ഡിജിറ്റല്‍ ബാങ്കിടപാടുകളില്‍ വന്‍കുതിപ്പ്

രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കുത്തനെ വര്‍ദ്ധിക്കുമ്പോള്‍ പേപ്പര്‍ അധിഷ്ടിത ഇടപാടുകള്‍ വന്‍തോതില്‍ കുറയുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഡിജിറ്റല്‍ പേമെന്റുകളെക്കുറിച്ച് ആര്‍.ബി.ഐ വെളിപ്പെടുത്തിയ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

ഇലക്ട്രോണിക് റീറ്റെയ്ല്‍ പേമെന്റ് സംവിധാനങ്ങളായ RTGS, NEFT, IMPS, മൊബീല്‍ ബാങ്കിംഗ്, കാര്‍ഡ് ഇടപാടുകള്‍ എന്നിവയിലൊക്കെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം റീറ്റെയ്ല്‍ പേമെന്റുകളില്‍ 88.9 ശതമാനവും ഇലക്ട്രോണിക് പേമെന്റുകളായിരുന്നെങ്കില്‍ 2017-18ല്‍ അത് 92.6 ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്.

മൊത്തം റീറ്റെയ്ല്‍ പേമെന്റുകളില്‍ പേപ്പര്‍ അധിഷ്ഠിത ഇന്‍സ്ട്രുമെന്റുകളുടെ വിഹിതം 2016-17ല്‍ 11.1 ശതമാനമായിരുന്നെങ്കില്‍ 2017-18ല്‍ അത് 7.4 ശതമാനമായി കുറഞ്ഞു. ആര്‍.ടി.ജി.എസ് മുഖേന 107 മില്യണ്‍ ഇടപാടുകളിലായി 1253652 ബില്യണ്‍ രൂപയുടെ വിനിമയമാണ് 2016-17ല്‍ നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 124 മില്യണ്‍ ഇടപാടുകളിലൂടെ 1467431 ബില്യണ്‍ രൂപയുടെ വിനിമയമായി അത് ഉയര്‍ന്നു.

റീറ്റെയ്ല്‍ ഇലക്ട്രോണിക് ക്ലിയറന്‍സില്‍ കഴിഞ്ഞ വര്‍ഷം മാത്രം 2160 മില്യണ്‍ ഇടപാടുകളുടെ വര്‍ദ്ധന ഉണ്ടായതായി താഴെ കൊടുത്തിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇ.സി.എസ്, എന്‍.ഇ.എഫ്.ടി, ഐ.എം.പി.എസ്, യൂണിഫൈഡ്് പേമെന്റ് ഇന്റര്‍ഫേസ് എന്നിവ മുഖേനയുള്ള ഇടപാടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റീറ്റെയ്ല്‍ ഇലക്ട്രോണിക് ക്ലിയറന്‍സിലെ വളര്‍ച്ച


വര്‍ഷം- എണ്ണം(മില്യണില്‍)- തുക (ബില്യണില്‍)

2015-16 3141 91408

2016-17 4222 132324

2017-18 6382 193112

വാലറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകളും കഴിഞ്ഞ വര്‍ഷം വന്‍വളര്‍ച്ച കാഴ്ചവച്ചു. 2016-17ല്‍ 1963 മില്യണ്‍ ഇടപാടുകളിലായി 838 ബില്യണ്‍ രൂപയുടെ കൈമാറ്റമാണ് ഈ വിഭാഗത്തില്‍ നടന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 3459 മില്യണ്‍ ഇടപാടുകളിലൂടെ 1416 ബില്യണ്‍ രൂപയായി വര്‍ദ്ധിച്ചു.

മൊബീല്‍ ബാങ്കിംഗ് ഇടപാടുകളിലെ വളര്‍ച്ച 92 ശതമാനമാണ്. മൊബീല്‍ ബാങ്കിംഗ് രംഗത്തെ രജിസ്റ്റേര്‍ഡ് ഉപഭോക്താക്കള്‍ 2016-17ല്‍ 163 മില്യണ്‍ ആയിരുന്നെങ്കില്‍ 2017-18ല്‍ അത് 251 മില്യണായി കുതിച്ചുയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ പേമെന്റ് രംഗത്ത് ആഗോള കമ്പനികള്‍ കൂടുതലായി എത്തുന്നതോടെ ഈ രംഗത്തെ വളര്‍ച്ച കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it