മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ല; ബാങ്കുകള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കിയത് 10,000 കാടി രൂപ പിഴ

ബാങ്ക് എക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10,000 കോടി രൂപയെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ധന സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്. എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ 6,155 കോടി രൂപയും നാല് പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ചേര്‍ന്ന് 3,567 കോടിരൂപയുമാണ് നിക്ഷേപകര്‍ക്ക് പിഴ ചുമത്തി സമ്പാദിച്ചത്.

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍നിന്ന് പിഴ വാങ്ങുന്നത്. പല ബാങ്കുകള്‍ക്കും പല നിരക്കാണ്. 2017 ഏപ്രിലില്‍ മിനിമം ബാലന്‍സില്ലാത്തവര്‍ക്ക് പിഴ ചുമത്തുന്ന സമ്പ്രദായം വീണ്ടും കൊണ്ടുവന്ന എസ്.ബി.ഐ, 2017-'18 സാമ്പത്തിക വര്‍ഷം മാത്രം ഈയിനത്തില്‍ ഈടാക്കിയത് 2,400 കോടി രൂപയാണ്.

Read More : വിവിധ ബാങ്കുകളുടെ മിനിമം ബാലന്‍സ് ചട്ടങ്ങൾ അറിയാം

എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, കോട്ടക് മഹീന്ദ്ര, ഇന്‍ഡസ്ഇന്റ് എന്നീ ബാങ്കുകള്‍ അക്കൗണ്ടില്‍ 10,000 രൂപ മിനിമം ബാലന്‍സ് വേണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുമേഖലയില്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്കിന് ഇത് 2,000 രൂപയും എസ്.ബി.ഐക്ക് 3,000 രൂപയുമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it