ബാങ്കില്‍ നിന്ന് ഇനി വായ്പ നേടണോ? വേണം, ഈ എട്ട് കാര്യങ്ങള്‍

A bend in the road is not the end of the road unless you fail to make the turn.

ഹെലന്‍ കെല്ലറുടെ പ്രസിദ്ധമായ ഉദ്ധരണിയാണിത്. കോവിഡും അതിനെ തുടര്‍ന്ന് ഇതുവരെ കാണാത്ത പ്രതിസന്ധികളും അഭിമുഖീകരിക്കുമ്പോള്‍, ഈ പ്രസ്താവനയ്ക്ക്് ഇന്ന് ബിസിനസില്‍ പ്രസക്തിയേറെയാണ്. നിലവിലെ പ്രതിസന്ധികളെ അതിജീവിക്കണമെങ്കില്‍ ഏറ്റവും അനുയോജ്യമായ സമയത്ത് നിങ്ങള്‍ വളഞ്ഞ് സഞ്ചരിക്കുക തന്നെ വേണം.

റോഡിലൂടെ നാം വാഹനമോടിച്ചു പോകുമ്പോള്‍ ശ്രദ്ധിച്ചിട്ടില്ലേ. നിങ്ങളെ കാത്തിരിക്കുന്ന വളവുകളെ കുറിച്ച് സൂചന നിങ്ങള്‍ കണ്ടിരിക്കും. വാഹനം വളയ്ക്കാന്‍ നിങ്ങള്‍ സജ്ജരായിരിക്കുകയും ചെയ്യും.

ബിസിനസ് സംരംഭങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. സംരംഭങ്ങളുടെ പാതയില്‍ ശരിയായ സമയത്ത് നാം വളവെടുക്കണമെങ്കില്‍ അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടിരിക്കണം. വളഞ്ഞ് സഞ്ചരിക്കാനായി വഴക്കമുള്ള ഒരു രൂപഘടന ബിസിനസുണ്ടായിരിക്കുകയും വേണം.

പല സംരംഭകരും തങ്ങളുടെ ബിസിനസ് മേഖലയില്‍ വരാനിടയുള്ള മാറ്റങ്ങളെ കുറിച്ച് ബോധവാന്മാരിയിരിക്കും. പക്ഷേ ആ മാറ്റത്തിനനുസരിച്ച് പ്രസ്ഥാനത്തെ മാറ്റാന്‍ പലര്‍ക്കും സാധിക്കണമെന്നില്ല. സംരംഭത്തിന്റെ വഴക്കം, അതിന്റെ കോസ്റ്റ് സ്ട്രക്ചര്‍, മാറ്റങ്ങളോടുള്ള ജീവനക്കാരുടെ മനോഭാവം, വലിയൊരളവ് വരെ സംരംഭത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവയെല്ലാമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ഒരു സംരംഭകന്‍ പുതിയൊരു അവസരം കണ്ടെത്തിയാല്‍ അതിന് തീര്‍ച്ചയായും അധികമായി അടിസ്ഥാനസൗകര്യം വേണ്ടിവരും, മനുഷ്യവിഭവശേഷി വേണം, അസംസ്‌കൃത വസ്തുക്കളും മാര്‍ക്കറ്റിംഗും വേണം. ഇതിനെല്ലാം ഫണ്ട് അനിവാര്യമാണ്.

ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സംരംഭം പൂട്ടികിടന്നപ്പോള്‍ വരവ് ഒട്ടുമില്ലാതെയോ അല്ലെങ്കില്‍ നാമമാത്രമായ തോതിലുണ്ടെങ്കില്‍ പോലുമോ ചെലവുകള്‍ക്ക് വലിയ തോതില്‍ കുറവുണ്ടായിരിക്കണമെന്നില്ല. അതുപോലെ തന്നെ ഇപ്പോള്‍ വിപണിയിലുള്ള കടുത്ത ലിക്വിഡിറ്റി പ്രശ്‌നത്തിന്റെ മെച്ചം മുതലാക്കാനും സംരംഭകരുടെ കൈയില്‍ പണം വേണം. റൊക്കം പണം നല്‍കാന്‍ കൈയിലുണ്ടെങ്കില്‍ അസംസ്തൃത വസ്തുക്കള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ലഭിച്ചേക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ പണമാണ് രാജാവ് എന്ന ചൊല്ലിന് എത്രമാത്രം അര്‍ത്ഥവ്യാപ്തിയുണ്ടെന്ന് നോക്കൂ.

