''പൊതുമേഖലാ ബാങ്കിനെ പോലും ഏറ്റെടുക്കാന്‍ സിഎസ്ബി സജ്ജം''; സി.വി.ആര്‍ രാജേന്ദ്രന്‍

അടിമുടി മാറുകയാണ് സിഎസ്ബി ബാങ്ക്. 1920 നവംബറില്‍ തൃശൂരില്‍ തുടക്കമിട്ട, കേരളത്തിലെ ഏറ്റവും പാരമ്പര്യമുള്ള സ്വകാര്യബാങ്കുകളിലൊന്നായ സിഎസ്ബി, ഇന്ന് നൂറു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അടിത്തറയാക്കി രാജ്യത്തെ ഏറ്റവും ചടുലമായ പുതുതലമുറ ബാങ്കായി മാറാനുള്ള ചുവടുവെപ്പുകളിലാണ്. കാത്തലിക് സിറിയന്‍ബാങ്ക് ലിമിറ്റഡ് എന്ന പേരിനെ സിഎസ്ബി ബാങ്ക് എന്നാക്കിയത് പേരില്‍ വരുത്തിയ വെറും മാറ്റം മാത്രമായിരുന്നില്ല. ബാങ്കിംഗ്, ഫിനാന്‍സ് രംഗത്തെ രാജ്യത്തെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സൂക്ഷ്മതലത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തി ബാങ്ക് സജ്ജമായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയിലേക്ക് പ്രവേശിച്ച ബാങ്ക്, പ്രതികൂലമായ സാഹചര്യങ്ങള്‍ക്കിടയിലും ഇക്കഴിഞ്ഞ ത്രൈമാസത്തിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഒരു പരാമ്പരാഗത ബാങ്കിനെ ന്യു ജെന്‍ ബാങ്കാക്കി മാറ്റുകയെന്ന ശ്രമകരമായ ദൗത്യത്തിന് നേതൃത്വം
നല്‍കുകയാണ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സിവിആര്‍ രാജേന്ദ്രന്‍. 2016 നവംബര്‍ 24നാണ് ഇദ്ദേഹം ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് എത്തുന്നത്. ബാങ്കിംഗ് മേഖലയില്‍ നാല് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവ സമ്പത്തുള്ള
രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് മ്യുച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യുട്ടീവ് പദവിയും വഹിച്ചിട്ടുണ്ട്. സിഎസ്ബി ബാങ്കിന്റെ പുതിയ പദ്ധതികളെ കുറിച്ച് ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു.

വളര്‍ച്ചയിലും ശാഖാ വിപുലീകരണത്തിലുമൊക്കെ ബാങ്ക് വളരെ അഗ്രസീവായി മുന്നേറുകയാണല്ലോ ?

അഗ്രസീവ് എന്നു പറയാനാകില്ല. സാഹചര്യം ആവശ്യപ്പെടുന്നതുകൊണ്ടാണ് കൂടുതല്‍ ശാഖകള്‍ തുറക്കുന്നത്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ബാങ്കിന് എപ്പോഴും സാധിക്കുന്നുണ്ട്. എന്നാല്‍ വായ്പകളാണ് പ്രശ്നം. ബാങ്കിന് സാന്നിധ്യം കൂടുതല്‍ കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ വായ്പകള്‍ക്കുള്ള ആവശ്യം കുറവാണ്. തമിഴ്നാടിന്റെ കാര്യമെടുക്കുകയാണെങ്കില്‍ 110 ശതമാനമാണ് വായ്പാ നിക്ഷേപ അനുപാതം. മഹരാഷ്ട്ര, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളാണെങ്കില്‍ ഇത് 100 ശതമാനമാണ്. കേരളത്തിലാണെങ്കില്‍ ഇത് 35 -40 ശതമാനത്തിനടുത്ത് മാത്രമേ വരുന്നുള്ളു. കൃഷി, മൈക്രോ ഫിനാന്‍സ് എന്നീ മേഖലകളിലെ വായ്പകളും സ്വര്‍ണ വായ്പയും ഒഴികെയുള്ള മറ്റു വായ്പകള്‍ക്ക് ഇവിടെ ആവശ്യക്കാര്‍ കുറവാണ്. മാത്രമല്ല ബാങ്കുകള്‍ തമ്മില്‍ നല്ല മത്സരവുമുണ്ട്. പ്രൈസിംഗും മത്സരക്ഷമമാകണം. കേരളത്തിലെ സ്വര്‍ണ പണയ കമ്പനികള്‍ക്കു പോലും ഇവിടെ 3-4 ശതമാനം ബിസിനസ് മാത്രമാണുള്ളത്. അവരുടെ ലോണ്‍ ബുക്കിലും ഭൂരിഭാഗവും അന്യ സംസ്ഥാനത്തു നിന്നുള്ളതാണ്.

