വായ്പാ-നിക്ഷേപാനുപാതത്തില്‍ വന്‍ ഇടിവ്, വാണിജ്യ ബാങ്കുകള്‍ കേരളത്തെ അവഗണിക്കുന്നോ?

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കുകള്‍ കേരളത്തില്‍ നിന്നും ഭീമമായ തോതില്‍ നിക്ഷേപം സമാഹരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ വായ്പാ വിതരണത്തില്‍ വന്‍ അലംഭാവം കാണിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2013ല്‍ വാണിജ്യ ബാങ്കുകളിലെ വായ്പാ നിക്ഷേപാനുപാതം (സി.ഡി റേഷ്യോ) 76.41 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ 2018 മാര്‍ച്ചില്‍ അത് 64.38 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സി.ഡി റേഷ്യോയിലുണ്ടായിട്ടുള്ള ഇടിവ് 12 ശതമാനത്തിലധികമാണെന്ന് ഇത് വ്യക്തമാക്കുന്നു.

2018 ജൂണില്‍ സി.ഡി റേഷ്യോ വീണ്ടും ഇടിഞ്ഞ് 62.99 ശതമാനമായി കുറഞ്ഞു. ഇതാകട്ടെ 2009ലെ 63 ശതമാനമെന്ന നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് ഇതോടൊപ്പമുള്ള ചാര്‍ട്ട് വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ കേരളത്തിലെ വാണിജ്യ ബാങ്കുകളുടെ സി.ഡി റേഷ്യോ ഇപ്പോള്‍ ഒരു പതിറ്റാണ്ടോളം പിന്നോക്കം പോയിരിക്കുകയാണ്. കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ക്ക് വാണിജ്യ ബാങ്കുകളുടെ ഫണ്ടിംഗ് തുച്ഛമാണെന്നാണ് ഇത് തെളിയിക്കുന്നത്. കേരളം ആസ്ഥാനമാക്കി പുതുതായി രൂപീകരിക്കപ്പെടുന്ന കേരള ബാങ്കിന്റെ പശ്ചാത്തലത്തിലാണ് വാണിജ്യ ബാങ്കുകളുടെ സി.ഡി റേഷ്യോ വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്.

വാണിജ്യ ബാങ്കുകള്‍ കേരളത്തില്‍ നിന്നും സമാഹരിക്കുന്ന പണം അന്യസംസ്ഥാനങ്ങളില്‍ വായ്പയായി ചെലവഴിക്കുന്നുവെന്ന ആരോപണം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വായ്പാ വിതരണ രംഗത്ത് ഭീമമായ തോതില്‍ തുടര്‍ച്ചയായി പിന്നോക്കം പോകുന്നൊരു പ്രവണത ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. 'വാണിജ്യ ബാങ്കുകളിലെ ഉപഭോക്തൃ വായ്പകളെ ഒഴിവാക്കിയാല്‍ സംസ്ഥാനത്തെ ഉല്‍പ്പാദന മേഖലകളിലേക്കുള്ള വായ്പാ വിതരണം നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വാണിജ്യ ബാങ്കുകള്‍ ഇവിടെ നിന്നും സമാ

ഹരിക്കുന്ന പണം അന്യസംസ്ഥാനങ്ങളിലെ കോര്‍പ്പറേറ്റ് മേഖലയ്ക്കാണ് നല്‍കുന്നത്. തികച്ചും അപകടകരമായൊരു പ്രവണതയാണിത്' ബാങ്കിംഗ് വിദഗ്ധനായ വി.കെ പ്രസാദ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ചെറുകിട ഇടത്തരം വ്യവസായ വാണിജ്യ മേഖലകളിലേക്കുള്ള വായ്പാവിതരണം കുറയുന്നുവെന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒട്ടുംതന്നെ ഗുണകരമല്ല.

വായ്പാ വിതരണത്തിന് അവസരമില്ല

വാണിജ്യ ബാങ്കുകളിലെ വായ്പാ വിതരണം ഭവന, വാഹന, വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടുന്ന റീറ്റെയ്ല്‍ രംഗത്തേക്കും കാര്‍ഷിക മേഖലയിലേക്കുമായി പരിമിതപ്പെട്ടിരിക്കുകയാണ്. ഇത്തരം വായ്പകള്‍ എണ്ണത്തില്‍ കൂടുതലായിരിക്കുമെങ്കിലും അവയിലെ വായ്പാ തുക വളരെ ചെറുതായിരിക്കും. എം.എസ്.എം.ഇ മേഖലയില്‍ മികച്ച സംരംഭങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള സംരംഭങ്ങള്‍ ഒരുതരം മുരടിപ്പിലുമായതിനാല്‍ ആ രംഗത്തും വായ്പക്കുള്ള അവസരങ്ങള്‍ കുറവാണ്. 'ലാര്‍ജ് വാല്യൂ ക്രെഡിറ്റായ കോര്‍പ്പറേറ്റ് വായ്പകള്‍ക്കുള്ള സാധ്യതയും കേരളത്തില്‍ ഇല്ല. അതുണ്ടെങ്കില്‍ മാത്രമേ ബാങ്കുകളുടെ ക്രെഡിറ്റ് പോര്‍ട്ട്‌ഫോളിയോയില്‍ വളര്‍ച്ച കാണിക്കാനാകൂ.

