‘സംരംഭകരേ, പിന്തുണയുമായി എസ് ബി ഐയുണ്ട്”

സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ലോകത്തിലെ ആദ്യ 25 ബാങ്കുകളില്‍ ഇടം നേടിയിരിക്കുന്ന ഏക ഇന്ത്യന്‍ ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഇടപാടുകാരുടെ വിരല്‍ തുമ്പിലേക്ക് എത്തിച്ച എസ് ബി ഐ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് എന്നതിനേക്കാളുപരി ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബാങ്ക് എന്ന പദവിയാണ് ലക്ഷ്യമിടുന്നത്. ''നിങ്ങള്‍ എസ് ബി ഐ ശാഖയിലേക്ക് കടന്നുവരു. നിങ്ങള്‍ക്ക് വേണ്ട ബാങ്കിംഗ് സഹായങ്ങളെല്ലാം അവിടെയുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ശാഖകളില്‍ നിന്ന് എന്റെ നമ്പര്‍ വാങ്ങി നേരിട്ട് വിളിച്ചറിയിക്കൂ. പരിഹാരം തീര്‍ച്ചയായും ഉണ്ടാകും,'' എന്ന ഉറപ്പാണ് എസ് ബി ഐ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്ര ലാല്‍ ദാസ് ഇടപാടുകാര്‍ക്ക് നല്‍കുന്നത്.

sbi chief general manager ML Das
-Ad-

കേരളത്തിലെ ഇടപാടുകാരുടെ സവിശേഷമായ ആവശ്യങ്ങള്‍ അറിഞ്ഞ്, കൂടുതല്‍ കസ്റ്റമര്‍ ഫ്രണ്ട്‌ലിയാകുകയാണ് എം എല്‍ ദാസിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്ന പ്രവാസികള്‍ക്കും സംരംഭം തുടങ്ങാന്‍ സവിശേഷമായ വായ്പാ പദ്ധതികള്‍ ബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. എസ് ബി ഐയുടെ പുതിയ പദ്ധതികളെയും ബാങ്കിംഗ് രംഗത്തെ നൂതന പ്രവണതകളെയും കുറിച്ച് എം എല്‍ ദാസ് ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിശദീകരിക്കുന്നു.

1. ബാങ്കിംഗ് രംഗത്ത് താങ്കള്‍ നിരീക്ഷിക്കുന്ന പുതിയ പ്രവണതകളെന്തൊക്കെയാണ്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ട് ഈ ചോദ്യത്തിന് ഉത്തരം പറയാം. കാരണം, ഇടപാടുകാരുടെ താല്‍പ്പര്യങ്ങളിലെ മാറ്റമാണ് പുതിയ പ്രവണതകളിലേക്കുള്ള ദിശാസൂചിയും. ടെക്‌നോളജി കൂടുതലായി ഉപയോഗപ്പെടുന്നു, ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുവെന്നതാണ് ഏറ്റവും പ്രത്യക്ഷമായ ഒരു കാര്യം. ലോകത്തിലെ ടെക്‌നോളജിക്കലി അഡ്വാന്‍സ്ഡായ ആദ്യത്തെ 25 ബാങ്കുകളില്‍ ഇടം നേടിയിരിക്കുന്ന ഏക ഇന്ത്യന്‍ ബാങ്കാണ് എസ് ബി ഐ. ഇടപാടുകാര്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും ഒരിടത്ത് ലഭിക്കുന്ന YONO മൊബീല്‍ ആപ് ഞങ്ങളുടെ ഫഌഗ്ഷിപ്പ് പ്ലാറ്റ്‌ഫോമാണ്. You Only Need One എന്നതിന്റെ ചുരുക്കരൂപമാണിത്. ഇതിന്റെ ബിസിനസ് പ്ലാറ്റ്‌ഫോമുമുണ്ട്.