ഇപ്പോഴത്തെ പ്രത്യേക സാഹര്യത്തില്‍ എംഎസ്എംഇകള്‍ക്കായി ബാങ്ക് നല്‍കുന്ന പ്രത്യേക പദ്ധതികളെന്തൊക്കെയാണ്?


എംഎസ്എംഇകളുടെ നിര്‍വചനം തന്നെ ഇപ്പോള്‍ മാറിയിരിക്കുകയാണ്. 250 കോടി രൂപവരെയൊക്കെ വിറ്റുവരവ് നടത്തുന്ന കമ്പനികളാണ് എംഎസ്ഇ വിഭാഗത്തില്‍ വരുന്നതെന്നതിനാല്‍ ബാങ്കിന്റെ കസ്റ്റമേഴ്സ് എല്ലാം ഈ വിഭാഗത്തിലാണെന്ന് പറയാം. സിഎസ്ബി അടുത്തിടെ എംഎസ്എംഇ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയിരുന്നു. സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ പോലുള്ള സര്‍വീസ് മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കാണ് പ്രധാനമായും വായ്പ നല്‍കുന്നത്. ചെന്നൈയിലാണ് ഓഫീസങ്കിലും എല്ലാ സ്ഥലങ്ങളിലും എംഎസ്എംഇ സോഴ്സിംഗ് ഓഫീസര്‍മാരുണ്ട്.
കോവിഡ് നേരിട്ട് ബാധിച്ചിട്ടുള്ള കസ്റ്റമേഴ്സിന് 20 ശതമാനം അധികം ഞങ്ങള്‍ വായ്പ അനുവദിക്കുന്നുണ്ട്. സ്റ്റോക്കിന്റേയും റിസീവബ്ള്‍സിന്റെയും അടിസ്ഥാനത്തില്‍ നല്‍കുന്ന വായ്പയുടെ പരിധി വര്‍ധിപ്പിച്ചിട്ടുമുണ്ട്. മോറട്ടോറിയം കാലയളവ് കഴിഞ്ഞ് 35 മാസ വായ്പയായി അത് ക്രമീകരിക്കും. ബിസിനസ് തുടരുന്ന സംരംഭങ്ങളെ സംബന്ധിച്ച് ബാങ്ക്കള്‍ വേണ്ട പിന്തുണ നല്‍കും.

*ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം വഴി ഇതു വരെ എത്ര തുക വായ്പയായി നല്‍കിയിട്ടുണ്ട്.
ഇതു വരെ 93 കോടി രൂപയാണ് അഡീഷണല്‍ കോവിഡ് വായ്പയായി നല്‍കിയിട്ടുള്ളത്. കുറച്ചു വായ്പകളുടെ പ്രോസസിംഗ് നടക്കുന്നു. എന്നാല്‍ അധികമാളുകള്‍ ഈ വായ്പകള്‍ക്കായി ബാങ്കിനെ സമീപിക്കുന്നില്ല. 80 ശതമാനം ആളുകളും മോറട്ടോറിയമോ മറ്റ് അഡീഷണല്‍ വായ്പകളോ ആവശ്യപ്പെടുന്നില്ല എന്നതാണ് സത്യം. അവരൊക്കെ തന്നെ വായ്പകള്‍ കൃത്യമായി അടയ്ക്കുന്നുമുണ്ട്. മാനുഫാക്ചറിംഗ് സെക്ടറിലുള്ളവര്‍ക്ക് പലര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായിട്ടില്ല. അവരാണ് കൂടുതലും ഈ ആനുകൂല്യങ്ങള്‍ തേടിയിട്ടുള്ളത്.