അതിനാല്‍ സ്വാഭാവികമായും കോര്‍പ്പറേറ്റ് ആന്‍ഡ് കണ്‍സോര്‍ഷ്യം ലെന്‍ഡിംഗിനായി ബാങ്കുകള്‍ക്ക് കേരളത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യമാണുള്ളത്' ഫെഡറല്‍ ബാങ്കിന്റെ മുന്‍ ചീഫ് ജനറല്‍ മാനേജരായിരുന്ന കെ.ആര്‍.മോഹനചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ വാണിജ്യബാങ്കുകളുടെ നിബന്ധനകളുമായി യോജിക്കാത്തതിനാല്‍ അവയൊന്നും ഉപകരിക്കാത്ത സാഹചര്യമുണ്ടെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ സി.ജെ നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കുറവാണെന്നത് ഫണ്ടിംഗിന് തടസമാകുന്നുണ്ടെന്ന വാദവുമുയരുന്നുണ്ട്.

ഇടത്തരം വന്‍കിട വ്യവസായങ്ങള്‍ കേരളത്തിലേക്ക് വരുന്നതിന് ചില പരിമിതികളുമുണ്ടെന്ന വസ്തുത കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് സി.ഡി റേഷ്യോയുടെ പേരില്‍ ബാങ്കുകളെ പഴിചാരുന്നതെന്ന് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായ എബ്രഹാം ഷാജി ജോണ്‍ പറയുന്നു.

ഭൂമിയുടെ ലഭ്യതക്കുറവ്, ഉയര്‍ന്ന വില, തൊഴില്‍ പ്രശ്‌നങ്ങളുണ്ടെന്ന മോശം പ്രതിച്ഛായ, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ഉയര്‍ന്ന കൂലി, ഉയര്‍ന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവ് തുടങ്ങിയവയൊക്കെ കേരളത്തിന്റെ വ്യാവസായിക വികസനത്തിനുള്ള തടസങ്ങളാണ്.

എന്നാല്‍ ബാങ്കുകളുടെ നിരുത്തരവാദപരമായ സമീപനം കാരണം അര്‍ഹതയുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് പോലും വായ്പ നിഷേധിക്കുന്നുണ്ടെന്നാണ് സംരംഭകരുടെ പരാതി. ഈ മേഖലയിലേക്കുള്ള വായ്പാ വിതരണത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകാത്തത് അതിനാലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിസന്ധികളും തടസങ്ങളും എന്തൊക്കെയാണെങ്കിലും സംസ്ഥാനത്തെ സി.ഡി റേഷ്യോ കുത്തനെ വര്‍ധിപ്പിക്കേണ്ടത് കേരളീയ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അനിവാര്യമാണെന്നതില്‍ സംശയമില്ല.

കിട്ടാക്കടം ഉയരുന്നത് ഭീഷണി

കേരളത്തിലെ കാര്‍ഷിക, വ്യവസായ, റീറ്റെയ്ല്‍ വായ്പകളില്‍ കിട്ടാക്കടം വര്‍ധിക്കുന്ന പ്രവണതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിദ്യാഭ്യാസ വായ്പകളില്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്‍പ്പടെയുള്ള നിരവധി കാരണങ്ങളാല്‍ കിട്ടാക്കടം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദ്യാഭ്യാസ വായ്പകളിലെ കിട്ടാക്കടം 35 ശതമാനം വര്‍ധനയോടെ ഇക്കഴിഞ്ഞ ജൂണില്‍ 2045 കോടിയായിക്കഴിഞ്ഞു. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് സര്‍ഫേസി നിയമപ്രകാരം കേരളത്തില്‍ നടപടികള്‍ എടുക്കാനാകില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. 'ഒരു ഭാഗത്ത് കിട്ടാക്കടം ഉയരുമ്പോള്‍ മറുഭാഗത്ത് റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കേരളത്തില്‍ കൂടിവരികയാണ്. ഇത് ചെറുകിട വായ്പകള്‍ നല്‍കുന്നതില്‍ നിന്നും ഒരുപരിധി വരെ ബാങ്കുകളെ പിന്നോക്കം നയിക്കുന്നുണ്ട്' മോഹനചന്ദ്രന്‍ വ്യക്തമാക്കി.

രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് സമീപകാലത്തായി വിദേശ

മലയാളികള്‍ ധാരാളം പണം ബാങ്കുകളിലേക്ക് അയക്കുകയുണ്ടായി.

കൂടാതെ ആഭ്യന്തര നിക്ഷേപത്തിലും വളര്‍ച്ചയുണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ ബാങ്കുകളിലെ നിക്ഷേപം വര്‍ധിക്കുന്നതും സി.ഡി റേഷ്യോയെ സ്വാധീനിക്കുന്നു.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it