മറ്റൊരു പ്രവണത ബാങ്കുകള്‍ ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലുന്നു. ഉപഭോക്തൃസംതൃപ്തി ഉറപ്പാക്കാന്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നു. ഞങ്ങള്‍ തന്നെ ഗ്രാമീണ മേഖലകളിലും നഗരപ്രദേശത്തുമെല്ലാം കസ്റ്റമര്‍ സര്‍വീസ് പോയ്ന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ചെറിയ ഇടപാടുകള്‍ നടത്താം. ഇടപാടുകാര്‍ക്ക് സേവനങ്ങള്‍ തൊട്ടടുത്ത് ലഭിക്കുകയും ചെയ്യും. അതിവിപുലമായ എ റ്റി എം ശൃംഖലയാണ് എസ് ബി ഐയുടേത്. കേരളത്തില്‍ 4000ത്തിലേറെ എ റ്റി എമ്മുകള്‍ എസ് ബി ഐയ്ക്കുണ്ട്. ഞങ്ങളുടെ ഇടപാടുകളില്‍ 93 ശതമാനവും ഡിജിറ്റലായാണ് നടക്കുന്നത്. ഞങ്ങളുടെ ശാഖകളില്‍ മൂന്നില്‍ രണ്ടും അര്‍ദ്ധനഗരപ്രദേശത്താണ്.

-Ad-

2013-14 കാലഘട്ടം മുതല്‍ ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തേക്കുള്ള ചുവടുവെപ്പുകള്‍ ഞങ്ങള്‍ നടത്തിയിരുന്നു. നോട്ട് പിന്‍വലിക്കല്‍ ഡിജിറ്റല്‍ ഇടപാടുകാര്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു എന്നുമാത്രം. അതുപോലെ തന്നെ യോനോ കാഷ് എന്ന നൂതനമായ, കാര്‍ഡ് സൈ്വപ് ചെയ്യാതെ തന്നെ പണം എടുക്കാന്‍ പറ്റുന്ന ഉല്‍പ്പന്നവും ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വര്‍ണപ്പണയ വായ്പയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകാര്യതയാണ് മറ്റൊന്ന്.

2. ബാങ്കുകളുടെ പിന്തുണ ഇടപാടുകാര്‍ക്ക് ഏറെ അത്യാവശ്യമായ ഘട്ടമാണിപ്പോള്‍. ഈ സാഹചര്യത്തില്‍ എസ് ബി ഐ ഊന്നല്‍ കൊടുക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്?

സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവര്‍ക്കും വേണ്ട പിന്തുണ നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സംരംഭകര്‍ക്കായി എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം വഴി വായ്പകള്‍ കോവിഡ് കാലത്ത് ലഭ്യമാക്കി. ഏതാണ്ടെല്ലാ സംരംഭകരും അത് ഉപയോഗപ്പെടുത്തി. ഇ മുദ്ര ലോണ്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്.

വ്യക്തിഗത വായ്പാ വിഭാഗത്തില്‍, കേരളത്തിന്റെ മൊത്തം ജനസംഖ്യ എത്രയാണോ അത്രതന്നെ ഇടപാടുകാര്‍ ഞങ്ങള്‍ക്ക് കേരളത്തിലുണ്ട്. ഏതൊരു മലയാളിക്കും മറ്റേതെങ്കിലും ബാങ്കില്‍ എക്കൗണ്ട് ഉണ്ടെങ്കില്‍ പോലും എസ് ബി ഐയിലും ഒന്നു കാണും.

വിദ്യാഭ്യാസ വായ്പകളില്‍ തിരിച്ചടവ് പ്രശ്‌നം കാണിക്കുന്നുണ്ട്. എങ്കില്‍ പോലും എസ് ബി ഐ ആ രംഗത്ത് വായ്പാ വിതരണം കുറച്ചിട്ടില്ല. കാരണം, വിദ്യാഭ്യാസത്തിന് നല്‍കുന്ന വായ്പ രാഷ്ട്ര നിര്‍മാണ പ്രക്രിയയിലേക്കുള്ള സംഭാവനയാണ്. യുവതലമുറയുടെ പഠനത്തിനാണത്. അവര്‍ക്ക് തൊഴില്‍ നേടാനാണ്.

പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണ്‍ ഞങ്ങള്‍ക്കുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ അതുകൊണ്ട് വായ്പ എടുക്കാന്‍ സാധിക്കും. കേരളത്തിലെ ഭവന വായ്പാ വിപണിയില്‍ നിര്‍ണായകമായ വിപണി വിഹിതം ഞങ്ങള്‍ക്കുണ്ട്. പക്ഷേ മരട് ഫഌറ്റ് പൊളിക്കല്‍, വെള്ളപ്പൊക്കം എന്നിവ ഈ രംഗത്തെ ഇടപാടുകാരെ പിന്നോട്ട് വലിച്ചിട്ടുണ്ട്.