ചുരുക്കത്തില്‍ പറഞ്ഞാല്‍, ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ സംരംഭങ്ങളുടെ അതിജീവനം ഉറപ്പാക്കുന്ന ഘടകങ്ങള്‍ പലതാണ്. നിങ്ങളുടെ സംരംഭത്തിന്റെ വഴക്കം, നിങ്ങളുടെ ഫിനാന്‍സ് മാനേജ്‌മെന്റ്, അവശ്യഘട്ടത്തില്‍ അതിവേഗം ഫണ്ട് സമാഹരിക്കാനുള്ള ശേഷി എന്നിവയാണവ.

ഫണ്ടിന്റെ കാര്യം പറയല്ലേ...

ചെറുകിട ഇടത്തരം സംരംഭങ്ങളുടെ കാര്യത്തില്‍ ഫണ്ട് സമാഹരണം എന്നാല്‍ എപ്പോഴും ഏറെ വെല്ലുവിളിയുള്ള കാര്യമാണ്. പറയുകയാണെങ്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്എംഇകള്‍ക്കും ഫണ്ട് സമാഹരിക്കാന്‍ വഴികള്‍ പലതുണ്ട്. ക്രൗണ്ട് ഫണ്ടിംഗ് മുതല്‍ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് വരെയും വെഞ്ച്വര്‍ ക്യാപിറ്റലുകളും പ്രൈവറ്റ് ഇക്വിറ്റികളും സര്‍ക്കാര്‍ ധനസഹായവും വരെ മു്ന്നിലുണ്ട്.

എന്നാല്‍ ഭൂരിഭാഗം എംഎസ്എംഇകള്‍ക്കും ഇത്തരത്തിലുള്ള ഫണ്ടുകള്‍ നേടിയെടുക്കാന്‍ മാത്രമുള്ള സംഘടിതരൂപമില്ല. പല എംഎസ്ഇകളുടെയും പ്രവര്‍ത്തനരീതിയില്‍ സുതാര്യതയില്ല. മതിയായ സിസ്റ്റമില്ല. വളര്‍ച്ചയ്ക്കുള്ള സാധ്യതയില്ല. റിസ്‌ക് മാനേജ്‌മെന്റ് സംവിധാനവുമില്ല. ഇതൊക്കെയാണ് പുതുതലമുറ ഫണ്ടിംഗ് ഏജന്‍സികള്‍ നോക്കുന്നതും. യാഥാര്‍ത്ഥത്തില്‍ ബഹുഭൂരിപക്ഷം എംഎസ്എംഇകള്‍ക്കും ഫണ്ടിനുള്ള ആശ്രയം ബാങ്ക് വായ്പ മാത്രമാണ്.

നിലവിലെ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍, ഇത്തരത്തിലുള്ള അസ്ഥിര സാഹചര്യങ്ങളില്‍ ബാങ്കുകള്‍ എങ്ങനെയാകും പെരുമാറുകയെന്ന് എംഎസ്എംഇ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഇതോടൊപ്പം സ്വന്തം സംരംഭത്തിന്റെ കണക്കുകള്‍ അടക്കും ചിട്ടയും ഉള്ളതാക്കി വെയ്ക്കാനും സംരംഭകര്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ നിങ്ങളുടെ ഒരു വായ്പാ അപേക്ഷ ബാങ്കുകളുടെ കണ്ണില്‍ പരിഗണിക്കാന്‍ പറ്റുന്ന ഒന്നായി മാറുകയുള്ളൂ.

ബാങ്കുകള്‍ വായ്പ തരുമോ?

ഇതുതന്നെയാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ വായ്പാ വിതരണ സ്വഭാവത്തെ കുറിച്ച് മനസില്ലാക്കാന്‍ നിരവധി പഠനങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. ലണ്ടനിലെ ബിര്‍ക്ക്‌ബെക് സെന്റര്‍ ഫോര്‍ അപ്ലൈഡ് മാക്രോ ഇക്കണോമിക്‌സ് നടത്തിയ പഠനം, മൂന്ന് വസ്തുതകള്‍ വെളിവാക്കുന്നുണ്ട്.

1. ബാങ്കുകള്‍ പുതിയ വായ്പാ അപേക്ഷകള്‍ സ്വീകരിക്കുന്നത് കുറയ്ക്കും.

2. വായ്പ അപേക്ഷകള്‍ പ്രോസസ് ചെയ്ത് വായ്പ തുക വിതരണം ചെയ്യുന്നതിനുള്ള സമയം ഏറെ വര്‍ധിക്കും.

3. ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കിലുണ്ടാകുന്ന വ്യതിയാനത്തോട് ബാങ്കുകള്‍ വളരെ തണുപ്പന്‍ രീതിയിലാകും പ്രതികരിക്കുക.

ഇതുപോലെ ഒട്ടനവധി പഠനങ്ങള്‍ പല രാജ്യങ്ങളില്‍ നടന്നിട്ടുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിദേശങ്ങളിലേതില്‍ നി്ന്നും വ്യത്യസ്തമായിരിക്കാം. എന്നിരുന്നാലും ബാങ്കുകളെ കുറിച്ചുള്ള ആ വിശേഷമില്ലേ, ബാങ്കുകള്‍ നല്ല കാലാവസ്ഥയിലെ സുഹൃത്തുകളാണ്, എന്നത് ഇവിടെയും ശരിയാണ്.

കാലാവസ്ഥ അനുകൂലമായി നില്‍ക്കുമ്പോള്‍ കുട നല്‍കാന്‍ ഏറെ ബാങ്കുകളുണ്ടാകും എന്നാല്‍ മഴ പെയ്തു തുടങ്ങുമ്പോള്‍ കുടകളെല്ലാം അവര്‍ തിരികെ വാങ്ങി സംരംഭകനെ തനിച്ച് മഴയത്ത് നിര്‍ത്തും.

ബാങ്കുകളുടെ ഈ മനോഭാവത്തിന് അവരെ പഴിചാരാനും പറ്റില്ല. പൊതുപണത്തിന്റെ സൂക്ഷിപ്പുകാരാണ് അവര്‍. ബാങ്കുകളുടെ പ്രഥമ കടമ നിക്ഷേപം സുരക്ഷിതമാക്കി വെയ്ക്കുക എന്നതുമാണ്.

ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാന്‍ സംരംഭകര്‍ എന്തു ചെയ്യണം?

അപ്പോള്‍ ഈ ഘട്ടത്തില്‍ വായ്പ നേടുക എന്നത് ലളിതമായ കാര്യമല്ലെന്ന് വ്യക്തമായല്ലോ? പക്ഷേ ബാങ്കുകളുടെ സഹായമില്ലാതെ പലര്‍ക്കും ഒരടി മുന്നോട്ടുപോകാനാകുമാകില്ല. അപ്പോള്‍ സംരംഭകര്‍ എന്തു ചെയ്യണം? ബാങ്കുകള്‍ക്ക് വായ്പ നിഷേധിക്കാന്‍ പറ്റാത്ത വിധമുള്ള പ്രൊപ്പോസലാകണം സംരംഭകരുടേത്. അതിനായി അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ സംരംഭകര്‍ ശ്രദ്ധിച്ചേ മതിയാകു.

1. സുതാര്യത:

വക്കീലിനോടും ഡോക്ടറോടും കളവ് പറയരുതെന്നുണ്ട്്. നിങ്ങള്‍ വായ്പ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ പട്ടികയിലേക്ക് ബാങ്കിനെ കൂടി ഉള്‍പ്പെടുത്താനുള്ള സമയമാണിത്. വസ്തുതകള്‍ മറച്ചുവെയ്ക്കാന്‍ പറ്റുന്ന കാലം കഴിഞ്ഞുപോയി. ഇന്നിപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ ശരിയായ വിവരങ്ങള്‍ മുന്നില്‍ ലഭിക്കുന്ന കാലമാണ്. ബാങ്കുകള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം പോയാല്‍ വായ്പ ലഭിക്കാനുള്ള സാധ്യതയും വന്‍തോതില്‍ കുറയും.

കോവിഡ് മൂലം നിങ്ങള്‍ക്ക് ലിക്വിഡിറ്റി പ്രശ്‌നമുണ്ടെങ്കില്‍ അക്കാര്യം ബാങ്കിനെ കൃത്യമായി ധരിപ്പിക്കുക. ഒപ്പം നിങ്ങളുടെ ബിസിനസ് സാധാരണ നിലയിലാകാനുള്ള യാഥാര്‍ത്ഥ്യ ബോധ്യത്തോടെയുള്ള സമയപരിധിയും ബാങ്കിനെ അറിയിക്കുക.

