ജനങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 53,000 കോടി രൂപ; ആര്‍.ബി. ഐ

രാജ്യത്തെ കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്

ATM
Image credit: Freepik

അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഇന്ത്യക്കാര്‍ ബാങ്കുകളില്‍ നിന്ന് ഇക്കഴിഞ്ഞയാഴ്ചകളില്‍ വന്‍തോതില്‍ പണം പിന്‍ വലിച്ചതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 13 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ 53,000 കോടി രൂപയാണ് പൊതുജനങ്ങള്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചത്. കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഉത്സവ സീസണിലും തിരഞ്ഞെടുപ്പു കാലത്തും മാത്രമാണ് ഇത്തരം വലിയ പണം പിന്‍വലിക്കല്‍ കാണപ്പെടാറുള്ളത്. ബാങ്കിംഗ് സംവിധാനം വഴി പൊതുജനങ്ങള്‍ക്ക് കറന്‍സി വിതരണം ചെയ്യുന്നതിന്റെ ചുമതല വഹിക്കുന്ന റിസര്‍വ് ബാങ്ക് പിന്‍വലിക്കപ്പെട്ടതിനു തുല്യമായ തുക രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കിക്കഴിഞ്ഞു. മാര്‍ച്ച് 13 വരെ 23 ലക്ഷം കോടി രൂപയുടെ മൊത്തം കറന്‍സിയാണ് പൊതു വിതരണത്തിലുള്ളത്.

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് മുന്നേറ്റം ലഭിക്കുന്നുണ്ടെങ്കിലും, അടിയന്തിര സാഹചര്യങ്ങളിലേക്കുള്ള ജാഗ്രത മുന്‍നിര്‍ത്തി പണം കൈവശം കരുതുന്നതില്‍ അസ്വാഭാവികതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.’ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും എത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണം വലിയ തോതില്‍ പണം പിന്‍വലിക്കുന്നവരുമുണ്ടാകാം,’ ആക്സിസ് ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് സൗഗത ഭട്ടാചാര്യ പറഞ്ഞു.

ബാങ്കുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമ്പോഴും, ഫ്ളിപ്കാര്‍ട്ട് പോലുള്ള ചില ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഡെലിവറി സേവനങ്ങള്‍ നിര്‍ത്തിയതു മൂലം പലചരക്ക് സാധനങ്ങളുടേത് ഉള്‍പ്പെടെ ഒട്ടേറെ വാങ്ങലുകള്‍ ഓഫ്‌ലൈനില്‍ ആയി. ഇതിനു പണം ആവശ്യമായിവരുന്നു.

ലോക്ക്ഡൗണ്‍ സമയത്ത്, മിക്ക അവശ്യ വാങ്ങലുകളും പണമായി ആയിരിക്കും. ഡിമാന്‍ഡ് നിറവേറ്റാന്‍ ബാങ്കുകള്‍ക്ക് ആവശ്യത്തിന് കറന്‍സി നോട്ടുകള്‍ വിതരണം ചെയ്യേണ്ടതുണ്ട്.- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് എസ് കെ ഘോഷ് അഭിപ്രായപ്പെട്ടു.

ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ വര്‍ദ്ധനവുണ്ടായത് ബാങ്ക് നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സമയത്ത് ഇത് വിപണിയിലെ പണലഭ്യതയെ ബാധിക്കും. എന്നാല്‍ പണം പിന്‍വലിക്കല്‍ പ്രവണത ക്രമണേ മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ചിന്റെ അസോസിയേറ്റ് ഡയറക്ടര്‍ സൗമ്യജിത് നിയോഗി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here