'വാങ്ങുന്നതിലും കുറവ് തിരിച്ചടവ്'; ഡെന്മാര്‍ക്കിലെ ബാങ്കുകളില്‍ പലിശയില്ലാതെയും നെഗറ്റീവ് നിരക്കിലും വായ്പ

അങ്ങോട്ടു തരുന്നതിലും അര ശതമാനം കുറച്ചുള്ള തുക 10 വര്‍ഷം കൊണ്ട് തിരികെയടച്ചാല്‍ മതിയെന്ന ആകർഷകമായ വായ്പാ പദ്ധതിയുമായി ഡെന്‍മാര്‍ക്കിലെ ജിസ്‌കെ ബാങ്ക് പാശ്ചാത്യ ലോകത്തെ സാമ്പത്തിക രംഗത്തു വാര്‍ത്താ താരമായി മാറുന്നു. 0.5% നെഗറ്റീവ് പലിശ നിരക്കില്‍ 10 വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് വായ്പയാണ് വാഗ്ദാനം ചെയ്യുന്നത്.

മറ്റൊരു ഡാനിഷ് ബാങ്കായ നോര്‍ഡിയ ബാങ്ക് 20 വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് വായ്പ 0 % പലിശ നിരക്കില്‍ നല്‍കും. ചുരുക്കത്തില്‍ പലിശരഹിത വായ്പ. ഇതേ ബാങ്ക് 30 വര്‍ഷത്തേക്ക് 0.5 ശതമാനം നിരക്കില്‍ വായ്പ നല്‍കാമെന്നും പ്രഖ്യാപിച്ചു. ഇസ്ലാമിക് ബാങ്കുകള്‍ നിലവില്‍ പലിശരഹിത വായ്പ നല്‍കിവരുന്നുണ്ടെങ്കിലും ഇടപാടിലൂടെ ബാങ്കിനു നിശ്ചിത ലാഭം മുന്‍കൂട്ടി ഉറപ്പുവരുത്തുന്ന നടപടിക്രമമുണ്ട്.

വിപണികളിലെ അനിശ്ചിതത്വത്തിന്റെ ഫലമായാണ് നെഗറ്റീവ് പലിശ നിരക്കെന്ന അതിരുവിട്ട ആശയത്തിലേക്കു ബാങ്കുകള്‍ കടന്നുവരുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ എടുത്ത് ഭാവിയില്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ ഇടപാടുകാര്‍ അപകടത്തില്‍പ്പെടുന്നതു ഗുണകരമാകില്ലെന്ന ചിന്ത ബാങ്കുകള്‍ക്കുണ്ട്.

ഈയവസ്ഥ ഒഴിവാക്കാനാണ്, നേരിയ നഷ്ട സാധ്യത ഏറ്റെടുക്കാന്‍ പോലുമുള്ള സന്നദ്ധതയോടെ ചില ബാങ്കുകള്‍ പൂജ്യത്തില്‍ താഴെ വരെ വരുന്നതോ നാമമാത്രമോ ആയ പലിശ നിരക്കില്‍ വീട്/കെട്ടിടം /ഭൂമി ജാമ്യവസ്തുവായുള്ള മോര്‍ട്ട്‌ഗേജ് വായ്പ വാഗ്ദാനം ചെയ്യുന്നത്.

തങ്ങളുടെ സമ്പദ് വ്യവസ്ഥ മാറ്റുന്നതിനുള്ള ഹ്രസ്വകാല പരിഹാര മാര്‍ഗമെന്ന നിലയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് നെഗറ്റീവ് പലിശ നിരക്കുകള്‍ ആദ്യമായി പ്രഖ്യാപിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തത്വത്തില്‍, പണം കടം വാങ്ങി ബിസിനസ് ചെയ്യുന്നതിനു പ്രേരിപ്പിക്കാനാണ് അന്ന് നെഗറ്റീവ് നിരക്കുകള്‍ അവതരിപ്പിച്ചത്.