കഴിഞ്ഞ വര്‍ഷം നിങ്ങള്‍ക്ക് നഷ്ടമുണ്ടായെങ്കില്‍ എന്തുകൊണ്ട് നഷ്ടം സംഭവിച്ചുവെന്നും അതില്‍ നിന്ന് ബിസിനസ് കരകയറ്റാന്‍ പോകുന്നതെങ്ങനെയെന്നും വ്യക്തമായി ബാങ്കിനെ അറിയിക്കുക. സംരംഭകര്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം എന്താണെന്നോ? വായ്പ ലഭിക്കാന്‍ വേണ്ടി യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കുറേ കാര്യങ്ങള്‍ പറയും. ഇത്തരത്തില്‍ അനുമാനിക്കുന്ന കണക്കുകളില്‍ നിന്ന് വളരെയേറെ താഴെയായിരുക്കും യഥാര്‍ത്ഥത്തിലുള്ള വിറ്റുവരവും കാഷ് ഫ്‌ളോയും.

നിങ്ങളുടെ ബിസിനസും കാഷ് ഫ്‌ളോയും പ്രതീക്ഷിച്ചതുപോലെ അല്ലായെങ്കില്‍ ബാങ്കുമായി ചര്‍ച്ച നടത്തുക. വസ്തുതകള്‍ക്ക് നിരക്കുന്ന യഥാര്‍ത്ഥത്തിലുള്ള എസ്റ്റിമേറ്റ് നല്‍കുക. എന്നിട്ട് വായ്പകള്‍ പുനഃക്രമീകരിക്കാന്‍ ശ്രമിക്കുക.

ഇനി നിങ്ങളുടെ ബിസിനസിന്റെ സാധ്യത തന്നെ മങ്ങിയെന്ന് കരുതുക. ബിസിനസ് ലാഭകരമല്ലാത്ത സ്ഥിതിയിലാണെങ്കില്‍ വായ്പ തീര്‍ക്കാനുള്ള മാര്‍ഗനിര്‍ദേശം ബാങ്കിനോട് തന്നെ ആരായുക. ബാങ്കിനെ നിങ്ങളുടെ ബിസിനസ് പങ്കാളിയെന്ന നിലയ്ക്ക് കരുതുക. ബിസിനസിലുണ്ടാകുന്ന ഓരോ പുരോഗതിയും ബാങ്കിനെ അപ്പപ്പോള്‍ ധരിപ്പിക്കുക. ഇത് ബാങ്കിന് ആത്മവിശ്വാസം പകരുന്നതാകും. ഒപ്പം അടിയന്തര ഘട്ടങ്ങൡ നിങ്ങളെ സഹായിക്കാന്‍ സന്നദ്ധരായെന്നുമിരിക്കും.

2. ക്രെഡിറ്റുകളുടെ കാര്യത്തില്‍ അച്ചടക്കം പുലര്‍ത്തുക:

നിങ്ങള്‍ ഒരു വായ്പാ അപേക്ഷയുമായി ബാങ്കിനെ സമീപിക്കുമ്പോള്‍, ആ വായ്പ അനുവദിക്കാനുള്ള നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാക്കുക. വായ്പ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വായ്പാ തുക ഉയര്‍ത്താനോ പുതിയ വായ്പ അനുവദിക്കാനോ ഉള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും.

ഏത് വിധേനയും വായ്പ നേടിയെടുക്കാനുള്ള തത്രപ്പാടില്‍ നിബന്ധനകള്‍ പലരും വായിച്ചുനോക്കാറുപോലുമില്ല. അതു പാടില്ല. വായ്പ അനുവദിക്കുമ്പോഴുള്ള നിബന്ധനകള്‍ കൃത്യമായി നോക്കുക. എന്തെങ്കിലും നിങ്ങള്‍ക്ക് പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ അക്കാര്യം ബാങ്കിനെ ധരിപ്പിച്ച് മാറ്റങ്ങള്‍ വരുത്തുക.

എല്ലാ ട്രാന്‍സാക്ഷനും എക്കൗണ്ട് വഴിയാക്കുക, ഇന്‍ഷുറന്‍സ്, കൃത്യമായ ഇടവേളകളില്‍ സ്റ്റോക്ക്, ഡെബ്‌റ്റേഴ്‌സ് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുക, ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, ഫണ്ടിന്റെ വിനിയോഗം തുടങ്ങിയവയെല്ലാം കൃത്യമായി പാലിച്ചിരിക്കണം.

