മൂലധന വിപണി വഴി അതിശയ നേട്ടം സ്വന്തമാക്കി സിഎസ്ബി

അതിശയ നേട്ടം കൊയ്ത ഐപിഒയ്ക്കു പിന്നാലെ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലും നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും അത്യാവേശമുണര്‍ത്തിയ ഓഹരി ലിസ്റ്റിംഗും പന്നിട്ട് സിഎസ്ബി വെട്ടിപ്പിടിച്ചത് ബാങ്കിംഗ് മേഖലയെ മാത്രമല്ല ദേശീയതലത്തില്‍ തന്നെ ഓഹരി വിപണിയെ വിസ്മയിപ്പിച്ച ഉയരങ്ങള്‍.

തൃശൂര്‍ ആസ്ഥാനമായുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ആയിരുന്നു ഏതാനും ദിവസം മുമ്പു വരെ മുന്നിട്ടുനിന്നിരുന്നതെങ്കില്‍, വിപണി മൂലധനത്തിന്റെ കാര്യത്തില്‍ നിലവില്‍ ഒന്നാം സ്ഥാനം വെട്ടിപ്പിടിച്ചുകഴിഞ്ഞു പഴയ കാത്തലിക് സിറിയന്‍ ബാങ്ക് ( ഇപ്പോള്‍ സിഎസ്ബി).

വ്യാഴാഴ്ചത്തെ രേഖകള്‍ പ്രകാരം സിഎസ്ബി ബാങ്കിന്റെ വിപണി മൂലധനം എസ്ഐബിയുടേതിനെ അപേക്ഷിച്ച് രണ്ടര മടങ്ങിലേറെയായെന്ന് ' ബിസിനസ്‌ബെഞ്ച്മാര്‍ക്ക് ഡോട്ട് ന്യൂസ് ' റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്ഐബിയുടെ മൊത്തം വിപണി ഓഹരി മൂല്യം 1983.46 കോടി രൂപയാണ്. സിഎസ്ബി ബാങ്കിന്റേത് ഏകദേശം 5130 കോടിയും. സിഎസ്ബി ബാങ്ക് ഓഹരികളോട് നിക്ഷേപകര്‍ പ്രകടമാക്കുന്ന ആവേശം മാര്‍ക്കറ്റ് അനലിസ്റ്റുകളില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്.

എസ്ഐബി മാത്രമല്ല തൃശൂര്‍ ആസ്ഥാനമായി 93 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ധനലക്ഷ്മി ബാങ്കും സ്വാഭാവിക അമ്പരപ്പിലാണ്. 380 കോടി രൂപയാണ് ധനലക്ഷ്മി ബാങ്കിന്റെ വിപണി ഓഹരി മൂല്യം. പുസ്തക മൂല്യത്തിന്റെ അനേക മടങ്ങ് മുകളില്‍ വില നല്‍കി സിഎസ്ബി ഓഹരികള്‍ വാങ്ങിക്കൂട്ടുന്നവര്‍ വളരെ കുറഞ്ഞ പ്രിയമേ സഹ ബാങ്കുകളുടെ കാര്യത്തില്‍ പുറത്തെടുക്കുന്നൂള്ളൂ.

ഇഷ്യു വില 195 രൂപ മാത്രമുണ്ടായിരുന്ന സിഎസ്ബി ഓഹരി 275 രൂപ നിരക്കിലാണു ലിസ്റ്റ് ചെയ്തത്. തുടര്‍ന്നു കത്തിക്കയറിയ ഡിമാന്‍ഡില്‍ വില 307 രൂപ വരെ ഉയര്‍ന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ എന്‍എസ്ഇയില്‍ വില 300.05; ബിഎസ്ഇയില്‍ 300.10. ഇഷ്യു വിലയെക്കാള്‍ 54 ശതമാനത്തോളം ഉയരത്തില്‍ വിപണി വില എത്തിയിട്ടും രണ്ട് എക്‌സ്‌ചേഞ്ചുകളിലുമായി നാലര കോടിയോളം ഓഹരികളിലാണു വ്യാപാരം നടന്നത്. ഇന്നത്തെ വില 8-9 ശതമാനം താഴെയാണ്. ഓഹരികളുടെ ആദ്യ പൊതു വില്‍പന(ഐപിഒ)യ്ക്ക് 87 ഇരട്ടി അപേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു.

രാജ്യത്തെ ഏറ്റവും ചെറിയ ബാങ്കുകളിലൊന്നാണ് സിഎസ്ബി എന്ന പരിമിതിയൊന്നും നിക്ഷേപകര്‍ കാണുന്നില്ല. ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിക്കു പോലും വില ഏകദേശം 340 രൂപ മാത്രം. പ്രവര്‍ത്തന ഫലവുമായി ബന്ധപ്പെട്ട കണക്കുകളില്‍ സിഎസ്ബിയെക്കാള്‍ മുന്നിലായിട്ടും ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരികളുടെ വില വളരെ താഴെ. കേരളത്തിനു പുറത്തുള്ള മറ്റു പല പ്രമുഖ ബാങ്കുകളുടെ ഓഹരി വിലയും സിഎസ്ബി ഓഹരി വിലയെക്കാള്‍ വളരെ കുറഞ്ഞുനില്‍ക്കുന്നു.

'ഇത് വളരെ രസകരമായിരിക്കുന്നു. ഈ പ്രവണത എത്രത്തോളം നീണ്ടുനില്‍ക്കുമെന്നതാണ് ഇനി കാണേണ്ടത്. ഒരു വശത്ത്, തുടര്‍ച്ചയായ ലാഭമുണ്ടാക്കുന്നതിന്റെ ട്രാക്ക് റെക്കോര്‍ഡുള്ള എസ്ഐബിയുടെ ഓഹരികള്‍ അതിന്റെ പുസ്തക മൂല്യത്തിന്റെ മൂന്നിലൊന്ന് വിലയ്ക്ക് ട്രേഡ് ചെയ്യുന്നു. മറുവശത്ത്, വര്‍ഷങ്ങളായി നഷ്ടകഥയെഴുതിയ സിഎസ്ബി ബാങ്കിന് പുസ്തക മൂല്യത്തിന്റെ പലയിരട്ടി വിലയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുന്നു.... രണ്ടും നടക്കുന്നത് ഒരേ വിപണയില്‍, ' ഒരു ബ്രോക്കര്‍ ചൂണ്ടിക്കാട്ടി.

സിഎസ്ബി ബാങ്ക് 2019 സെപ്റ്റംബറില്‍ അവസാനിച്ച ആദ്യ പകുതിയില്‍ 44.27 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയത് 2018-19 ല്‍ 1977.42 കോടി രൂപ നഷ്ടമുണ്ടാക്കിയ ശേഷമായിരുന്നു. ഓഹരി വിപണിയിലേക്കിറങ്ങുന്നതിന്റെ മുന്നോടിയായി ' പ്രൊവിഷനിംഗ് ' പുനര്‍ നിര്‍ണ്ണയിച്ചതിലൂടെയാണിതു സാധ്യമായതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

സിഎസ്ബി ബാങ്കിന് ഇപ്പോള്‍ മതിയായ മൂലധനം കൈവന്നിരിക്കുന്നു, 2000 കോടിയോളം. വളര്‍ച്ചയ്ക്കുള്ള സുഗമ പാതയാണൊരുങ്ങിയിട്ടുള്ളത്. ഇതിനകം തന്നെ സ്വര്‍ണ്ണ വായ്പയുടെ വലിയ പോര്‍ട്ട്‌ഫോളിയോ സ്വന്തമാണ്.മൊത്ത വായ്പയുടെ മൂന്നിലൊന്ന് വരുമിത്. പുതുതായി ഏത് മേഖലയാണ് സിഎസ്ബി വളരാന്‍ തിരഞ്ഞെടുക്കുന്നതെന്ന് അറിയാനുള്ള താല്‍പ്പര്യം വിശകലന വിദഗ്ധര്‍ പങ്കുവച്ചുതുടങ്ങിയിട്ടുണ്ട്.

സ്വര്‍ണ്ണ വായ്പ സുരക്ഷിതവും ലാഭകരവുമാണ്. ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ക്ക് ക്രെഡിറ്റ് ലൈനുകള്‍ വാഗ്ദാനം ചെയ്യുന്നതിനപ്പുറമായി ഉപയോക്താക്കള്‍ക്ക് നേരിട്ട് വായ്പ നല്‍കുന്നത് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ബാങ്കിന് താല്‍പ്പര്യമുണ്ടാകണമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. മൂന്നു വര്‍ഷത്തേക്കു കൂടി സിഎസ്ബിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി തുടര്‍ നിയമനം ലഭിച്ച സി.വി.ആര്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഇനിയുണ്ടാകുന്ന നീക്കങ്ങള്‍ അവര്‍ ഉറ്റുനോക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it