പേടിക്കണം, ക്രെഡിറ്റ് സ്‌കോര്‍ എന്ന മാന്ത്രിക സംഖ്യയെ

ക്രെഡിറ്റ് സ്‌കോര്‍ നല്ലതല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇനി വായ്പ തന്നെ കിട്ടിയില്ലെന്നു വരാം. രാജ്യത്തെ ആദ്യ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് (സിബില്‍) നല്‍കുന്ന ക്രെഡിറ്റ് സ്‌കോര്‍ എന്ന മാന്ത്രിക സംഖ്യ അടിസ്ഥാനമാക്കിയാണ് ഇന്ന് നമ്മുടെ വായ്പാ യോഗ്യത നിര്‍ണയിക്കപ്പെടുന്നത്. 300 നും 900 നും ഇടയിലുള്ള സ്‌കോറാണ് ഓരോ ആള്‍ക്കും സിബില്‍ നല്‍കുന്നത്. പല ബാങ്കുകളിലും ചുരുങ്ങിയത് 750 ഉണ്ടെങ്കില്‍ മാത്രമാണ് വലിയ പ്രശ്‌നങ്ങളില്ലാതെ വായ്പ ലഭിക്കുക. അതിനു താഴെയാണെങ്കില്‍ ഏത് സ്ഥാപനത്തില്‍ നിന്നും വായ്പ കിട്ടാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും. എന്തൊക്കെ ഘടകങ്ങളാണ് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുക?

ക്രെഡിറ്റ് സ്‌കോര്‍ ആവശ്യം വരുന്നതെപ്പോള്‍?

സിബില്‍ സ്‌കോര്‍ നിര്‍ണായക പങ്കുവഹിക്കുന്ന ചില ഘടകങ്ങളിതാഹ വായ്പ അനുവദിക്കല്‍: വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട് ക്രെഡിറ്റ് സ്‌കോറിന്. നിങ്ങള്‍ വായ്പ സമയബന്ധിതമായി തിരിച്ചടയ്ക്കുന്ന ആളാണെന്ന് ബാങ്കിന് ബോധ്യമാകുക ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നതിലൂടെയാണ്. ഉയര്‍ന്ന സ്‌കോര്‍ ഉണ്ടെങ്കില്‍ വായ്പ എളുപ്പം അനുവദിച്ച് കിട്ടും. ഭവന വായ്പയോ, വസ്തു ഈടിന്മേലുള്ള വായ്പയോ, വ്യക്തിഗത വായ്പയോ, വാഹന വായ്പയോ ഏതുമാകട്ടെ മാനദണ്ഡം സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ തന്നെ.

  • പലിശ നിരക്ക്: ഉയര്‍ന്ന സിബില്‍ സ്‌കോറിന് ഉടമയാണ് നിങ്ങളെങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കാന്‍ അത് നിങ്ങളെ സഹായിക്കും. ഒരര്‍ത്ഥത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നിങ്ങളുടെ കീശ ചോരാതെ നോക്കും.
  • വീട് നിര്‍മിക്കാനും വാടകയ്ക്കും: നിങ്ങള്‍ വീട് നിര്‍മിക്കുന്നതിനായി ഭവന വായ്പയ്ക്ക് സമീപിക്കുകയാണെങ്കില്‍ ഉയര്‍ന്ന സ്‌കോര്‍ നിങ്ങള്‍ക്ക് വായ്പ കിട്ടാന്‍ സഹായിക്കും. വാടകയ്ക്ക് വീട് ലഭ്യമാകണമെങ്കിലും ഇപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ മാനദണ്ഡമാക്കി തുടങ്ങിയിട്ടുണ്ട്.
  • മറ്റു ഘടകങ്ങള്‍: വായ്പ ലഭിക്കുന്നതിന് മാത്രമല്ല, നല്ല മൊബീല്‍ പ്ലാനുകള്‍ ലഭ്യമാകാനുംഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞു കിട്ടുന്നതിനുമൊക്കെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണായകമാകും.

സ്‌കോര്‍ കണക്കാക്കുന്നതെങ്ങനെ?

സാമ്പത്തികമായ കുറേ കാര്യങ്ങള്‍ പരിഗണിച്ചാണ് നമ്മുടെ സ്‌കോര്‍ കണക്കാക്കുന്നത്. വായ്പകളുടെ തിരിച്ചടവ്, വായ്പാ എക്കൗണ്ടുകളുടെ എണ്ണവും സ്വഭാവവും, ഒരാള്‍ ബാങ്കുകളുമായോ മറ്റു സാമ്പത്തിക സ്ഥാപനങ്ങളുമായോ ഇടപാട് തുടങ്ങിയിട്ട് എത്ര കാലമായി?, തിരിച്ചടക്കാത്ത കടം എന്തെങ്കിലും ഉണ്ടോ തുടങ്ങിയ പല കാര്യങ്ങളും ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുമ്പോള്‍ പരിഗണിക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗവുംഇതിനായി വിലയിരുത്തും. നിങ്ങളുടെ ഓരോ സാമ്പത്തിക നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ തയാറാക്കുന്നത്.