കോടികള്‍ വിറ്റുവരവ് കാണിക്കുകയും യഥാര്‍ത്ഥത്തില്‍ വെറും ലക്ഷങ്ങള്‍ മാത്രമാണെങ്കില്‍ നിങ്ങളുടെ ബാങ്ക് നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കരുത്. വായ്പാ നിബന്ധനകള്‍ പാലിക്കുന്നത് ബാങ്കില്‍ നിന്ന് തുടര്‍ന്നും പിന്തുണ ലഭിക്കുമെന്ന് ഉറപ്പാക്കുന്ന ഘടകമല്ല. പക്ഷേ പാലിക്കാതിരുന്നാല്‍ പിന്നീട് കൂടുതല്‍ വായ്പ നേടാനുള്ള ശ്രമങ്ങളെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.

3. എക്കൗണ്ടിന്റെ സാമ്പത്തിക ആരോഗ്യം:

ഒരു എക്കൗണ്ടിന്റെ സാമ്പത്തിക ആരോഗ്യം ശരിയായി പ്രതിഫലിക്കുന്നത് പ്രോഫിറ്റ് ആന്‍ഡ് ലോസ് എക്കൗണ്ടിലും ബാലന്‍സ് ഷീറ്റിലുമാണ്. ബാങ്കുകള്‍ കൃത്യമായി പരിശോധിക്കുന്ന കണക്കുകളെയും ഫിനാന്‍ഷ്യല്‍ റേഷ്യോകളെയും കുറിച്ച് സാമാന്യ വിവരം സംരംഭകനുണ്ടായിരിക്കണം. ഇത്തരം കണക്കുകളില്‍ വ്യതിയാനങ്ങള്‍ വന്നാല്‍ ബാങ്കിന് കൃത്യവും വസ്തുനിഷ്ഠവുമായി വിശദീകരണം നല്‍കാനും സംരംഭകന് സാധിക്കണം. ചെക്ക് മടങ്ങല്‍, പലിശയും വായ്പാ തവണയും തിരിച്ചടയ്ക്കുന്ന രീതി, എക്കൗണ്ട് തുകയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ തുടങ്ങിയവയെല്ലാം സാമ്പത്തിക ആരോഗ്യം വിലയിരുത്തുന്നതിനുള്ള ഘടകങ്ങള്‍ ആവാറുണ്ട്.

4. ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് റേറ്റിംഗും:

വ്യക്തികള്‍ക്കുള്ള ക്രെഡിറ്റ് സ്‌കോറിലും സംരംഭങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗിലും പല ബാങ്കുകളും ഒരു എന്‍ട്രി ലെവല്‍ നിശ്ചയിച്ചിട്ടുണ്ടാകും. മികച്ച ക്രെഡിറ്റ് സ്‌കോറും /റേറ്റിംഗും കുറഞ്ഞ റിസ്‌കാണെന്ന സൂചന നല്‍കുമ്പോള്‍ കുറഞ്ഞ സ്‌കോറുകള്‍ ഉയര്‍ന്ന റിസ്‌കിനെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ റിസ്‌കേറെയുള്ള വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കും. വായ്പയുടെ ചെലവും റേറ്റിംഗുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. കോവിഡിന് ശേഷമുള്ള കാലം അതിന് മുമ്പുള്ള കാലത്തിന്റെ ഒരു തുടര്‍ച്ചയായിരിക്കില്ല.

കഴിഞ്ഞകാല പ്രകടനം എസ് എം ഇകളുടെ റേറ്റിംഗിനായി ബാങ്കുകള്‍ ആശ്രയിച്ചെന്നിരിക്കില്ല. കോവിഡ് കാലത്തിനു ശേഷമുള്ള ഡാറ്റകളും ഓരോ മേഖലയുടെയും സാധ്യതകളും വിശകലനം ചെയ്തുകൊണ്ടുള്ള പുതിയ റേറ്റിംഗ് മോഡലുകള്‍ ബാങ്കുകള്‍ അധികം വൈകാതെ അവതരിപ്പിച്ചെന്നിരിക്കും.

ബാങ്കുകള്‍ പിന്തുടരുന്ന റേറ്റിംഗ് മെക്കാനിസമെന്തെന്ന് സംരംഭകര്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ബാങ്കുകള്‍ക്ക് സ്വീകാര്യമായ തലത്തില്‍ റേറ്റിംഗ് നിലനിര്‍ത്തുകയും വേണം.