മോറട്ടോറിയം പ്രയോജനപ്പെടുത്തിയ പലരും തന്നെ അവരുടെ ബിസിനസ് പഴയ തോതിലായതോടെ 50 ശതമാനത്തിലധികവും വായ്പകള്‍ തിരിച്ചടച്ചു തുടങ്ങി. കുറച്ചു കാലത്തേക്ക് ബാധ്യത നീക്കി വയ്ക്കാന്‍ മാത്രമാണ് മോറട്ടോറിയം സഹായിക്കുക എന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ ബാങ്കിനെ സംബന്ധിച്ച് മോറട്ടോറിയം ഒരു പ്രശ്നമായി തോന്നുന്നില്ല. 1.89 ശതമാനത്തോളം ഉപഭോക്താക്കള്‍ മാത്രമാണ് കഴിഞ്ഞ ആറുമാസമായി ഒരു തുകയും തിരിച്ചടയ്ക്കാത്തത്.

അടുത്തിടെ റിസര്‍വ് ബാങ്ക് സ്വര്‍ണ വിലയുടെ 90 ശതമാനം വരെ വായ്പ അനുവദിക്കാമെന്ന് പറഞ്ഞിരുന്നില്ലോ. ബാങ്കുകളെ സംബന്ധിച്ച് ഇതില്‍ റിസ്‌കല്ലേ?

ഇതുവരെ സ്വര്‍ണ വായ്പകളുടെ എല്‍ടിവി 75 ശതമാനമായിരുന്നെങ്കിലും കസ്റ്റമര്‍ക്ക് യഥാര്‍ത്ഥത്തില്‍ അത്രയും തുക ലഭിക്കുമായിരുന്നില്ല. 10 ശതമാനത്തോളം വായ്പ നല്‍കുന്ന കാലയളവിലേക്കുള്ള പലിശയായി ഈടാക്കും. പരമാവധി 65 ശതമാനമാണ് കസ്റ്റമര്‍ക്ക് ലഭിക്കുക. പുതിയ നിയമമനുസരിച്ചാണെങ്കില്‍ തന്നെയും 75 ശതമാനം മുതല്‍ 80 ശതമാനം വരെയേ വായ്പയായി ലഭിക്കൂ. വായ്പയുടെ തുടക്കത്തില്‍ 10 ശതമാനം പലിശയും 10 ശതമാനം മാര്‍ജിനുമടക്കം 20 ശതമാനത്തോളം കുറച്ചശേഷമായിരിക്കും വായ്പയായി നല്‍കുക.

സ്വര്‍ണ വില കുറയാനുള്ള സാഹര്യം കൂടി കണക്കിലെടുത്താണിത്. പിന്നെ പൊതുവേ കസ്റ്റമേഴ്സ് മുഴുവന്‍ സ്വര്‍ണത്തിനും തുല്യമായ തുക വായ്പയായി ആവശ്യപ്പെടാറില്ല. അവര്‍ക്ക് ആവശ്യമുള്ള തുകയാണ് എടുക്കുക. സ്വര്‍ണത്തെ പൊതുവേ ആളുകള്‍ വൈകാരികമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ ആരും അത് കൈവിട്ടു കളയാന്‍ അഗ്രഹിക്കില്ല. ബാങ്കുകളും അവര്‍ക്ക് സ്വര്‍ണം തിരിച്ചെടുക്കാന്‍ ആവശ്യത്തിന് സമയം കൊടുക്കാറുണ്ട്.