ഇങ്ങനെ നിര്‍ണയിക്കപ്പെടുന്ന സ്‌കോര്‍ ഓരോ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ലഭ്യമാകുന്ന തരത്തില്‍ സിബില്‍ വിതരണം ചെയ്യും. നമ്മള്‍ ഒരു ബാങ്കിനെ സമീപിക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ നമ്മുടെ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാകും. നമ്മുടെ വായ്പകളെ സംബന്ധിച്ച ചരിത്രം മനസിലാക്കിയാവും വായ്പ അനുവദിക്കണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കുക. എന്നാല്‍ സേവിംഗ്‌സ് എക്കൗണ്ട്, നിങ്ങളുടെ വിദ്യാഭ്യാസം, വരുമാനം, ആണാണോ പെണ്ണാണോ എന്ന കാര്യങ്ങളൊന്നും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്നും അറിയുക.

സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താം?

ഒരിക്കല്‍ താഴ്ന്നു പോയ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള അവസരം എല്ലാവര്‍ക്കുമുണ്ട്. ഇതിന് 12 മുതല്‍ 18 മാസം വരെ സമയമെടുക്കുമെന്ന് മാത്രം. ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള ഏതാനും വഴികള്‍.

  • ബില്ലുകള്‍ സമയത്ത് അടയ്ക്കുക: നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നിരുന്നാല്‍ പോലും ക്രെഡിറ്റ് കാര്‍ഡ് ബില്ലോ മറ്റു യൂട്ടിലിറ്റി ബില്ലുകളോ സമയത്ത് തന്നെ അടയ്ക്കുക. ഓണ്‍ലൈന്‍ പേമെന്റ് നടത്തുമ്പോള്‍ ട്രാന്‍സാക്ഷന്‍ നടക്കാന്‍ വേണ്ട സമയം അറിഞ്ഞ് മുന്‍കൂട്ടി ചെയ്യുക. ചെക്ക് നല്‍കുകയാണെങ്കില്‍ ബില്ലടയ്ക്കാനുള്ള അവസാന തിയതിക്ക് കുറേ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നല്‍കുക.
  • ക്രെഡിറ്റ് കാര്‍ഡുകളോട് ആര്‍ത്തി വേണ്ട: നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടാകുമ്പോള്‍ നമ്മെ കുറിച്ചുള്ള ധാരണ കടം വാങ്ങാനുള്ള പ്രവണത കൂടുതലാണെന്നതാണ്. ഇത് പിന്നീട് വായ്പ കിട്ടുന്നതിന് തടസമാകാം. മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഉപയോഗിച്ച പണം തിരിച്ചടയ്ക്കുന്നതിലും വീഴ്ച പറ്റാനുള്ള സാധ്യതയുണ്ട്.
  • ക്രെഡിറ്റ് കാര്‍ഡ് ബുദ്ധിപരമായി ഉപയോഗിക്കുക: മികച്ചൊരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാര്‍ഡ്. എല്ലാ മാസവും അനുവദിച്ചിരിക്കുന്നതിനേക്കാള്‍ കൂടിയ തുക ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് എടുക്കാതെ നോക്കണം. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് പെട്ടെന്ന് വേണ്ടെന്നു വെക്കുന്നതും ശരിയല്ല. അതാത് ബാങ്കുകളില്‍ നിന്നുള്ള എന്‍ഒസി നേടുകയെന്നത് പ്രധാനമാണ്.
  • വായ്പകളുടെ തെരഞ്ഞെടുപ്പ്: അണ്‍സെക്വേര്‍ഡ് വായ്പകളായ വ്യക്തിഗത വായ്പകള്‍, കാര്‍ വായ്പ എന്നിവ സാധാരണയായി ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. നേരെ മറിച്ച് ഭവനവായ്പ പോലുള്ള സെക്വേര്‍ഡ് വായ്പകള്‍ ആസ്തി സൃഷ്ടിക്കുന്നതു കൊണ്ടു തന്നെ ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കുകയും ചെയ്യും. അതുകൊണ്ട് കഴിയുന്നതും അണ്‍സെക്വേര്‍ഡ് വായ്പകള്‍ കുറയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
  • നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക: നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ സിബിലിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചാല്‍ ലഭ്യമാകും. ഏതാനും വെബ്‌സൈറ്റുകള്‍ സൗജന്യമായും ഇപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ ലഭ്യമാക്കുന്നുണ്ട്. ഇതില്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയായ വിധത്തിലാണോ എന്ന് വിലയിരുത്തുക. എന്തെങ്കിലും തെറ്റായ വിവരം കടന്നുകൂടിയിട്ടുണ്ടെങ്കില്‍ സിബിലിന് റിപ്പോര്‍ട്ട് ചെയ്യുക.
  • നിരവധി വായ്പകള്‍ക്ക് ഒരേസമയം അപേക്ഷിക്കരുത്: നിങ്ങള്‍ ഓരോ ബാങ്കിലും വായ്പയ്ക്കായി അപേക്ഷിക്കുമ്പോഴോ, അന്വേഷിക്കുമ്പോഴോ നിങ്ങളെ കുറിച്ച് ബാങ്ക് അന്വേഷിക്കും. അങ്ങനെ കുറേ ബാങ്കുകള്‍ നിങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്ന് നില്‍ക്കുകയാണെങ്കില്‍ വായ്പകള്‍ക്ക് കൂടുതല്‍ പലിശ നല്‍കാന്‍ തയാറായിക്കൊള്ളുക. പലിശ കുറഞ്ഞ വായ്പയ്ക്കായി നിരവധി ബാങ്കുകള്‍ കയറിയിറങ്ങുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴാനും അതുവഴി പലിശ നിരക്ക് പിന്നെയും കൂടാനും കാരണമായേക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it