ക്രെഡിറ്റ് കാര്‍ഡ് കുടിശിക, ചെക്ക് മടങ്ങല്‍: ക്രിമിനല്‍ കേസുകള്‍ പെരുകുന്നു

ക്രെഡിറ്റ് കാര്‍ഡ് കുടിശിക തീര്‍ക്കാത്തതിന്റെയും എക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയതിന്റെയും പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫയല്‍ ചെയ്തിട്ടുള്ളത് ആയിരക്കണക്കിന് ക്രിമിനല്‍ കേസുകള്‍. ഐപിഒയ്ക്കുവേണ്ടി ഈയിടെ പ്രസിദ്ധീകരിച്ച പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) രേഖയിലാണ് ഈ കണക്കുകള്‍ എസ്ബിഐ വ്യക്തമാക്കിയത്.
ആവശ്യത്തിന് പണമില്ലാതെ ചെക്ക് മടങ്ങുന്ന, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 പ്രകാരം 19,201 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എക്കൗണ്ടില്‍ പണമില്ലാതെ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ നടക്കാത്തതിനുള്ള 2007ലെ പെയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് നിയമം സെക്ഷന്‍ 25 പ്രകാരം 14,174 കേസുകളും. യഥാക്രമം 25.52 കോടിയും 72.6 കോടി രൂപയുമാണ് ഈ കേസുകള്‍ പ്രകാരം കമ്പനിക്ക് ലഭിക്കാനുള്ളത്. രണ്ടു വിഭാഗങ്ങളിലുമായി ശരാശരി ഒരു കേസിലെ തുക 13290 രൂപ, 51220 രൂപ വീതവും. എത്ര ചെറിയ തുകയായാലും തിരിച്ചടയ്ക്കാതിരുന്നാല്‍ ക്രിമിനല്‍ കേസായിരിക്കും ഫലം.
ഇത്തരം ചെറിയ കേസുകളില്‍ ഉള്‍പ്പെടാത്ത 26,757 കോടി രൂപയുടെ വലിയ കോര്‍പ്പറേറ്റ് തട്ടിപ്പുകളും ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ എസ്ബിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 10,725 കോടി രൂപയുടെ വന്‍ തട്ടിപ്പുകളാണ് 2019 സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുന്‍ വര്‍ഷമാകട്ടെ ഈ തുക 146 കോടി മാത്രമായിരുന്നു. 100 കോടിയിലേറെ രൂപ വരുന്ന തട്ടിപ്പു സംഭവങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 48 എണ്ണമാണ് അരങ്ങേറിയത്. 25 ആയിരുന്നു 2019 സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 2018 ല്‍ 8 മാത്രവും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline