പ്രതാപമകന്ന ഡോയിഷ് ബാങ്കിലെ ഉദ്യോഗത്തിനും ഡിമാന്‍ഡ് മങ്ങി

നഷ്ടക്കയത്തില്‍ ശ്വാസം മുട്ടുന്നതിനാല്‍ ജര്‍മ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ഡോയിഷ് ബാങ്കില്‍ ഉദ്യോഗം നേടാനുള്ള യുവാക്കളുടെ ഭ്രമം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 149 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വിപരീത കാലഘട്ടത്തെ അഭിമുഖീകരിക്കുന്ന ബാങ്കില്‍ ജോലിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം ഈ വര്‍ഷം 30,000 കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം 800 ബിരുദധാരികളെ ബാങ്ക് റിക്രൂട്ട് ചെയ്തത് 110,000 അപേക്ഷകള്‍ പരിഗണിച്ച ശേഷമായിരുന്നു.ഈ വര്‍ഷമാകട്ടെ 80,000 അപേക്ഷകര്‍ മാത്രം.ചെലവ് ചുരുക്കലിന്റെ ഭാഗമായി 18000 ജീവനക്കാരെ പിരിച്ചുവിടും എന്ന അഭ്യൂഹവും ഇതിനിടെ ശക്തം. ഇതിന് 740 കോടി യൂറോ ചെലവ് വരും.
കഴിഞ്ഞ ആഴ്ച ബാങ്ക് നാലു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ത്രൈമാസ നഷ്ടം രേഖപ്പെടുത്തി-310 കോടി യൂറോ. മുന്‍ വര്‍ഷം ഇതേ സമയം 40 കോടി യൂറോ ലാഭത്തില്‍ ആയിരുന്നു. കൊമേഴ്‌സ് ബാങ്കുമായുള്ള ലയന നീക്കം സഫലമാകാത്തത് തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം 18,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചു.
ജെപി മോര്‍ഗന്‍ ചെയ്സ് , ബാങ്ക് ഓഫ് അമേരിക്ക എന്നിവയുടെ നിരയില്‍ ഉള്‍പ്പെടുന്നതാണ് 1870 ല്‍ സ്ഥാപിതമായ ഡോയിഷ് ബാങ്ക്. കഴിഞ്ഞ 5 വര്‍ഷത്തില്‍ നാല് വര്‍ഷവും നഷ്ടത്തില്‍ ആയിരുന്നു. 2020 ല്‍ വീണ്ടും ലാഭത്തില്‍ തിരിച്ചു വരാനാകും എന്ന ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റ്യന്‍ സൂയിങിന്റെ അവകാശവാദം നിരീക്ഷകര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ ആണ് ഓഹരിവില.