ഈ തുക പല തവണ ബിസിനസില്‍ കൈമറിഞ്ഞു വളര്‍ച്ച പ്രാപിക്കാന്‍ വഴിതുറക്കുകയാണ് നെഗറ്റീവ് നിരക്കുകളുടെ ധര്‍മ്മം. സമ്പദ്വ്യവസ്ഥയിലേക്ക് ഇപ്രകാരം പ്രവേശിക്കുന്ന ഓരോ ഡോളറും നികുതി സഹിതമോ അല്ലാതെയോ പലയാവര്‍ത്തി ചെലവഴിക്കുന്നതിലൂടെ ധനമേഖല കൂടുതല്‍ ചലനാത്മകമായി മാറുന്നുവെന്നാണു നിഗമനം.

പലിശയില്ലാതെയും നാമമാത്ര നിരക്കിലും വായ്പയെടുത്ത് ആ തുക സര്‍ക്കാര്‍ സെക്യൂരിറ്റികളിലും മറ്റ് അപകടസാധ്യതയില്ലാത്ത ആസ്തികളിലും നിക്ഷേപിക്കുന്നത് അധികരിച്ചാല്‍ സമ്പദ്വ്യവസ്ഥയില്‍ പണം നീങ്ങുന്ന വേഗത കുറയില്ലേയെന്ന ചോദ്യമാണ് മുഖ്യമായുയരുന്നത്.

അതേസമയം, കനത്ത പലിശ നല്‍കുന്നതൊഴിവാക്കി വസ്തുക്കള്‍ വാങ്ങാന്‍ നെഗറ്റീവ് പലിശനിരക്ക് സുവര്‍ണ്ണ മാര്‍ഗമാണെന്ന ചിന്ത മാറ്റിവയ്ക്കുകയാണ് നല്ലതെന്ന് ജിസ്‌കെ ബാങ്കിന്റെ ഭവന വിഭാഗം സാമ്പത്തികോപദേഷ്ടാവായ മൈക്കല്‍ ഹെഗ് പറയുന്നു.'പല തരത്തിലുള്ള ബാങ്കിംഗ് ഫീസ് ഉള്ളതിനാല്‍, യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യത്യസ്തമാണ്.'

'വെറും 0.5% മാത്രം നിരക്കില്‍ 30 വര്‍ഷ കാലാവധിയില്‍ വരെ പണം കടം കൊടുക്കാന്‍ നിക്ഷേപകര്‍ തയ്യാറാകുന്നത് ചിന്താക്കുഴപ്പത്തിനിട നല്‍കുന്നു' ഡെന്‍മാര്‍ക്കിലെ നോര്‍ഡിയ ഹോം ഫിനാന്‍സ് ചീഫ് അനലിസ്റ്റ് ലിസ് നൈറ്റോഫ്റ്റ് ബെര്‍ഗ്മാന്‍ പറഞ്ഞതിങ്ങനെ. 'ധനവിപണിയിലെ നിലവിലെ അവസ്ഥയെ നിക്ഷേപകര്‍ ഏറെ ഭയത്തോടെയാണു കാണുന്നത്. കാര്യങ്ങള്‍ മെച്ചപ്പെടാന്‍ വളരെ സമയമെടുക്കുമെന്ന ആശങ്ക മാറുന്നുമില്ല.'-ബെര്‍ഗ്മാന്‍ ചൂണ്ടിക്കാട്ടി.

ഇസ്ലാമിക് ബാങ്കിംഗ് ക്രമത്തില്‍ വായ്പ എടുക്കുമ്പോള്‍ നിര്‍ദ്ദിഷ്ട ഇടപാടിലൂടെ എത്ര പണമാണോ ബാങ്കിന് ലാഭമായി വരേണ്ടത് ആ തുക മുന്‍കൂര്‍ ലാഭമായി കണക്കാക്കി വായ്പാതുകയില്‍ നിന്നും ആദ്യമേ ബാങ്ക് പിടിക്കുന്നു. ഫലത്തില്‍ പലിശ ഇല്ലെങ്കിലും ഏകദേശം അതിനു തുല്യമായ തുക കിഴിച്ച ശേഷമുള്ള പണം മാത്രമേ വായ്പ എടുക്കുന്ന ആള്‍ക്ക് കിട്ടുകയുള്ളൂ.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it