ഇതിനു മുമ്പൊരിക്കല്‍ സ്വര്‍ണ വില 25-30 ശതമാനമൊക്കെ ഇടിഞ്ഞ സമയത്ത് ഞങ്ങളുടെ സ്വര്‍ണ വായ്പാ വിഹിതം 3000 കോടിയായിരുന്നു.അന്ന് ഞങ്ങള്‍ക്കുണ്ടായ ഷോര്‍ട്ടേജ് വെറും 75 ലക്ഷം രൂപ മാത്രമായിരുന്നു. അതിനാല്‍ ഇതിലൊരു റിസ്‌ക് പറയാനില്ല, ബാങ്കിന്റെ ഇത്രയും കാലത്തെ ചരിത്രം നോക്കിയാല്‍ തന്നെ സ്വര്‍ണ വായ്പ തിരിച്ചടവിലുള്ള പ്രശ്നങ്ങള്‍ മൂലം ഒരിക്കലും ബാങ്ക് നഷ്ടം രേഖപ്പെടുത്തിയിട്ടില്ല,

ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികകല്ലായിരുന്നു ലിസ്റ്റിംഗ്. അത് എങ്ങനെയാണ് ബാങ്കിന്റെ പ്രകടനത്തെ സഹായിച്ചത്?

സിഎസ്ബിയുടെ ഇപ്പോഴത്തെ വാല്വേഷന്‍ ഏകദേശം 3800 കോടി രൂപയാണ്. അതേ സമയം ഞങ്ങളേക്കാള്‍ വലിയ ബാങ്കുകളുടെ വാല്വേഷന്‍ 1000-1500 കോടി മാത്രമാണ്.അതായത് മാര്‍ക്കറ്റില്‍ ബാലന്‍സ് ഷീറ്റിന്റെ ക്വാണ്ടിറ്റിക്കല്ല, ക്വാളിറ്റിക്കാണ് പ്രാധാന്യം. ബാങ്കിന്റെ ക്രെഡിബിലിറ്റിയില്‍ നിക്ഷേപകര്‍ക്ക് വിശ്വാസമുണ്ട്. പുറത്തു വിടുന്ന കണക്കുകള്‍ യഥാര്‍ത്ഥമാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് ബുക്ക് സൈസ് കുറഞ്ഞിരിന്നിട്ടും മാര്‍ക്കറ്റ് ഉയര്‍ന്ന വാല്വേഷന്‍ നല്‍കിയിരിക്കുന്നത്. ധാരാളം നിക്ഷേപകര്‍ ബാങ്കിലേക്ക് വരുന്നുണ്ട്. ഫെയര്‍ഫാക്സാണ് മുഖ്യ ഓഹരി ഉടമകള്‍. അടുത്ത കാലത്തായി എസ്ബിഐ മ്യൂച്വല്‍ഫണ്ട് നിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ട. കൂടാതെ സുന്ദരം മ്യൂച്വല്‍ഫണ്ട്, ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ തുടങ്ങിയ നിരവധി മ്യൂച്വല്‍ഫണ്ടുകള്‍ നിക്ഷേപിക്കുന്നുണ്ട്.

അവരെല്ലാം തന്നെ ബാങ്കിന്റെ മുന്‍കാല പ്രവര്‍ത്തനം വിലയിരുത്തിയല്ല, ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നിക്ഷേപിക്കുന്നത്. ഓഹരി വിപണിയും ഭാവിയിലെ വളര്‍ച്ചയാണ് ഡിസ്‌കൗണ്ട് ചെയ്യുന്നത്. മൂലധന സമാഹരണ സമയത്ത് ബാങ്ക് മുന്നോട്ടു വച്ച പ്രതീക്ഷകളൊക്കെ നിറവേറ്റാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. വളരെ യാഥാസ്ഥിതികമായ അക്കൗണ്ടിംഗ് പോളിസികളാണ് ഞങ്ങള്‍ പിന്തുടരുന്നത്. കഴിഞ്ഞ കാലങ്ങല്‍ ആവശ്യത്തിന് പ്രൊവിഷന്‍സ് ഞങ്ങളെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 100 കോടി രൂപയാണ് പ്രൊവിഷന്‍ ചെയ്തത്. ആര്‍ബിഐ നിഷ്‌കര്‍ഷിക്കുന്നതിലും അധികമാണ് ഞങ്ങളുടെ പ്രൊവിഷനിംഗ്. അതിനാല്‍ നെഗറ്റീവ് സര്‍പ്രൈസസ് ബാങ്കിനെ സംബന്ധിച്ച്് വളരെ കുറവാണ്. പരമ്പരാഗത ബാങ്കില്‍ നിന്ന് മാറി ഒരു ന്യൂ ജെന്‍ ബാങ്കായി മാറിക്കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. മറ്റു പല വന്‍കിട ബാങ്കുകളുടേയും വിജയത്തിനു പിന്നില്‍ പ്രവത്തിച്ച, പ്രളയ് മൊണ്ടാലിനെ പോലെയുള്ള വിദഗ്ധരായ ബാങ്കര്‍മാര്‍ പലരും ഇന്ന് സിഎസ്ബിയുടെ ടീമിന്റെ ഭാഗമാകുന്നു. മികച്ച ഒരു സ്ഥാപനം കെട്ടിപ്പെടുക്കുന്നതിലെ ആവേശമാണ് അവരെ ആകര്‍ഷിക്കുന്ന ഘടകം.