ഭവന വായ്പ നല്‍കുന്നതിനായി എസ് ബി ഐ കര്‍ശനമായ വ്യവസ്ഥയാണ് പിന്തുടരുന്നത്. അതുകൊണ്ട് എസ് ബി ഐ അപ്രൂവ്ഡ് പ്രോജക്റ്റുകളില്‍ വീടുവാങ്ങുന്നവര്‍ക്ക് കൂടുതല്‍ വിശ്വാസവുമുണ്ട്. മാത്രമല്ല അത്തരം ഭവന പദ്ധതികളില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ വായ്പകള്‍ അതിവേഗം തീര്‍പ്പാക്കിക്കൊടുക്കുകയും ചെയ്യും. ഇതിനായി തല്‍ക്കാല്‍ സ്‌കീമുണ്ട്.

അതുപോലെ പ്രീ അപ്രൂവ്ഡ് ഹോം ലോണിനും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. വാങ്ങാനുള്ള വീട് കണ്ടെത്തുന്നതിനു മുമ്പേ നിങ്ങള്‍ക്ക് എത്ര ഭവന വായ്പ കിട്ടുമെന്നത് ഉറപ്പാക്കി, ആ വായ്പയും അനുമതിയാക്കാം.

3. വായ്പാ മോറട്ടോറിയമൊക്കെ അവസാനിക്കുകയാണല്ലോ? ഇനി വായ്പാ തിരിച്ചടവില്‍ പ്രശ്‌നങ്ങളുണ്ടാകുമോ? ബാങ്കിന്റെ എന്‍ പി എ കൂടാന്‍ ഇടയുണ്ടോ?

കേരളത്തില്‍ മാനുഫാക്ചറിംഗ് കമ്പനികളേക്കാള്‍ സര്‍വീസ് കമ്പനികളാണ് ഉള്ളത്. മാനുഫാക്ചറിംഗ് കമ്പനികളുടെ കാര്യത്തിലാകും കൂടുതല്‍ പ്രശ്‌നമുണ്ടാകാന്‍ ഇട. ഹോസ്പിറ്റാലിറ്റി, ട്രാവല്‍ രംഗത്തും പ്രശ്‌നങ്ങളുണ്ട്.

ഇനി വായ്പാ പുനഃക്രമീകരണ നടപടികളിലേക്ക് കടക്കുകയാണ്. വ്യക്തികളുടെയും സംരംഭകരുടെയും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അറിഞ്ഞ്, അവര്‍ക്ക് പിന്തുണ നല്‍കി സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാനാകും ബാങ്ക് സഹായിക്കുക. ഇതുകൊണ്ടെല്ലാം തന്നെ കേരളത്തില്‍ ഞങ്ങള്‍ക്ക് എന്‍ പി എ കൂടുമെന്ന കണക്കുകൂട്ടല്‍ എനിക്കില്ല.

4. കേരളത്തിലെ എസ് ബി ഐയുടെ വായ്പാ നിക്ഷേപ അനുപാതം കൂട്ടാന്‍ ശ്രമം നടത്തുന്നുണ്ടോ?

കേരളത്തില്‍ വന്‍തോതില്‍ വ്യവസായ സംരംഭങ്ങളില്ല. ഉള്ള സംരംഭങ്ങളുടെ തന്നെ പ്രധാന എക്കൗണ്ട് ചെന്നൈയിലോ മുബൈയിലോ ഒക്കെ ആകും. അതുകൊണ്ട് തന്നെ ആ കണക്കുകള്‍ കേരളത്തിലെ ബാങ്ക് ബുക്കില്‍ പ്രതിഫലിക്കുന്നില്ല.

ഞങ്ങളുടെ നിക്ഷേപകരില്‍ 50 ശതമാനത്തോളം പേര്‍ പ്രവാസികളാണ്. അവര്‍ പൊതുവേ വായ്പ എടുക്കാറില്ല. സ്വര്‍ണപ്പണയ വായ്പയാണ് ഇവിടെ ചൂടപ്പം പോലെ പോകുന്നത്. വാഹന വായ്പയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കുത്തനെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഓണക്കാലത്ത് വാഹന വായ്പയ്ക്ക് പ്രത്യേക ഇളവുകളുണ്ട്. ഇതുകൂടാതെ കേരളത്തിലെ ഉപഭോക്താക്കളുടെ ഇഷ്ടനിറത്തിലുള്ള കാറുകള്‍ അതിവേഗം കേരള ഡീലര്‍മാരില്‍ എത്തിക്കണമെന്ന് കാര്‍ നിര്‍മാതാക്കളുടെ സാരഥികളോടും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

5. പ്രവാസികളുടെ മടങ്ങി വരവ് എന്‍ ആര്‍ ഐ നിക്ഷേപം കുറയ്ക്കാന്‍ കാരണമാകുമോ?

യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ എന്‍ ആര്‍ ഐ നിക്ഷേപം ഇപ്പോള്‍ കൂടിയിരിക്കുകയാണ്. എല്ലാവരും കൂടുതലായി നിക്ഷേപം നടത്തിയിരിക്കുന്നു.

6. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ എസ് ബി ഐ പിന്തുണ നല്‍കുന്നുണ്ടോ?

തീര്‍ച്ചയായും. സംസ്ഥാന സര്‍ക്കാരും നോര്‍ക്കയുമായെല്ലാം ചേര്‍ന്ന് സവിശേഷമായ വായ്പാ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികളില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും എസ് ബി ഐ ശാഖകള്‍ സന്ദര്‍ശിക്കണം. നിങ്ങള്‍ക്ക് എല്ലാ പിന്തുണയും അവിടെ നിന്ന് ലഭിക്കും.

7. എസ് ബി ഐ ശാഖകളില്‍ നിന്നുള്ള അനിഷ്ടകരമായ അനുഭവങ്ങളെ കുറിച്ച് ഒരു വിഭാഗം ഇടപാടുകാര്‍ പറയുന്നുണ്ടല്ലോ? അത്തരം പരാതികള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്?

മുന്‍കാലങ്ങളില്‍ മോശം അനുഭവങ്ങളുണ്ടായിരിക്കാം. പക്ഷേ നിങ്ങള്‍ അടുത്തിടെ ഏതെങ്കിലും ശാഖ സന്ദര്‍ശിച്ചോ? അപ്പോഴും മോശം അനുഭവമാണോ ഉണ്ടായത്?

ഇടപാടുകാരുടെ പരാതികള്‍ ഞാനും കേട്ടിരുന്നു. അത് കേട്ട് ജീവനക്കാരെ പഴി ചാരുന്നതിന് പകരം അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ശ്രമിച്ചു. ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നിരുന്ന ശാഖകളില്‍ നേരിട്ട് സന്ദര്‍ശിച്ചു. ബ്രാഞ്ച് മാനേജര്‍മാരെയും ജീവനക്കാരെയും നേരില്‍ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു.ജോലിഭാരം അറിഞ്ഞു. എന്നിട്ട് പരിഹാരവും കണ്ടിട്ടുണ്ട്. ഇനിയും ശാഖകളില്‍ നിന്ന് മോശം പെരുമാറ്റമാണെങ്കില്‍ എന്നെ നേരില്‍ വിളിക്കാം. പരിഹാരമുണ്ടാകും.

ഈ ലോക്ക്ഡൗണ്‍ കാലത്ത് ടെക്‌നോളജിയുടെ സഹായത്താല്‍ ജീവനക്കാരുമായി നേരിട്ട് സംവദിക്കാനും മറ്റും ഏറെ അവസരം ലഭിച്ചു. കോവിഡ് കാലത്തും ഇടപാടുകാര്‍ക്ക് പരമാവധി സേവനം നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇടപാടുകാരുടെ പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.

8. ഒരു ചോദ്യം കൂടി, താങ്കളുടെ ഊര്‍ജ്ജസ്വലതയുടെ രഹസ്യമെന്താണ്?

(ചിരിക്കുന്നു) ഞാന്‍ എല്ലാവരുമായി അടുത്ത സൗഹൃദത്തിലാണ്. സൃഹൃത് വലയമാണ് എന്നെ ഇങ്ങനെ ചുറുചുറുക്കോടെ നിര്‍ത്തുന്നത്. കേരളത്തിലെ പ്രമുഖ വാണിജ്യ, വ്യവസായ സംഘടനകളുമായൊക്കെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. നിരന്തരമായ ഇടപെടലുകളും സൗഹൃദവുമായിരിക്കാം എന്നെ ഇങ്ങനെ നിര്‍ത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here