5. ഓപ്പണ്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറുക:

ബാങ്കിംഗ് , ഫിനാന്‍ഷ്യല്‍ ഡാറ്റ, സംരംഭകനും ബാങ്കിനും പുറമേ ഒരു മൂന്നാംകക്ഷിക്ക് യഥാവിധി ലഭിക്കാനുള്ള അനുമതി നല്‍കലാണ് ഓപ്പണ്‍ ബാങ്കിംഗ് സംവിധാനം. ഓപ്പണ്‍ ബാങ്കിംഗ് സംവിധാനം വഴി ലഭിക്കുന്ന ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ ഡാറ്റ അടിസ്ഥാനമാക്കി, ആ ബാങ്ക് എക്കൗണ്ടിന്റെ ഗതിവിഗതികള്‍ വിശകലനം ചെയ്യാനാകും. വരും കാലങ്ങൡ ബാങ്കുകള്‍ ഈ ഡാറ്റയെയാകും ഗൗരവമായി പരിഗണിക്കുക. അതുകൊണ്ട് വായ്പ വാങ്ങുന്നവര്‍ തങ്ങളുടെ എല്ലാ ട്രാന്‍സാക്ഷനും ബാങ്ക് വഴിയാക്കാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ നല്ലൊരു ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി ഉണ്ടാക്കാന്‍ പറ്റൂ.

6. കാഷ് ഫ്‌ളോ അധിഷ്ഠിത ലെന്‍ഡിംഗ് രീതിയിലേക്ക് മാറുക:

സാമ്പത്തിക പ്രതിസന്ധികളുടെ കാലത്ത് ബാങ്കുകള്‍ കൊളാറ്ററല്‍ അധിഷ്ഠിത വായ്പ രീതികളില്‍ നിന്ന് കാഷ് ഫ്‌ളോ അധിഷ്ഠിത വായ്പാക്രമത്തിലേക്ക് ചുവടുമാറ്റും. എന്തെങ്കിലും ഈടായി നല്‍കി വായ്പ എടുക്കുമ്പോള്‍, ആ ഈടിന്റെ മൂല്യമാണ് വായ്പാ തുകയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്ന്. പക്ഷേ ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ കുത്തനെ താഴേയ്ക്ക് പോവുകയാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഈ ഈടുകള്‍ ജ്പ്തി ചെയ്ത് വായ്പാ തുക തിരിച്ചുപിടിക്കുക എന്നത് കടമ്പകളേറെയുള്ള കാര്യമാണ്. അതുകൊണ്ട് ബാങ്കുകള്‍ ഇപ്പോള്‍ ബിസിനസിന്റെ ലാഭക്ഷമതയും കാഷ് ഫ്‌ളോയും വായ്പാ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള മാനദണ്ഡമാക്കാനാണ് സാധ്യത.

7. ക്രെഡിറ്റ് റേറ്റിംഗിനായി ശ്രമിക്കുക:

എസ് എം ഇകള്‍ പുറത്തുനിന്നുള്ള മറ്റൊരു ഏജന്‍സിയുടെ ക്രെഡിറ്റ് റേറ്റിംഗ് സ്വന്തമാക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ നല്ല രീതിയില്‍ ലഭിക്കാനിടയാക്കും. സുതാര്യത കൂട്ടും. സമയദൈര്‍ഘ്യം കുറയ്ക്കും. ട്രാന്‍സാക്ഷന്‍ ചെലവും കുറയും. മാത്രമല്ല നിങ്ങളുടെ വിശ്വാസ്യത വര്‍ധിക്കാനും ഇത് ഉപകരിക്കും.

8. സ്ട്രക്‌ചേര്‍ഡ് ഫിനാന്‍സിംഗ് രീതി സ്വീകരിക്കുക:

കാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം എന്നിവയിലൂടെ വിതരണം ചെയ്യുന്ന ഫണ്ടിന്റെ വിനിയോഗം നിരീക്ഷിക്കുക എന്നത് ബാങ്കുകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഇന്‍വോയ്‌സ് ഫിനാന്‍സിംഗ്, ബില്‍ ഡിസ്‌കൗണ്ടിംഗ് തുടങ്ങിയ സ്ട്രക്‌ചേര്‍ഡ് ഫിനാന്‍സിംഗ് മാര്‍ഗങ്ങള്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ആശ്വാസമേകുന്നവയാണ്. ഫണ്ടിന്റെ വിനിയോഗം കൂടുതല്‍ കാര്യക്ഷമതയോടെ ഇതിലൂടെ നിരീക്ഷിക്കാന്‍ പറ്റും.

(യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് ലേഖകന്‍: ഫോണ്‍: 75588 91177, ഇ മെയ്ല്‍: Jizpk@yescalator.com)

Related Articles

Next Story

Videos

Share it