തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ദ്ധന: എസ് ബി ഐ

സാമ്പത്തിക മാന്ദ്യം മൂലം രാജ്യത്ത് തൊഴിലുകളുടെ എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 2019 നെ അപേക്ഷിച്ച് 2020 സാമ്പത്തിക വര്‍ഷം 16 ലക്ഷം തൊഴിലിന്റെ കുറവു വരുമെന്നാണ് പ്രവചനം.

ഇ.പി.എഫ്.ഒ രേഖകള്‍ അടിസ്ഥാനമാക്കിയുള്ള ഡാറ്റ പ്രകാരം 2019ല്‍ രാജ്യത്ത് 89.7 ലക്ഷം പുതിയ തൊഴിലാണ് (പേ റോള്‍) സൃഷ്ടിക്കപ്പെട്ടത്. പ്രതിമാസം പതിനയ്യായിരം രൂപയോ അതില്‍ താഴെയോ വേതനമുള്ളവരാണ് ഇ.പി.എഫ്.ഒ ഡാറ്റയിലുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ ഇതില്‍ ഉള്‍പ്പെടില്ല.

ഇന്ത്യയുടെ ഉപഭോഗവും നികുതി പിരിവും കൂടുതല്‍ കാലം ദുര്‍ബലമായിരിക്കുമെന്ന് ഡാറ്റ സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഒരു ദശകത്തിലേറെക്കാലത്തെ ഏറ്റവും ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ചയെയാണ് രാജ്യം നേരിടുന്നത്.45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണിപ്പോഴത്തേത്.

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 7.7 % ആണെന്ന്് സെന്റര്‍ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് 7.48 % ആയിരുന്നു. ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.45 ശതമാനത്തില്‍ എത്തി.

നഗരമേഖലകളില്‍ 8.91% , ഗ്രാമങ്ങളില്‍ 7.13% തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നു. നവംബറിലെ കണക്കുകളെ അപേക്ഷിച്ച് നോക്കിയാല്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവാണ് വന്നിരിക്കുന്നത്. ത്രിപുര,ഹരിയാന,ഹിമാചല്‍പ്രദേശ് എന്നിവയാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍. തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനങ്ങളുടെ മുമ്പില്‍ കര്‍ണാടകയും അസമും ആണ്. 0.9% ആണ് നിരക്ക്. ത്രിപുരയില്‍ 28.6% ആളുകള്‍ക്കും,ഹരിയാനയില്‍ 27.6% പേര്‍ക്കും തൊഴിലില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it