കാത്തലിക് സിറിയന്‍ ബാങ്ക്: ഇനി പ്രകടനം നിര്‍ണായകം

തൃശൂര്‍ ആസ്ഥാനമായുള്ള കാത്തലിക് സിറിയന്‍ ബാങ്കിന്റെ (സിഎസ്ബി) 51 ശതമാനം ഓഹരികള്‍ കാനഡ ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനമായ ഫെയര്‍ഫാക്‌സിന് കൈമാറുന്ന നടപടികള്‍ പൂര്‍ത്തിയായതോടെ ഇനി വളര്‍ച്ച അടുത്തഘട്ടത്തിലേക്ക്.

'ഗ്രോത്ത് കാപിറ്റല്‍' (വളര്‍ച്ചായുള്ള മൂലധനം) എന്ന നിലയില്‍ തന്നെയാണ് ഫെയര്‍ഫാക്‌സ് സിഎസ്ബിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ബാങ്കിന്റെ 51 ശതമാനം ഓഹരി ഒരു വിദേശ കമ്പനിക്ക് കൈമാറാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നത്.

440 കോടി രൂപയാണ് ആദ്യഘട്ടമെന്ന നിലയില്‍ ഫെയര്‍ഫാക്‌സ് നിക്ഷേപിക്കുന്നത്. ഇക്വിറ്റി ഷെയറും വാറന്റുമായാണ് നിക്ഷേപം. ആകെ 1200 കോടി രൂപയാണ് ഫെയര്‍ഫാക്‌സ് 51 ശതമാനം ഓഹരിക്കായി മുതല്‍ മുടക്കുന്നത്. ഒരു ഓഹരിക്ക് 140 രൂപ എന്ന നിലയ്ക്കാണ് ഓഹരി വാങ്ങിയിരിക്കുന്നത്.

ഫെയര്‍ഫാക്‌സുമായുള്ള ധാരണ പ്രകാരമുള്ള ഇക്വിറ്റിയുടെ 25 ശതമാനവും വാറന്റിന്റെ 40 ശതമാനത്തിനും തത്തുല്യമായ തുകയാണ് ഇപ്പോള്‍ നിക്ഷേപിച്ചിരിക്കുന്ന 440 കോടി രൂപ.

പുതിയ മൂലധനം ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം മെച്ചപ്പെടുത്താന്‍ ഏറെ ഉപകാരപ്പെടും. 2020 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിനെ ലാഭപാതയിലേക്ക് എത്തിക്കുക എന്നതാണ് ഏറ്റവും നിര്‍ണായകമായ കാര്യം. ഈ നിക്ഷേപത്തിലൂടെ ഫെയര്‍ഫാക്‌സ് ലക്ഷ്യമിടുന്നതും അതുതന്നെയാണ്.

2018 സാമ്പത്തിക വര്‍ഷത്തില്‍ 97.50 കോടി രൂപയായിരുന്ന ബാങ്കിന്റെ നഷ്ടം. ഈ സ്ഥിതിയില്‍ നിന്ന് വളര്‍ച്ചാ പാതയിലേക്ക് ബാങ്കിനെ നയിക്കാന്‍ സമഗ്രമായ പുനക്രമീകരണം തന്നെ വേണ്ടിവരും.

ബാങ്കില്‍ നടത്തിയ നിക്ഷേപത്തിന് അനുസൃതമായ വിധത്തില്‍ വളര്‍ച്ച കാണുന്നുണ്ടെങ്കില്‍ മാത്രമാകും ഫെയര്‍ഫാക്‌സ് വാറന്റുകള്‍ ഓഹരിയാക്കി മാറ്റുക. പ്രവര്‍ത്തനം വിപുലമാക്കുന്നതിനൊപ്പം ബാങ്കിന്റെ പ്രവര്‍ത്തന സംസ്‌കാരം തന്നെ മാറ്റേണ്ടി വരും.

ജീവനക്കാരെ അവരവരുടെ ഇഷ്ടമേഖലകള്‍ ചോദിച്ചറിഞ്ഞ് പുനര്‍വിന്യസിച്ച്, ഓരോ ജീവനക്കാരന്റെയും പരമാവധി കാര്യക്ഷമത ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഇതിനകം ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇഷ്ടമേഖലകള്‍ തിരക്കിക്കൊണ്ടുള്ള മാനേജ്‌മെന്റിന്റെ അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ സമയം ചോദിക്കുന്ന നിലപാടാണ് യൂണിയനുകള്‍ സ്വീകരിച്ചത്.

പഴയ തലമുറ ബാങ്കില്‍ നിന്ന് വ്യത്യസ്തമായ പുതുതലമുറ ബാങ്കുകളുടെ രീതികളിലേക്ക് സിഎസ്ബി മാറാതെ ശക്തമായ വളര്‍ച്ച നേടാനാകില്ല. ഇത്തരത്തിലുള്ള മാറ്റത്തെ എങ്ങനെയാകും ജീവനക്കാരും അവരുടെ സംഘടനകളും ഉള്‍ക്കൊള്ളുക എന്നതും നിര്‍ണായകമാണ്.

2019ല്‍ ലിസ്റ്റിംഗ് നടത്തുകയെന്നതാണ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. പക്ഷേ അത് സാധ്യമാകാനിടയില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫെയര്‍ഫാക്‌സ് റിസര്‍വ് ബാങ്കിനെ സമീപിച്ച് സമയം ദീര്‍ഘിപ്പിക്കാനാണ് സാധ്യത. ഫെയര്‍ഫാക്‌സിന് 51 ശതമാനം ഓഹരി സ്വന്തമാക്കാന്‍ അനുമതി നല്‍കിയപ്പോള്‍ അതില്‍ റിസര്‍വ് ബാങ്ക് വെച്ചിരിക്കുന്ന ഒരു നിബന്ധന, ഓഹരി പങ്കാളിത്തം കാലക്രമേണ 51ല്‍ നിന്ന് 41 ശതമാനമാക്കണമെന്നതാണ്.

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it