മൂലധന അപര്യാപ്തത പ്രശ്നങ്ങളൊന്നും ബാങ്ക് നേരിടുന്നില്ലെന്ന് പറഞ്ഞല്ലോ. ഏറ്റെടുക്കലിലൂടെയുള്ള വളര്‍ച്ചയാണോ ബാങ്ക് ഇനി ലക്ഷ്യമിടുന്നത്?

തീര്‍ച്ചയായും അതിനുള്ള സാധ്യതകളുണ്ട്. സ്വാഭാവികമായ വളര്‍ച്ചയ്ക്ക് ഒരു പ്രശ്നവുമില്ല. ഫ്രീ ലൈസന്‍സിംഗ് ഉള്ളതിനാല്‍ എത്ര ശാഖകള്‍ വേണമെങ്കിലും തുറക്കാം. അതേ സമയം ഏറ്റെടുക്കലിലൂടെയുള്ള വളര്‍ച്ചയും ഞങ്ങള്‍ ലക്ഷ്യമിടുന്നു. മികച്ച ബാലന്‍സ് ഷീറ്റും നല്ല ബ്രാന്‍ഡ് നെയിമും അതാത് മേഖലകളില്‍ മികച്ച കസ്റ്റമര്‍ ബേസുമുള്ള ബാങ്കുകളെ ഏറ്റെടുക്കുന്നതും പരിഗണനയിലുണ്ട്. മികച്ച വിലയില്‍ നല്ല ബാങ്കുകള്‍ ലഭ്യമാണെങ്കില്‍, വലിയ ബാങ്കാണെങ്കില്‍ കൂടിയും ഏറ്റെടുക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. സര്‍ക്കാര്‍ വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരു പക്ഷേ പൊതുമേഖലാ ബാങ്കുകളേയും ഏറ്റെടുത്തേക്കാം. മൂലധനമില്ലാതെ വരുമ്പോള്‍ പല ബാങ്കുകളും വിറ്റഴിക്കലിലേക്ക് പോകും. ബാങ്കിന്റെ കള്‍ച്ചറുമായി യോജിച്ചു പോകുന്ന അത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

ഡിജിറ്റല്‍ രംഗത്ത് എത്രത്തോളം മുന്നേറാന്‍ സിഎസ്ബിക്ക് സാധിച്ചിട്ടുണ്ട്.?
സിഎസ്ബി അത്രയധികം മുന്നിലാണെന്ന് പറയാനാകില്ല. മൂന്ന് വര്‍ഷം മുന്‍പ് 27 ശതമാനമായിരുന്നു ഡിജിറ്റല്‍ ഇടപാടുകള്‍. ഇപ്പോള്‍ അത് 60 ശതമാനത്തിനടുത്ത് ആയിട്ടുണ്ട്. മറ്റ് പ്രമുഖ സ്വകാര്യ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വളരെ കുറവാണ്. നിലവിലെ ജീവനക്കാര്‍ അത്തരത്തില്‍ ക്വാളിഫൈഡ് അല്ലാത്തതാണ് ഇതിനു ഒരു തടസം. ഇപ്പോള്‍ ധാരാളം എംബിഎ ബിരുദധാരികളെ ബാങ്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇത് ഡിജിറ്റല്‍ ട്രാന്‍സാക്ഷനില്‍ മുന്നേറ്റമുണ്ടാക്കും.

