കിൽ 2017-18 ൽ ഇത് 50 ശതമാനമായി ഉയർന്നിരുന്നു. ടൂ-വീലർ വായ്പകളിൽ വലിയയൊരു പങ്ക് ബാങ്കിതര സ്ഥാപനങ്ങളുടേതാണ്.

അടുത്ത രണ്ടു മാസത്തിനുള്ളിൽ മ്യൂച്വൽ ഫണ്ടുകൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന നിരവധി കൊമേർഷ്യൽ പേപ്പറുകൾ മെച്വർ ആകുന്നത് എൻ.ബി.എഫ്.സികൾക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്. ബാങ്കിതര സ്ഥാപനങ്ങളുടെ ഏതാണ്ട് 25-40 ശതമാനം കോമേഷ്യൽ പേപ്പറുകളും വാങ്ങിയിരിക്കുന്നത് മ്യൂച്വൽ ഫണ്ടുകളാണ്. എൻ.ബി.എഫ്.സികളിൽ പണലഭ്യതയുടെ ആശങ്കകൾ നിലനിൽക്കുമ്പോഴാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നത്.

പാസഞ്ചർ, കൊമേർഷ്യൽ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും ഫിനാൻസിങ് ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും ഏകദേശം തുല്യമായി പങ്കിട്ടെടുക്കുന്നതിനാൽ, ഇവയ്ക്ക് വായ്പാലഭ്യതയുടെ പ്രശ്‌നം ഉണ്ടാകാൻ സാധ്യത കുറവാണ്.

കൂടുതൽ വേഗത്തിലും എളുപ്പത്തിലും വായ്പ ലഭിക്കുന്നത് രാജ്യത്തെ ഇരുചക്ര വാഹന വിപണിയെ വളർത്തിയ ഘടകങ്ങളിൽ ഒന്നാണ്.

സാധാരണ ഗതിയിൽ ഒരു വർഷത്തെ വില്പനയുടെ 25 ശതമാനവും നടക്കുന്നത് ഈ ഉത്സവ സീസണിലാണ്. ഇതേ സമയത്ത് തന്നെ ബാങ്കിതര സ്ഥാപനങ്ങൾ സാമ്പത്തിക ഞെരുക്കം നേരിടുന്നത് ഇരുചക്ര വാഹന വിപണിയെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമല്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

എൻ.ബി.എഫ്.സികൾക്ക് പണലഭ്യത ഉറപ്പുവരുത്താൻ ഈയിടെ ആർബിഐ നടപടി എടുത്തിരുന്നു. ഇതനുസരിച്ച് ഡിസംബർ 31 വരെ ബാങ്കിതര സ്ഥാപനങ്ങൾക്ക് വായ്പ നൽകാനായി ബാങ്കുകൾക്ക് 50,000-60,000 കോടി രൂപ വരെ ഉപയോഗിക്കാനാവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it