ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുപയോഗത്തില്‍ പുതിയമാറ്റങ്ങള്‍ ഇന്നുമുതല്‍; ഉപയോക്താക്കള്‍ അറിയേണ്ട കാര്യങ്ങള്‍

ഉപഭോക്തൃ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും വര്‍ധിപ്പിക്കുന്നതിനായി മാര്‍ച്ച് 16 മുതല്‍ ചില മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ജനുവരി 15 -ന് പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇന്നു മുതല്‍ പുതിയ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് സേവനങ്ങളിലും ഉപയോഗക്രമത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു.
- മൊബൈല്‍ ആപ്ലിക്കേഷന്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎമ്മുകള്‍, ഇന്ററാക്ടിവ് വോയ്സ് റെസ്പോണ്‍സ് എന്നിവ ഉപയോഗിച്ച് ആക്സസ് ചെയ്യാന്‍ കഴിയുന്ന ഒരു ഓണ്‍-ഓഫ് ഓപ്ഷന്‍, ഇടപാട് പരിധി ഓപ്ഷന്‍ എന്നിവ ഉണ്ടായിരിക്കും. ഈ സേവനങ്ങള്‍ 24x7 ആയിരിക്കും.
- ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്‍ടാക്ട്ലെസ് ഇടപാടുകള്‍, രാജ്യാന്തര ഇടപാടുകള്‍, സിഎന്‍പി ഇടപാടുകള്‍ (കാര്‍ഡ് നോട്ട് പ്രസന്റ്) എന്നിവ സംബന്ധിച്ച വിവരങ്ങളും സേവനങ്ങളും പുതിയ ഉപയോക്താക്കള്‍ സജ്ജീകരിക്കേണ്ടതുണ്ട്.
- ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നല്‍കുന്ന ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് ഓണ്‍-ഓഫ് ചെയ്യാനുള്ള ഓപ്ഷനോ അല്ലെങ്കില്‍ നിശ്ചിത പരിധി സജ്ജമാക്കാനോ അനുവദിക്കും. ആഭ്യന്തരമോ രാജ്യാന്തരമോ ആയ ഏത് തരത്തിലുള്ള ഇടപാടുകള്‍ക്കും ഇത് ബാധകമായിരിക്കും.
- പോയിന്റ് ഓഫ് സെയില്‍ വഴിയുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍, എടിഎമ്മുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, അല്ലെങ്കില്‍ കോണ്‍ടാക്ട്ലെസ് ഇടപാടുകള്‍ എന്നിവ മുഖേനയും ഈ സൗകര്യം പ്രവര്‍ത്തിക്കും.
നിലവിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
പുതിയ ഉപഭോക്താക്കളെ കൂടാതെ നിലവിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ഇതുവരെയും ഓണ്‍ലൈന്‍, രാജ്യാന്തര, കോണ്‍ടാക്ട്ലെസ് ഇടപാടുകള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടില്ലയെങ്കില്‍ ഈ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമാവുന്നതാണ്. ഇത്തരത്തിലുള്ള കാര്‍ഡുകള്‍ മുന്‍പത്തെ പോലെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഉത്തരവാദിത്തം ഉപയോക്താവില്‍ നിക്ഷിപ്തമായിരിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷ ഏറെ പ്രധാനമാണ്. റിസര്‍വ് ബാങ്കില്‍ നിന്നുള്ള ഈ അറിയിപ്പുകള്‍ പ്രാധാന്യത്തോടെ കാണുക. മറ്റുള്ളവരിലേക്ക് പങ്കുവെക്കുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline