വളര്‍ച്ചാ നിരക്ക് 5 % മാത്രം ; 1 % കുറച്ച് ലോക ബാങ്ക്

അടുത്ത സാമ്പത്തിക വര്‍ഷം 5.8 % ആകുമെന്നും പ്രവചനം

2019-2020 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരിക്കുമെന്ന പുതിയ പ്രവചനവുമായി ലോക ബാങ്ക്. 6 ശതമാനം വളര്‍ച്ചാ നിരക്കുണ്ടാകുമെന്നാണു നേരത്തെ കണക്കാക്കിയിരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 5.8 ശതമാനമായി ഉയരുമെന്ന നിഗമനവും പുറത്തുവിട്ടു.

റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പും പ്രതീക്ഷിക്കുന്ന 2019-20 ലെ വളര്‍ച്ചാ നിരക്കും 5 ശതമാനം തന്നെ. ഇത് 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ബാങ്കിംഗ് ഇതര മേഖലയിലെ കടുത്ത വായ്പാ സാഹചര്യങ്ങള്‍ രാജ്യത്തെ ആഭ്യന്തര ആവശ്യം ഗണ്യമായി ദുര്‍ബലപ്പെടുത്തുന്നതിന് കാരണമാകുന്നതായി ഇന്ത്യ വിഭാഗം റിപ്പോര്‍ട്ടില്‍ ലോക ബാങ്ക് വ്യക്തമാക്കി.

സാമ്പത്തികശാസ്ത്രജ്ഞരെല്ലാം രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചിരുന്നു. ഉപഭോഗത്തിലുണ്ടാവുന്ന കുറവും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളുമാണ് ജി.ഡി.പി കുറയാന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് കുറഞ്ഞതോടെയാണ് ഇതുസംബന്ധിച്ച് നേരത്തെ നടത്തിയ പ്രവചനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്. രണ്ടാംപാദത്തില്‍ 4.5 ശതമാനം മാത്രമായിരുന്നു ജി.ഡി.പി വളര്‍ച്ചാ നിരക്ക്. 2013 മാര്‍ച്ച് 31 ന് ശേഷം ആദ്യമായാണ് ജി.ഡി.പി വളര്‍ച്ച ഇത്രയും താഴ്ന്നത്.

സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ വരും അടുത്ത മാസം അവതിപ്പിക്കുന്ന പൊതുബജറ്റില്‍ പുതിയ അതിജീവന പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. വ്യക്തിഗത നികുതി നിരക്കില്‍ ഇളവ് വരുത്തുകയും പൊതുചെലവ് കൂട്ടിയും വിപണിയില്‍ പണമെത്തിക്കാനുള്ള പദ്ധതികളാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ അടുത്തിടെ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു.

ബംഗ്ലാദേശിന്റെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്നും 2020 ല്‍ പാക്കിസ്ഥാനില്‍ വളര്‍ച്ച മൂന്ന് ശതമാനമോ അതില്‍ കുറവോ ആയിരിക്കുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. നിക്ഷേപവും വ്യാപാരവും കഴിഞ്ഞ വര്‍ഷത്തെ ബലഹീനതയില്‍ നിന്ന് ക്രമേണ കരകയറുന്നതിനാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച 2020 ല്‍ 2.5 ശതമാനമായി ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. എന്നാല്‍ അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ലോക ബാങ്ക് വ്യക്തമാക്കി.

യു എസിന്റെ വളര്‍ച്ച ഈ വര്‍ഷം 1.8 ശതമാനമായി കുറയുമെന്നാണ് ഇപ്പോഴത്തെ കണക്ക്. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായതിനെത്തുടര്‍ന്ന് യൂറോ പ്രദേശത്തിന്റെ വളര്‍ച്ച 2020 ല്‍ ഒരു ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മിക്ക രാജ്യങ്ങളിലും ദാരിദ്ര്യ ലഘൂകരണത്തിന് അത്യന്താപേക്ഷിതവും വളര്‍ച്ചയ്ക്ക് സഹായകവുമായ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് ലോക ബാങ്ക് ഗ്രൂപ്പ് ഇക്വിറ്റബിള്‍ ഗ്രോത്ത് വൈസ് പ്രസിഡന്റ് സെയില പസാര്‍ബാസിയോഗ്ലു പറഞ്ഞു.ഉല്‍പ്പാദന രംഗത്തെ തളര്‍ച്ച കാരണം വികസിത സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ച 2020 ല്‍ 1.4 ശതമാനമായി കുറയുമെന്നാണു ലോക ബാങ്ക് കണക്കാക്കുന്നത്. അതേസമയം, വളര്‍ന്നുവരുന്ന വിപണികളിലെയും വികസ്വര സമ്പദ്വ്യവസ്ഥയിലെയും വളര്‍ച്ച ഈ വര്‍ഷം 4.1 ശതമാനമായി ഉയരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it