എന്‍ആര്‍ഐ റെമിറ്റന്‍സില്‍ ബാങ്കിന്റെ പങ്ക്?
എന്‍ആര്‍ഐ റെമിറ്റന്‍സില്‍ വെറും മൂന്നു ശതമാനം മാത്രമാണ് ബാങ്കിന്റെ പങ്കാളിത്തം. എന്നാല്‍ മൊത്തം ഡിപ്പോസിറ്റുകളില്‍ 23 ശതമാനം എന്‍ഇആര്‍ഐ നിക്ഷേപമാണ്. കൂടുതല്‍ എന്‍ആര്‍ഐകള്‍ നാട്ടിലേക്ക് തിരിച്ചു വരുന്നതു മൂലം അതിപ്പോള്‍ കൂടികൊണ്ടിരിക്കുന്നുണ്ട്.

ബാങ്ക് ഏതൊക്കെ മേഖലകളിലാണ് ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത?
കേരളത്തില്‍ ടൂവീലര്‍ വായ്പകള്‍ക്കുള്ള ഡിമാന്‍ഡ് കണക്കിലെടുത്ത് അതിനായി 100 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. കോവിഡിനു ശേഷം ആളുകള്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതില്‍ വിമുഖത കാണിക്കുമെന്നതിനാല്‍ ഈ രംഗത്ത് കൂടുതല്‍ വളര്‍ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലാണ് ഇത് തുടങ്ങളയതെങ്കിലും മറ്റ് സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു. എസ്എംഇ വായ്പകളും കേരളത്തിനുമാത്രമായാണ് തുടങ്ങിയതെങ്കിലും അതും ഇപ്പോള്‍ മറ്റ് സ്ഥലങ്ങളിലും ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. കാര്‍ഷിക വായ്പകള്‍ക്കായും പ്രത്യേക വിഭാഗമുണ്ട്. നേരത്തെ സ്വര്‍ണ വായ്പ വഴിയായിരുന്നു കാര്‍ഷിക വായ്പകള്‍ നല്‍കിയിരുന്നത്. സെക്കന്റ് ഹാന്‍ഡ് കാര്‍ വായ്പകളിലേക്കും ബാങ്ക് കടക്കുകയാണ്.

കേരളത്തിനു പുറത്തേക്ക് കൂടുതല്‍ ശാഖകള്‍ തുറക്കുന്നുണ്ടോ?

തമിഴ്നാട്, ആന്ധ്രാ, കര്‍ണാടക, തെലങ്കാന, ഗോവ, മഹാരാഷ്ട്ര എന്നിവടങ്ങളിലും ശാഖകള്‍ തുറക്കുന്നുണ്ട്. ഡല്‍ഹി പോലുള്ള സ്ഥലങ്ങളിലെ സാധ്യതകളും വിലയിരുത്തി വരുന്നു. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും മലപ്പുറത്തും കൂടുതല്‍ ശാഖകള്‍ തുറക്കുന്നുണ്ട്. ഈ ജില്ലകളില്‍ സ്വര്‍ണ വായ്പയ്ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ട്.

2016 മുതല്‍ ബാങ്കിന്റെ സാരഥ്യം വഹിക്കുന്ന താങ്കള്‍ ബാങ്കിനെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചിട്ടുണ്ട്. ബാങ്കിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണോ?
ഞാന്‍ സംതൃപ്തനാണോ എന്നതിനേക്കാള്‍ നിക്ഷേപകര്‍ സംതൃപ്തരാകുകയാണ് വേണ്ടത്. മിക്ക ബാങ്കകുളുടേയും ഓഹരി വിലകള്‍ താഴ്ന്നു കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ ഓഹരി വില മുകളിലേക്ക് പോകുന്നത് നിക്ഷേപകരെ സന്തോഷിപ്പിക്കുന്നുണ്ട. മുന്നോട്ടും ഇത് നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it